സാന്റിയാഗോ ബെര്‍ണാബ്യു: കരുത്തരായ ബയറണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ഫുടബോളിന്റെ സെമിയിലെത്തിയ റയലിന്റെ വിജയത്തിന് മങ്ങല്‍. റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ് റയലിന്റെ വിജയത്തിന്റെ മാറ്റു കുറച്ചത്. തോല്‍വിയുടെയും റഫറിയിങ്ങിലെ പിഴവുകളുടെയും നിരാശ മറച്ചുവെക്കാതെ ബയറണ്‍ വിങ്ങര്‍ ആര്യന്‍ റോബനും പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയും രംഗത്തെത്തി. 

റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ് തങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നതെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ മത്സരഫലത്തില്‍ നിര്‍ണായകമാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും റോബന്‍ വ്യക്തമാക്കി. റഫറിയുടെ പ്രകടനം ബയറണിന്റെ പ്രകടനത്തേക്കാള്‍ മോശമായിരുന്നുവെന്ന് ആഞ്ചലോട്ടിയും കുറ്റപ്പെടുത്തി. 

'അതെ, ഞങ്ങള്‍ മാഡ്രിഡില്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഇതൊരു നാണക്കേടാണ്. ലോകത്തെ മികച്ച ടീമുകള്‍  മത്സരിക്കുന്നതു കാണാനാണ് ആരാധകര്‍ കാത്തിരുന്നത്.  എന്നാല്‍ റഫറിയുടെ തീരുമാനങ്ങള്‍ മത്സരത്തെ മാറ്റിമറിച്ചു. റഫറിമാരെപ്പറ്റി സംസാരിക്കാന്‍ ഞാനാളല്ല. എങ്കിലും തെറ്റുകള്‍ വരുത്തുമ്പോള്‍ നാം തിരുത്തണം. ഇവിടെ ഒരു തെറ്റല്ല സംഭവിച്ചത്.' റോബന്‍ ചൂണ്ടിക്കാട്ടി.

ഫുട്ബോളില്‍ റഫറിക്ക് തെറ്റു പറ്റാറുണ്ടെങ്കിലും ഇത്ര ഗുരുതരമായ വീഴ്ച്ച ഉണ്ടാകാറില്ലെന്ന് ബയറണ്‍ കോച്ച് ആഞ്ചലോട്ടി പറഞ്ഞു. 'ഞങ്ങളുടേതിനേക്കാള്‍ മോശമായിരുന്നു റഫറിയുടെ പ്രകടനം. എല്ലാ കാര്യങ്ങളും ചിന്തിച്ചാണ് ഞങ്ങള്‍ കളിക്കാനിറങ്ങിയത്. റഫറിയുടെ കാര്യം മാത്രം മുന്‍കൂട്ടിക്കണ്ടില്ല. വളരെ ദയനീയം.' റയല്‍ മാഡ്രിഡ് റഫറിയെ സ്വാധീനിച്ചു എന്ന് കരുതുന്നില്ലെന്നും വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ആഞ്ചലോട്ടി പറഞ്ഞു.