പ്രതിരോധാത്മക ഫുട്ബോളിനെ സുന്ദരമായി അവതരിപ്പിക്കുന്നവരാണ് യുവന്റസുകാര്‍. ഇരുപാദങ്ങളില്‍ കളിച്ചിട്ടും ലോകത്തെ പേരുകേട്ട മുന്നേറ്റത്രയം ഒറ്റഗോള്‍പോലും നേടാന്‍ കഴിയാതെ തലകുനിക്കുമ്പോള്‍ ഇറ്റാലിയന്‍ ടീമിന്റെ പ്രതിരോധഭിത്തിക്ക് കനം കൂടുന്നു.

മൂന്ന് ഗോളിന്റെ ലീഡുമായി കളിക്കാനിറങ്ങുമ്പോള്‍ യുവന്റസിന്റെ നയം അമിതപ്രതിരോധമാകുമെന്ന് ഉറപ്പായിരുന്നു. ഇതിനെ മറികടക്കാന്‍ ബാഴ്സലോണ പരിശീലകന്‍ ലൂയി ഹെന്റീക്കെ എന്ത് തന്ത്രം ആവിഷ്‌കരിക്കുമെന്നാണ് അറിയേണ്ടിയിരുന്നത്. 4-3-3 ശൈലിയില്‍ ബാഴ്സയും 4-5-1 ശൈലിയില്‍ യുവന്റസും ടീമിനെ വിന്യസിച്ചെങ്കിലും ഇരുടീമുകളും കളിച്ചത് പരമ്പരാഗത 4-4-2 ശൈലിയിലായിരുന്നു. ബാഴ്സ ആക്രമണത്തിന് പ്രധാന്യം നല്‍കുന്ന ഡയമണ്ട് രീതിയിലും യുവന്റസ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ഫ്ളാറ്റ് രീതിയിലുമാണ് കളിച്ചത്.

വ്യക്തിഗത മികവില്‍ മിടുക്കരായ മെസ്സി-സുവാരസ്-നെയ്മര്‍ ത്രയത്തെ പൂട്ടാന്‍ ബ്ലോക്ക് ഡിഫന്‍സ് (കൂട്ടം ചേര്‍ന്നുള്ള പ്രതിരോധം) തന്ത്രമാണ് യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അലെഗ്രി പുറത്തെടുത്തത്. അര്‍ധവൃത്താകൃതിയില്‍ നിരന്ന ഒരുകൂട്ടം കളിക്കാര്‍ ബാഴ്സ മുന്നേറ്റത്തെ വിടാതെ പിന്തുടര്‍ന്നു. മിഡില്‍ തേര്‍ഡിലാണ് (മൈതാനത്തെ മൂന്നായി വിഭജിക്കുമ്പോള്‍ മധ്യഭാഗം) ഇറ്റാലിയന്‍ ടീം പ്രതിരോധം ഉറപ്പിച്ചത്. അതിനൊരു കാരണവുമുണ്ട്. 

പതിവിന് വിപരീതമായി മെസ്സി സുവരാസിന് തൊട്ടു താഴെ രണ്ടാം സ്ട്രൈക്കറുടെ റോളിലാണ് കളിച്ചത്. ഇതോടെ മധ്യഭാഗത്തുകൂടി ആക്രമണം ശക്തിപ്പെടുമെന്നുകണ്ടാണ് അലെഗ്രി മിഡില്‍ തേര്‍ഡ് തന്ത്രം പുറത്തെടുത്തത്. പ്രതിരോധത്തില്‍ ജോര്‍ജിയോ കില്ലിനി, ലിയനാര്‍ഡോ ബന്നുച്ചി, ഡാനി ആല്‍വ്സ്, അലക്സ് സാന്‍ഡ്രോ എന്നിവര്‍ക്കൊപ്പം വലതു വിങ്ങില്‍ ഗ്വാര്‍ഡാഡോയും ഇടതുവിങ്ങില്‍ മരിയോ മാന്‍സൂക്കിച്ചും പ്രതിരോധിക്കാന്‍ അണിചേര്‍ന്നു. 

മറുവശത്ത് ഹെന്റീക്കെയുടെ ഗെയിംപ്ലാന്‍ കൃത്യമായിരുന്നു. യുവന്റസ് ബ്ലോക്ക് ഡിഫന്‍സിലേക്ക് പോകുമെന്ന് ഉറപ്പുള്ളതിനാലാണ് മെസ്സിയെ സപ്പോര്‍ട്ടിങ് സ്ട്രൈക്കറുടെ റോളിലേക്ക് കൊണ്ടുവന്നത്. എതിര്‍ ടീമിന്റെ പ്രതിരോധക്കൂട്ടം ഇരുഭാഗത്തേക്കും നീങ്ങി പ്രതിരോധിക്കുമ്പോള്‍ പന്തുമായി കടന്നുകയറാനും പ്രതിരോധം പിളര്‍ക്കുന്ന രീതിയില്‍ പന്ത് വിതരണം ചെയ്യാനും കഴിവുള്ള താരം മധ്യനിരയ്ക്കും സ്ട്രൈക്കര്‍ക്കുമിടയില്‍ വേണം. ഈ റോളിലേക്കാണ് മെസ്സിയെ നിയോഗിച്ചത്. വലതുവിങ്ങില്‍ ബാഴ്സ റാക്കിട്ടിച്ചിനെ കളിപ്പിച്ചു.

ഫ്ളാറ്റ് രീതിയില്‍ കളിക്കുന്ന ടീമിന് മുന്നേറ്റത്തിനും മധ്യനിരയ്ക്കുമിടയിലും മധ്യനിരയ്ക്കും പ്രതിരോധത്തിനുമിടയിലും സ്പേസ് (ഇടം) ഉണ്ടാകും. ഈ സാധ്യത ഉപയോഗപ്പെടുത്താനുള്ള ജോലി മെസ്സിയെയും ബുസ്‌കെറ്റ്സിനെയും ഏല്‍പ്പിച്ചു. മിഡില്‍ തേര്‍ഡില്‍ യുവന്റസ് പ്രതിരോധം ഉറപ്പിച്ചതോടെ വിങ്ങുകളില്‍കൂടി കയറി ആക്രമിക്കാനുള്ള സ്പേസ് കണ്ടെത്താന്‍ കഴിയാതെ പോയതും ബാഴ്സയ്ക്ക് തിരിച്ചടിയായി. മികച്ച വിങ്ബാക്കുകളുടെ അഭാവമാണ് ഇതിന് കാരണം.