ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സനലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. വെസ്റ്റ് ബ്രോംവിച്ചാണ് പീരങ്കിപ്പടയെ തോല്‍പ്പിച്ചത് (3-1). തോല്‍വിയോടെ ലീഗില്‍ ടീമിന്റെയും പരിശീലകന്‍ ആഴ്സന്‍ വെങ്ങറുടെയും നില പരുങ്ങലിലായി.

വെസ്റ്റ് ബ്രോംവിച്ചിനായി ക്രെയ്ഗ് ഡോസന്‍ ഇരട്ടഗോള്‍ (12,75) നേടി. ഒരുഗോള്‍ റോബ്സന്‍ കാനുവിന്റെ (55) വകയായിരുന്നു. ആഴ്സനലിന്റെ ഗോള്‍ അലക്സിസ് സാഞ്ചസ് (15) നേടി. തോല്‍വി ആഴ്സനലിന്റെ ചാമ്പ്യന്‍സ് ലീഗ് സാധ്യതകള്‍ക്കാണ് പ്രഹരമായത്. 27 കളിയില്‍നിന്ന് 50 പോയന്റുള്ള ടീം അഞ്ചാം സ്ഥാനത്താണ്.

ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു പോയന്റുമാത്രം പിന്നിലാണ്. ലീഗില്‍ കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ നാലിലും തോറ്റതും ചാമ്പ്യന്‍സ് ലീഗില്‍ ബയറണ്‍ മ്യൂണിക്കിനോട് പ്രീക്വാര്‍ട്ടറില്‍ വന്‍മാര്‍ജിനില്‍ കീഴടങ്ങിയതും പരിശീലകന്‍ വെങ്ങറുടെ കസേരയിളക്കിയിട്ടുണ്ട്.

പന്ത് കൈവശംവെച്ചുള്ള കളിയില്‍ ആഴ്സനലിന് കനത്ത ആധിപത്യമായിരുന്നു. 73 ശതമാനമാണ് ടീമിന്റെ നിയന്ത്രണം. എന്നാല്‍ അവസരം സൃഷ്ടിക്കുന്നതിലും ലഭിച്ച അവസരം മുതലാക്കുന്നതിലും ടീമിന് അമ്പേ പിഴച്ചു. വെസ്റ്റ് ബ്രോംവിച്ച് തൊടുത്ത 12 ഷോട്ടുകളില്‍ എട്ടെണ്ണം പോസ്റ്റിലേക്ക് പോയപ്പോള്‍ ആഴ്സനലിന്റെ 10 ഷോട്ടുകളില്‍ രണ്ടെണ്ണംമാത്രമാണ് ലക്ഷ്യവേധിയായത്.

12-ാം മിനിറ്റില്‍തന്നെ ഡോസന്‍ വെസ്റ്റ്ഹാമിനെ മുന്നിലെത്തിച്ചു. ചാഡ്‌ലിയുടെ കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ മൂന്ന് മിനിറ്റിനകം സാഞ്ചസ് മറുപടി നല്‍കിയപ്പോള്‍ ആഴ്സനല്‍ ആരാധകര്‍ ആശ്വാസംപൂണ്ടു. 37-ാം മിനിറ്റില്‍ പരിക്കേറ്റ് ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് മടങ്ങിയത് ആഴ്സനലിനെ ബാധിച്ചു.

56-ാംമിനിറ്റില്‍ മക് ക്ലീന്റെ ഹെഡര്‍ ഒഴിവാക്കുന്നതില്‍ പകരക്കാരന്‍ ഗോളി ഡേവിഡ് ഒസ്പിന വിജയിക്കാതിരുന്നതോടെ കാനു പന്ത് തട്ടി വലയിലിട്ടു. 75-ാംമിനിറ്റില്‍ ആഴ്സനലിന്റെ തോല്‍വിയില്‍ മുളക് പുരട്ടി ഡോസന്‍ ടീമിന്റെ മൂന്നാം ഗോള്‍നേടി.

അതേസമയം ഒന്നാം സ്ഥാനത്തുള്ള ചെല്‍സി സ്‌റ്റോക്ക് സിറ്റിയെ മറികടന്നു. വില്ല്യനും ഗാരി കാഹിലുമാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. പെനാല്‍റ്റിയില്‍ നിന്ന് ജോനാഥാന്‍ വാള്‍ട്ടറാണ് സ്‌റ്റോക്കിന്റെ ഗോള്‍ കണ്ടെത്തിയത്. അതേ സമയം 28 കളിയില്‍ നിന്ന് 69 പോയിന്റുള്ള ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുന്നു.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ജയത്തോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. കരീം ബെന്‍സമ, കാസെമിറോ എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു. ബില്‍ബാവോയുടെ ഗോള്‍ അരിറ്റ്‌സ് അഡുറിസ് നേടി. ജയത്തോടെ റയലിന് 27 കളിയില്‍ നിന്ന് 65 പോയിന്റായി. ഇത്രയും കളിയില്‍ നിന്ന് 60 പോയിന്റുള്ള ബാഴ്‌സലോണയാണ് രണ്ടാമത്.