ഐ.പി.എല്ലിലെ കോഴവിവാദത്തിന്റെ പേരില്‍ ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെട്ട ശാന്തകുമാരന്‍ ശ്രീശാന്തിനെ സ്‌കോട്ടിഷ് ലീഗില്‍ പോലും കളിക്കാന്‍ അനുവദിക്കേണ്ടെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം അതിശയകരമാണ്. 2013-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ശ്രീശാന്തും മറ്റു രണ്ടു കളിക്കാരും ഒത്തു കളിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്യുകയും തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നായിരുന്നു ശ്രീശാന്തിനെ വിലക്കിയിരുന്നത്. സംഭവുമായി ബന്ധപ്പെട്ട കേസില്‍ 2015 ജൂലായില്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എന്നാല്‍ ഡല്‍ഹി പോലീസ് അതിനെതിരെ അപ്പീല്‍ പോവുകയും ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് ഒരുതരം വാശിയോടെ തടഞ്ഞുവെക്കുകയും ചെയ്യുകയായിരുന്നു.

ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള കഠിനമായ ആഗ്രഹത്തിന്റെ ഭാഗമായാണ് ഡല്‍ഹി പോലീസിന്റേയും ബി.സി.സി.ഐയുടേയും ഈ നടപടിയെന്ന് വിശ്വസിക്കാന്‍ തത്കാലം ബുദ്ധിമൂട്ടുണ്ട്. ശ്രീ ഒത്തുകളിച്ചെന്ന് ആരോപിക്കപ്പെട്ടത് ഐ.പി.എല്ലില്‍ മാത്രമാണ്. ഒരു സ്വകാര്യ കോര്‍പ്പറേറ്റ് സംവിധാനമായ ഐ.പി.എല്ലില്‍ ആരോപിക്കപ്പെട്ട ഒത്തുകളി, രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട ഒത്തുകളിയേക്കാള്‍ കഠിനമായ കുറ്റമാണോ? എന്നാല്‍ ബി.സി.സി.ഐ വിചിത്രമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, നവജ്യോത് സിങ് സിദ്ദു, നയന്‍ മോംഗിയ, കപില്‍ദേവ്, മനോജ് പ്രഭാകര്‍ തുടങ്ങി കുറ്റം ആരോപിക്കപ്പെട്ട ആര്‍ക്കെതിരെയും ഇത്ര കര്‍ശനമായ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇവരാരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ കീഴ്‌ക്കോടതിയില്‍നിന്ന് സമ്പാദിച്ച വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. സിധുവും അജയ് ജഡേജയും ബി.സി.സി.ഐ.യുടെ മൗനാനുവാദത്തോടെ ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള മാച്ചുകള്‍ക്ക് കമന്ററി പറയുന്നു. കപില്‍ദേവും ഇപ്പോള്‍ ബി.സി.സി.ഐയുടെ ഗുഡ്ബുക്കിലെത്തി. ഇത് വിവേചനമല്ലേ, ഇന്ത്യയിലോ വിദേശത്തോ ശ്രീ ഇനി ക്രിക്കറ്റ് കളിക്കരുതെന്ന് ആരാണ് തീവ്രമായി ആഗ്രഹിക്കുന്നത്?

sreesanth

മറ്റൊരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. ഐ.പി.എല്ലിലെ ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി ഒത്തുകളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിര്‍ദ്ദേശത്തോടെ ഏതാനും കളിക്കാരുടെ പേരുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ പേരുകള്‍ പരസ്യപ്പെടുത്തരുതെന്നാണ് അന്ന് ബി.സി.സി.ഐ വാദിച്ചത്. ആ കവറില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പല പ്രമുഖരുടേയും പേരുകള്‍ ഉണ്ടായിരുന്നുവെന്ന് അന്നേ വ്യക്തമാക്കപ്പെട്ടതാണ്. സംശയത്തിന്റെ നിഴലിലുള്ള അവരെയെല്ലാം സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് വന്ന ബി.സി.സി.ഐ ശ്രീശാന്തിന്റെ കാര്യത്തില്‍ മാത്രം മറിച്ച് നിലപാടെടുത്തു. കാരണം വ്യക്തമാണ് മറ്റുകളിക്കാര്‍ക്ക് വേണ്ടി അവരുടെ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളും അവരെ സ്‌പോണ്‍സര്‍ ചെയ്യുന്ന കോര്‍പ്പറേറ്റുകളും ശക്തമായ ലോബീയിങ് നടത്തി. ശ്രീക്ക് ആരുമില്ലാതെ പോയി. മലയാളിയായതു കൊണ്ടുള്ള ദുരന്തം എന്നു തന്നെ പറയേണ്ടി വരും.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിന്നു തന്നെ ശ്രീയുടെ പേര് മായ്ച്ചുകളയാനുള്ള ശ്രമവും നടന്നു. ശ്രീയുടെ കൂടി പങ്കാളിത്വത്തില്‍ ഇന്ത്യ നേടിയ വിജയങ്ങള്‍ പിന്നീട് പ്രമുഖ സ്‌പോര്‍ട്‌സ് ചാനലില്‍ പുന:സംപ്രേഷണം ചെയ്യുമ്പോള്‍ ശ്രീയെ സ്‌ക്രീനില്‍ കാണിക്കാതെ അവന്റെ പേര് കേള്‍ക്കാത്ത രീതിയില്‍ എഡിറ്റ് ചെയ്തത് കണ്ട് വിസ്മയിച്ചു പോയിട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ ആരോപണവിധേയരായ ഒരു കളിക്കാരന്റെ കാര്യത്തിലും മുമ്പ് ഇങ്ങനെ സംഭവിച്ചിച്ചില്ല. അതെല്ലാം സംശയത്തെ ബലപ്പെടുത്തുന്നു. ശ്രീയുടെ തിരിച്ചുവരവ് തടയാന്‍ ശക്തമായ ഗൂഡാലോചന തന്നെ നടക്കുന്നുണ്ട്.

sreesanth

ശ്രീ ഇന്നേവരെ നേടിയ വിക്കറ്റുകളും റണ്ണുകളും റെക്കോഡില്‍ നിന്നു നീക്കം ചെയ്യാനും ശ്രീക്ക് ലഭിച്ച രണ്ട് ലോകകപ്പ് മെഡലുകള്‍ തിരിച്ചു വാങ്ങണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയോട് ആവശ്യപ്പെടാനും ബി.സി.സി.ഐ തുനിയുമെന്ന് അവര്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. അപ്പോള്‍ ശ്രീ കൂടി കളിച്ച് ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളും വേണ്ടെന്ന് വെക്കുമോയെന്ന ചോദ്യവും ഉയര്‍ന്നു. 2011 -ല്‍ ഇന്ത്യ നേടിയ ഏകദിന ലോകകപ്പില്‍ രണ്ട് മാച്ചിലേ ശ്രീ കളിച്ചിരുന്നുള്ളൂ. ആ മാച്ചുകളില്‍ ശ്രീയുടെ പ്രകടനം മോശമായിരുന്നു. പക്ഷെ 2007-ലെ ടി 20 ലോകകപ്പില്‍ പ്രത്യേകിച്ചും ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ ഇന്ത്യയുടെ വിജയത്തില്‍ ശ്രീയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ഈ പ്രകടനങ്ങള്‍ മായ്ച്ചുകളയുകയാണെങ്കില്‍ ഇന്ത്യയുടെ വിജയവും മായ്ച്ചുകളയണം. അതേപോലെ ഒട്ടേറെ ടെസ്റ്റ് മാച്ചുകളിലും ഏകദിനങ്ങളിലും ശ്രീയുടെ മികവു കൊണ്ട് ഇന്ത്യ ജയിച്ചിട്ടുണ്ട്. ആ വിജയങ്ങളെല്ലാം ഇന്ത്യയും ഉപേക്ഷിക്കേണ്ടി വരുമെന്നതു കൊണ്ടാവാം അങ്ങനെയൊരു നീക്കം പിന്നീടുണ്ടായില്ല. 

ശ്രീശാന്തിന്റെ കാര്യത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെയുണ്ട്. ഇന്ത്യയിലെ സ്വകാര്യ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലില്‍ ഒത്തുകളിച്ചു എന്നതാണ് ശ്രീശാന്തിനെതിരെയുള്ള ആരോപണം. അതിന്റെ പേരില്‍ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ അടച്ച് പീഡിപ്പിച്ചു. കുറ്റം സമ്മതിക്കുന്നതിനായി ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ശ്രീശാന്തിന് അനുഭവിക്കേണ്ടി വന്ന പീഡനത്തെ മുന്‍നിര്‍ത്തി ഒരു സംഘടനയോ രാഷ്ട്രീയ നേതാവോ ഒന്നും തന്നെ പ്രതിഷേധിച്ച് കണ്ടില്ല. രാജ്യത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തുകയും ഗുരുതരമായ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുകയും ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും പോലീസ് പീഡനമേല്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി രംഗത്തെത്തുന്ന മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്തു വരാറുണ്ട്. ഇങ്ങനെ ആജീവനകാല വിലക്ക് ഏര്‍പ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതിലും ഉചിതം ശ്രീശാന്തിനെയങ്ങ് കൊന്നുകളയുന്നതല്ലേ ? ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പുകള്‍ ജയിച്ച് ടീമിലംഗമായിരുന്ന 'രാജ്യദ്രോഹി' അര്‍ഹിക്കുന്ന ശിക്ഷ അതല്ലേ?   പിന്നുര: ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഡല്‍ഹി പോലീസിന്റെ തലവന്‍ നീരജ് കുമാറായിരുന്നു. പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം നിരജ് കുമാര്‍ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ തലവന്‍ എന്ന നിലയില്‍ വേതനം പറ്റുന്നുണ്ട്.