അരിസോ: അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ കൗമാരതാരങ്ങള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ഇറ്റലിയെ തോല്‍പിച്ചത്. 

ഇറ്റലിയിലെ അരിസോയില്‍ വച്ചു നടന്ന സൗഹൃദമത്സരത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇന്ത്യന്‍ ടീമിന്റെ യൂറോപ്യന്‍ പര്യാടനത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരം. 

ഇന്ത്യയ്ക്കായി അഭിജിത്ത് സര്‍ക്കാര്‍ (31-ാം മിനിറ്റ്), മലയാളി താരം രാഹുല്‍ പ്രവീണ്‍ (80-ാം മിനിറ്റ്) എന്നിവര്‍ ഗോളുകള്‍ നേടി. 

മത്സരത്തിലുടനീളം ഇറ്റാലിയന്‍ ടീമിന് മേല്‍ ആധിപത്യം സ്ഥാപിച്ച ഇന്ത്യയുടെ യുവനിര ഇറ്റാലിയന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചു വിട്ടു. 

ഗോള്‍ എന്നുറപ്പിച്ച നിരവധി ഷോട്ടുകള്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി പോയെങ്കിലും പലതും വിഫലമായി പോകുകയായിരുന്നു. 

രണ്ട് ദിവസം മുന്‍പ് നടന്ന മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ എഫ്.സി സെന്റ് ല്യൂവിനെ 1-1 ന് ഇന്ത്യ സമനിലയില്‍ തളച്ചിരുന്നു.