22 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെന്ന ഇതിഹാസം ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാവുന്ന ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട്. 2011 ലോകകപ്പില്‍ നാഗ്പുരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിന്‍ സെഞ്ചുറി അടിച്ചതോടെ ആരാധകര്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റില്‍ നിന്ന് മറ്റൊരു റെക്കോര്‍ഡിന്റെ പിറവിക്കായി കാത്തിരുന്നു. 111 റണ്‍സടിച്ച് സച്ചിന്‍ തന്റെ 99-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും ആരാധകര്‍ സച്ചിന്‍ നൂറില്‍ നൂറ് എപ്പോള്‍ പിന്നിടുമെന്ന ആകാംക്ഷയിലായിരുന്നു. ഒരു ക്രിക്കറ്റര്‍ക്കും ഇതുവരെ എത്തിപ്പിടിക്കാന്‍ പറ്റാത്ത ആ നേട്ടം സച്ചിന്‍ എന്ന് സ്വന്തമാക്കും? അതിനായുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട് സച്ചിന്‍ ആരാധകര്‍.

ശ്രീലങ്കക്കെതിരായ ലോകകപ്പ് ഫൈനലില്‍ സച്ചിന്‍ തന്റെ 100-ാം സെഞ്ചുറി പൂര്‍ത്തിയാക്കുമെന്ന് എല്ലാവരും കണക്കുകൂട്ടി. പക്ഷേ ചെറിയ സ്‌കോറില്‍ സച്ചിന്‍ പുറത്തായി. ലങ്കയെ തോല്‍പിച്ച് 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം നേടുകയും സ്വന്തം മണ്ണില്‍ ലോകകപ്പ് ജയിക്കുന്ന ആദ്യ ടീമായി മാറുകയും ചെയ്തു. അന്ന് സന്തോഷപ്രകടനത്തില്‍ സച്ചിനെ തോളിലേറ്റിയാണ് യുവതാരങ്ങള്‍ ഗ്രൗണ്ടിനെ വലംവെച്ചത്.

അപ്പോഴും സച്ചിന്റെ നൂറാം സെഞ്ചുറി അവിടെ ബാക്കി കിടന്നു. പിന്നീട് പല തവണ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പടിവാതില്‍ക്കല്‍ കലമുടച്ചു. 2011ല്‍ ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ സച്ചിന്‍ 91 റണ്‍സിന് പുറത്തായി. വാംഖഡെയില്‍ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ സെഞ്ചുറിക്ക് ആറു റണ്‍സകലെ സച്ചിന്‍ വീണു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ടു തവണ സച്ചിനെ ഭാഗ്യം കൈവിട്ടു. ഒരു മത്സരത്തില്‍ 73നും മറ്റൊന്നില്‍ 80 റണ്‍സിനും സച്ചിന്‍ പുറത്തായി. 

അവസാനം 369 ദിവസത്തെ കാത്തിരിപ്പിന് ശേഷം സച്ചിന്‍ ഒടുവില്‍ ആ സ്വപ്‌നനേട്ടത്തിലെത്തി. 2012 മാര്‍ച്ച് 16ന് മിര്‍പുരില്‍ ബംഗ്ലാദേശിനെതിരെ ഷാക്കിബ് ഉൽ ഹസ്സനെറിഞ്ഞ 44-ാം ഓവറില്‍ ലെഗ്‌സൈഡ് ഷോട്ടിലൂടെ സച്ചിന്‍ നൂറ് എന്ന മാന്ത്രിക അക്കത്തിലെത്തി. 12 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു സച്ചിന്റെ നൂറാം സെഞ്ചുറി. ആ നിമിഷത്തില്‍ വിതുമ്പിയ സച്ചിന്‍ പതിവുപോലെ ആകാശത്തേക്ക് ബാറ്റുയര്‍ത്തി നേട്ടം ആഘോഷിച്ചു. 

ഇന്ന് ആ നേട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലെത്തി നില്‍ക്കുമ്പോള്‍ സച്ചിന്‍ അന്ന് മറികടന്ന സമ്മര്‍ദത്തെ വിസ്മരിച്ചുകൊണ്ട് നേട്ടത്തെ മാത്രം പാടിപ്പുകഴ്ത്താന്‍ പറ്റില്ല. അന്ന് സച്ചിന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു ''ഞാന്‍ റസ്‌റ്റോറന്റില്‍ പോകുമ്പോഴും റൂമിലിരിക്കുമ്പോള്‍ വൃത്തിയാക്കാന്‍ വരുന്നയാളും ഞാന്‍ എപ്പോള്‍ നൂറാം ശതകം നേടും എന്നതിനെക്കുറിതച്ച് മാത്രം ചോദിച്ചുകൊണ്ടിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് അതായിരുന്നു. പക്ഷേ എന്റെ 99 സെഞ്ചുറികളെ ആരും കണക്കിലെടുത്തില്ല. അന്ന് മാധ്യമങ്ങളും ചുറ്റുമുള്ളവരും തന്ന മാനസിക സമ്മര്‍ദം എന്നെ വല്ലാതെ തളര്‍ത്തി. അതിലും സങ്കടം ആരും എന്റെ 99 സെഞ്ചുറികളെക്കുറിച്ച് ചോദിച്ചില്ലല്ലോ എന്നതായിരുന്നു''