ഒടുവില്‍ സ്പിന്‍ കെണി തിരിച്ചടിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ സ്വന്തം വാരിക്കുഴിയില്‍ മൂക്കും കുത്തി വീണു. വെറും 40.1 ഓവറിലാണ് പരാജയമറിയാത്ത 19 ടെസ്റ്റുകളുടെ പെരുമയുമായെത്തിയ ടീം ഇന്ത്യ പവിലിയനില്‍ തിരിച്ചെത്തിയത്. 105 റണ്‍സെടുക്കുന്നതിനിടെ 10 വിക്കറ്റുകള്‍ വീണപ്പോള്‍ അതില്‍ ഏഴും സ്വന്തമാക്കി സ്പിന്നര്‍മാര്‍ പുണെയിലെ പിച്ചിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തു.

അഞ്ചാമത്തെ അന്താരാഷ്ട്ര ടെസ്റ്റ് മാത്രം കളിക്കുന്ന ഇടംകൈയന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കീഫാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പവിലിയിനലേക്കുള്ള വഴികാട്ടിയായത്. ഒക്കീഫിന്റെ പന്തുകളും പുണെയിലെ പിച്ചും പ്രണയത്തിലായപ്പോള്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ ബാറ്റിങ്‌നിരയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തകര്‍ച്ചയ്ക്കാണ്. 48 പന്തുകളുടെ അകലത്തില്‍ വെറും 11 റണ്‍സിനിടെയാണ് ഇന്ത്യയുടെ അവസാന ഏഴു വിക്കറ്റുകള്‍ വീണത്. ഇതില്‍ ആറും വീഴ്ത്തിയത് ഒക്കീഫും. ഒന്ന് നഥാന്‍ ലയോണ്‍ സ്വന്തമാക്കി.

1989-90ല്‍ ന്യൂസിലന്‍ഡിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 18 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായതാണ് ഇതിനുമുമ്പത്തെ ഇന്ത്യയുടെ മോശം പ്രകടനം. ക്രൈസ്റ്റ്ചര്‍ച്ചില്‍ മൂന്നിന് 146 എന്ന നിലയില്‍ നിന്ന് ഇന്ത്യ 164 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. പുണെയില്‍ ഇന്ത്യ മൂന്നിന് 94 എന്ന നിലയില്‍ നിന്നാണ് 105 റണ്‍സിന് ഓള്‍ഔട്ട് എന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. അന്ന് ആറാമനായി ഇറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യപന്തില്‍ മടങ്ങിയെങ്കില്‍ ഇന്ന് വിരാട് കോലിയാണ് ഡക്കായത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ കോലി ആദ്യമായാണ് റണ്ണെടുക്കാതെ പുറത്താകുന്നത്. 2014 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് കോലി പൂജ്യത്തിന് ഔട്ടാകുന്നത്.

Kohli

ആദ്യമായി ടെസ്റ്റ് മത്സരം അരങ്ങേറുന്ന പുണെ ഗ്രൗണ്ട് സ്പിന്നിനെ തുണയ്ക്കുമെന്ന കാര്യം നേരത്തേ വ്യക്തമായിരുന്നു. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ അവസാന ഇലവനില്‍ ഇറക്കിയപ്പോള്‍ പേസ് കരുത്തില്‍ എതിര്‍ടീമിനെ വിറപ്പിക്കുന്ന കംഗാരുക്കള്‍ രണ്ടു സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി സാഹചര്യങ്ങള്‍ക്കൊപ്പം നിന്നു. ആദ്യ ഇന്നിങ്‌സിലെ ഏഴുവിക്കറ്റുകള്‍ നേടി ഓസീസ് സ്പിന്നര്‍മാര്‍ ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു. ആദ്യദിനം മുതല്‍ പന്തു തിരിഞ്ഞുതുടങ്ങിയ പിച്ചില്‍ ഓസീസിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരും ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

പേസ് കരുത്തുകാട്ടിയാണ് ഓസീസ് ഇന്നും തുടങ്ങിയത്. ഓപ്പണര്‍ മുരളി വിജയെ (10) കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈയിലെത്തിച്ച് ജോഷ് ഹേസല്‍വുഡാണ് കംഗാരുക്കളുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പതിനഞ്ചാം ഓവറില്‍ പൂജാരയെയും (6) കോലിയെയും (0) മൂന്ന് പന്തിന്റെ ഇടവേളയില്‍ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പിച്ചു. പിന്നീട് അര്‍ധസെഞ്ച്വറി നേടിയ ലോകേഷ് രാഹുലും 13 റണ്‍സെടുത്ത രഹാനെയും 50 റണ്‍സ് ചേര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒക്കീഫിന്‌ മുന്നില്‍ ഇരുവരും വീഴുകയായിരുന്നു.

Lokesh Rahul

തുടക്കം മുതല്‍ സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത്‌ തന്ത്രം മെനഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്തത് ഒക്കീഫ് ആയിരുന്നു. സ്മിത്ത് ബൗളര്‍മാരുടെ വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിച്ചപ്പോള്‍ ആദ്യ സ്‌പെല്ലുകളിലെ ഒമ്പതോവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റില്ലാതെ 30 റണ്‍സ് എന്നതായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍ ഒക്കീഫിന്റെ സമ്പാദ്യം. എന്നാല്‍ ബൗളിങ് എന്‍ഡ് മാറ്റി ഒക്കീഫിനെ പരീക്ഷിക്കാനുള്ള സ്മിത്തിന്റെ തീരുമാനം ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഭാഗഥേയം തന്നെ മാറ്റിക്കുറിച്ചു.

പവിലിയന്‍ എന്‍ഡില്‍ നിന്ന് ഒക്കീഫ് 33-ാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 94. ഓവറിലെ രണ്ടാം പന്ത് ക്രീസില്‍നിന്ന് ഇറങ്ങിയടിക്കാനുള്ള ലോകേഷ് രാഹുലിന്റെ ശ്രമം പാളി. പുറത്തേക്ക് കുത്തിത്തിരിഞ്ഞ പന്ത് എഡ്ജില്‍ തട്ടി ഉയര്‍ന്നു. ലോങ് ഓഫില്‍ ഓടിയെത്തിയ വാര്‍ണറുടെ കൈയില്‍ പന്ത് സുരക്ഷിതം. ഒരു പന്തിനു ശേഷം ഒക്കീഫിനെ പ്രതിരോധിക്കാനുള്ള രഹാനെയുടെ ശ്രമം സെക്കന്‍ഡ് സ്ലിപ്പില്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ കയ്യില്‍ ഉജ്ജലമായൊരു ക്യാച്ചായി പരിണമിച്ചു. വീണ്ടും ഒരു പന്തിന്റെ ഇടവേള. മുന്നില്‍ കുത്തി ഉയര്‍ന്ന പന്തിന്റെ ഗതിയറിയാതെ നിന്ന സാഹയുടെ ബാറ്റിന്റെ അരികില്‍തൊട്ട പന്ത് കീപ്പര്‍ വെയ്ഡിനെയും കടന്ന് ഒന്നാം സ്ലിപ്പില്‍ ക്യാപ്റ്റന്‍ സ്മിത്തിന്റെ കൈയില്‍. ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 95/6.

Image

നഥാന്‍ ലയോണ്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഇന്ത്യന്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ നങ്കൂരമിടുന്ന അശ്വിനും പിഴച്ചു. ലയോണിനെ ഡിഫന്‍ഡ് ചെയ്ത അശ്വിന്റെ ഷൂസില്‍ തട്ടിയ പന്ത് തൊട്ടടുത്ത് നിന്നിരുന്ന ഹാന്‍ഡ്‌സ്‌കോമ്പ് ഗ്രൗണ്ടില്‍ നിന്ന് ഇഞ്ചുകള്‍ക്ക് മുകളില്‍ റാഞ്ചിയെടുത്തു. 37-ാം ഓവറില്‍ ഒക്കീഫ് വീണ്ടും ഇന്ത്യക്ക് പ്രഹരമേല്‍പിച്ചു. ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധത്തിന് ശ്രമിച്ച ജയന്ത് ജാദവിനെ കബളിപ്പിച്ച് പന്ത് കീപ്പര്‍ വെയ്ഡിന്റെ കൈയില്‍. നിമിഷാര്‍ധത്തില്‍ സ്റ്റമ്പ് ചെയ്ത വെയ്ഡിന് പിഴച്ചില്ലെന്ന് ടെലിവിഷന്‍ റീപ്ലേകള്‍ തെളിയിച്ചു. ഇന്ത്യക്ക് എട്ടാംവിക്കറ്റ് നഷ്ടം.

അവസാന നമ്പറുകാര്‍ മാത്രം ബാക്കിനില്‍ക്കേ വന്‍ഷോട്ടിന് ശ്രമിച്ച ജഡേജ മിഡ്‌വിക്കറ്റില്‍ സ്റ്റാര്‍ക്കിന്റെ കൈയിലെത്തുമ്പോള്‍ ഒക്കീഫ് തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിക്കുകയിരുന്നു. വെറും 19 പന്തുകള്‍ക്കിടെയാണ് ഒക്കീഫ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. 16 പന്തിനിടെ അഞ്ചു വിക്കറ്റ് നേടിയ ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡ് മാത്രമേ ഈ നേട്ടത്തില്‍ ഒക്കീഫിന് മുന്നിലുള്ളൂ. ഓസീസ് താരം എര്‍നീ തോഷ്ബാക്കും (1947-48) പാക് താരം ഇമ്രാന്‍ ഖാനും (1982-83) 19 പന്തിനിടെ അഞ്ചു വിക്കറ്റുകള്‍ നേടി ഒക്കീഫിനൊപ്പമുണ്ട്.

Okeefe

ഒരോവറിന് ശേഷം ആഞ്ഞടിക്കാന്‍ ശ്രമിച്ച ഉമേഷ് യാദവും ഇന്ത്യന്‍ ഇന്നിങ്‌സും ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിന്റെ കൈയില്‍ അവസാനിച്ചതോടെ ഒക്കീഫ് തന്റെ വിക്കറ്റ് നേട്ടം ആറാക്കി ഉയര്‍ത്തി. 24 പന്തിനിടെയാണ് ആറു വിക്കറ്റുകളും ഒക്കീഫ് സ്വന്തമാക്കിയത്. 13.1 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്താണ് ഈ മുപ്പത്തിരണ്ടുകാരന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുന്ന ഇടംകൈയന്‍ സ്പിന്നറുടെ മൂന്നാമത്തെ മികച്ച പ്രകടനം കൂടിയാണിത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓസീസിന്റെ 143 റണ്‍സിന് നാലു വിക്കറ്റുകള്‍ വീണിട്ടുണ്ട്. നാലും സ്പിന്നര്‍മാര്‍ക്കാണ്. അശ്വിന് മൂന്നും ജയന്ത് ജാദവിന് ഒന്നും. രാവിലെ ഓസീസിന്റെ അവസാന വിക്കറ്റും വീഴ്ത്തിയത് അശ്വിനായിരുന്നു. ഇതോടെ രണ്ടാംദിനം ആകെ വീണ 15 വിക്കറ്റുകളില്‍ 12 എണ്ണവും സ്പിന്നര്‍മാരുടെ പേരിലായി. ടെസ്റ്റില്‍ ഇതുവരെ വീണ 25 വിക്കറ്റുകളില്‍ 17 എണ്ണവും സ്പിന്നര്‍മാര്‍ക്ക് തന്നെ.