വിശേഷണങ്ങള്‍ വേണ്ട പിടി ഉഷയ്ക്ക്. ഉഷയുടെ പ്രസ്താവന ഇങ്ങനെയാണ് 

''മലയാള ദൃശ്യമാധ്യമത്തിലെ മൂല്യച്യുതിയും അതിരുകടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നെപ്പോലെ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്്ത്രീപീഡനമായിട്ടാണ് അനുഭവേദ്യമാകുന്നത്. ഇത്തരത്തില്‍ അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദുഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീക്ക് സഹിക്കാവുന്നതില്‍ അപ്പുറത്താണ്. വൃദ്ധയായ മാതാവിനും ഭര്‍ത്താവിനും സഹോദരീസഹോദരന്മാര്‍ക്കും ഏക മകനോടുമൊപ്പം മനസമാധാനത്തോടും സന്തഷത്തോടും കൂടി ഇനിയുള്ള കാലം ജീവക്കണമെന്നുണ്ട്. അതിനാല്‍ അസഹ്യമായ ദൃശ്യമാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് പിടി ഉഷയെന്ന ഞാന്‍ ഇന്നു മുതല്‍ സ്വ്യയം ദൃശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതെല്ലെന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തുക്കളേയും അറിയിച്ചു കൊള്ളുന്നു. ഞാന്‍ അക്കാര്യത്തില്‍ നിസ്സഹായയാണ്. എന്നോട് സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണമെന്നുണ്ട്''
സസ്‌നേഹം 
സ്വന്തം 
പിടി ഉഷ

ഇടിമിന്നലേല്‍പിക്കുന്നു ഈ കത്ത്. എന്തെന്നാല്‍ പിടി ഉഷ എന്ന സാധാരണക്കാരിയുടെ ഇതിഹാസതുല്യമായ ജീവിതവും സ്വപ്നങ്ങളും മോഹഭംഗങ്ങളും പോരാട്ടവീര്യവുമെല്ലാം സമത്തില്‍ ചേര്‍ത്തിരിക്കുന്നു സമൂഹത്തിനായി കുറിച്ചിട്ട ഈ സമസ്യാപൂരണത്തില്‍. 

അതിഭാവുകത്വമാണ് മലയാളിയുടെ പൊതുബോധം. കേവലാനന്ദങ്ങളിലാകട്ടെ കൊലവിളികളിലാവട്ടെ സ്വയം നോവാത്ത സുരക്ഷിത അകലത്തില്‍ മലയാളി ആക്രോശിക്കുന്നു. ഒരു പീറ്റത്തെങ്ങിനേക്കാള്‍ പൊക്കമുണ്ട് ആ അഹന്തയ്ക്ക്. 

പി ടി ഉഷ വിമര്‍ശിക്കുന്നത് ചാനലുകളെയാണ്. എന്നാല്‍ അതിലുപരി നവമാധ്യമങ്ങളില്‍ അടക്കം ഉഷയെ ചിത്രവധം ചെയ്യാന്‍ തിരക്കുറ്റ കാലക്ഷേപത്തിനിടയിലും നേരവും ആനന്ദവും കണ്ടെത്തിയവരെല്ലാം ഇടിമിന്നലേല്‍ക്കാന്‍ അര്‍ഹരാണ്.

ഒന്നും ആരും ഒരിക്കലും വെറുതേ കൊടുത്തിട്ടില്ല പി.ടി ഉഷയ്ക്ക്. സ്വന്തം വിയര്‍പ്പിനെ ഊര്‍ജമാക്കി അവര്‍ കരസ്ഥമാക്കിയതാണ് എല്ലാം. വിജയങ്ങളില്‍ അവര്‍ രാജ്യത്തിന്റേതായി. വീഴ്ചകളില്‍ നാം അവരെ പാതാളത്തോളം താഴ്ത്തി. ഇനി എല്ലാവരും കുറേ ചരിത്രം അറിയണം. പിലാവുള്ളക്കണ്ടി തെക്കേതിലെ ഉഷ ഓടി വന്ന ജീവിതത്തിന്റെ സങ്കടങ്ങള്‍. അവര്‍ പറയില്ല ഒരു പക്ഷേ. എന്തെന്നാല്‍ ലക്ഷ്യങ്ങള്‍ ഇല്ലാത്തവരാണ് വേദനകളെ ശുശ്രൂഷിക്കുന്നത്. 

P.T.Usha

തിരുവനന്തപുരത്തെ പഴയൊരു ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്. കറുത്തു കൊലുന്നനെ നിന്ന കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍കാരിയെ നൂറു മീറ്റര്‍ ഓട്ടത്തിന്റെ ട്രാക്കില്‍ നിന്ന് ചെയ്യാത്ത തെറ്റിന് പുറത്താക്കി. കണ്ടു നിന്ന ഒരു പോലീസുകാരി ഇത് ചൂണ്ടിക്കാട്ടി. നാട്ടുകാര്‍ ഏറ്റെടുത്തു. തല കുനിച്ച് കണ്ണീരൊഴുക്കി നിന്ന കുട്ടിയെ മത്സരിപ്പിക്കണമെന്ന ബഹളത്തില്‍ മീറ്റ് നിര്‍ത്തി. വീണ്ടും ഓടിയപ്പോള്‍ പഞ്ചാബിന്റെ ഹര്‍മീത് കൗറിനെ പിന്തള്ളി ഉഷ സ്വര്‍ണം നേടി. ഉഷയോട് തോറ്റ കൗര്‍ ഇന്ന് എയര്‍ ഇന്ത്യയുടെ മുംബയ് അസി മാനേജരാണ്. അന്ന് പുറത്താക്കിയ ഒഫീഷ്യല്‍ ഇന്നില്ല. എന്തായാലും ഉഷയോട് ഇരുവരും പിന്നീട് മാപ്പു പറഞ്ഞു.

1980ല്‍ പതിനാറു വയസ്സും 38 ദിവസവും പ്രായമുള്ളപ്പോഴാണ് ഉഷ മോസ്‌കോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. ആരുമില്ലായിരുന്നു ഒപ്പം. മലയാളം മാത്രമറിയുന്ന പെണ്‍കുട്ടി ഒളിമ്പിക് വില്ലേജില്‍ നിസ്സഹായയായി മാനം നോക്കി നിന്നത് അന്നെഴുതിയിട്ടുണ്ട് മാതൃഭൂമിയില്‍ ഒളിമ്പ്യനും പഴയ ബാസ്‌കറ്റ്‌ബോള്‍ കോച്ച് രാജന്‍ സാറും.

കറാച്ചി മീറ്റില്‍ നാലു സ്വര്‍ണമണിഞ്ഞിട്ടും ഉഷയോടുള്ള വിവേചനത്തില്‍ കുറവുണ്ടായിട്ടില്ല. ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി വെള്ളി നേടിയ പെണ്‍കുട്ടിയോട് ഇന്ത്യയുടെ മറ്റൊരു ഇതിഹാസതാരം ആവശ്യപ്പെട്ടത് തന്റെ ഷൂസ് ദിവസവും പോളിഷ് ചെയ്തു കൊടുക്കാനാണ്.
അന്നും തുറന്നടിച്ചു പിടി ഉഷ. അത് എന്റെ പണിയല്ല. പുരുഷാധിപത്യത്തിന്റെ പെരുമ്പറ കൊട്ടുന്ന ട്രാക്കില്‍ ഉഷ അനഭിമതയായിത്തുടങ്ങി. 
1983ലെ ഏഷ്യന്‍ മീറ്റിന് മുമ്പ് സ്വന്തം കോച്ചിനെ ഒപ്പം കൂട്ടാന്‍ ഒരിക്കലും ഉഷയ്ക്ക് അവസരം കിട്ടിയില്ല. ഹരിയാനക്കാരും പഞ്ചാബികളുമെല്ലാം കേവല പരിഗണന പോലും പിടി ഉഷയ്ക്ക് നല്‍കിയിട്ടുമില്ല. ഒഎം നമ്പ്യാരെ കോച്ചായി അനുവദിക്കണമെന്ന് ആവശ്യം എല്ലാ കായിക അസോസിയേഷനുകളും തള്ളി. ജെ എസ് സെയ്‌നിക്ക് അന്ന് ഈ ആവശ്യം തമാശയായിരുന്നു. അന്നത്തെ കായികമന്ത്രി ഭൂട്ടാസിംഗ് പറഞ്ഞു. 'മിണ്ടിപ്പോകരുത്. ഈ പ്രായത്തില്‍ ഇങ്ങനെ തുടങ്ങിയാല്‍ വലുതായാല്‍ നീ എന്തൊക്കെ ചോദിക്കും'. പിസി അലക്‌സാണ്ടറില്‍ നിന്ന് ഉഷയുടെ ആവശ്യമറിഞ്ഞ ഇന്ദിരാഗാന്ധി നേരിട്ട് അവസാനം കോച്ചിനെ കൊണ്ടുപോകാന്‍ ഉത്തരവിട്ടു. പറയുന്നത് ശരിയെങ്കില്‍ പെണ്ണായതു കൊണ്ട് സ്വന്തം ശബ്ദം താഴ്‌ത്തേണ്ടെന്ന് അന്ന് പറഞ്ഞു കൊടുത്തു ഇന്ദിരാഗാന്ധി. 

P.T.Usha

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ ട്രാക്കില്‍ കുത്തിയിരുന്നാണ് ഡല്‍ഹിയില്‍ എംഡി വത്സമ്മയും ആമിനയും അടക്കമുള്ള അത്‌ലറ്റുകള്‍ പ്രതിഷേധിച്ചത്. പിന്നീട് മുംബെയില്‍ ഇതേയിനത്തില്‍ 55. 7 സെക്കന്‍ഡ് എന്ന് സമയം കുറിച്ച് ഉഷ പകരം വീട്ടി. അത് അന്നത്തെ ലോകത്തെ നാലാമത്തെ മികച്ച സമയമായിരുന്നു. വത്സമ്മ ഓടിയെത്തിയതത് 58.3 സെക്കന്‍ഡിലാണ്. ഉഷ നേടിയ സ്വര്‍ണമെല്ലാം രാജ്യത്തിന്റേതായി. തോല്‍വികള്‍ ഉഷയുടേത് മാത്രവും. 87ലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം 88ല്‍ 400 മീററര്‍ ഹര്‍ഡില്‍സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഉഷ. പരിക്ക് മാറാത്ത ഉഷയെ പക്ഷേ നിര്‍ബന്ധിപ്പിച്ച് സോളില്‍ റിലേ ടീമിന് യോഗ്യത നേടാന്‍ ഓടിപ്പിച്ചു. യോഗ്യത നേടി സോളിലെത്തിയപ്പോൾ  മന്ത്രി കെപി സിംഗ് ദേവ് നേരിട്ട് ഇടപെട്ട് ഉഷയെ ഒഴിവാക്കാൻ വേണ്ടി   വീണ്ടും സെലക്ഷന്‍ ട്രയല്‍സ് നടത്തി. ഉഷ ഒഴിവാക്കപ്പെടാതിരിക്കാൻ ട്രയൽസിനുവേണ്ടി സ്പൈക്കണിയുമ്പോൾ മറ്റ് രാജ്യത്തിന്റെ താരങ്ങൾ ഗ്രൗണ്ടിൽ വാം അപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. മെഡലില്ലാതെ വന്ന ഉഷ രാജ്യത്തെ വഞ്ചിച്ചെന്ന് പറഞ്ഞവരില്‍ അന്നും കേരള അത്‌ലറ്റിക് ഫെഡറേഷന്‍ മുന്നില്‍ നിന്നു. മാധ്യമവേട്ടക്ക് ഉഷ വലിയതോതില്‍ ഇരയായി. ഉഷയുടെ പയ്യോളിയിലെ വീട് ആക്രമിച്ചു. വണ്ടി തടഞ്ഞുനിര്‍ത്തി. തെരുവില്‍ ഉഷയെ പരിഹസിച്ച് ടാബ്ലോ നടത്തി. 

എന്നാല്‍ 1989 ലെ എഷ്യന്‍ ട്രാക്ക് ഏന്‍ഡ് ഫീല്‍ഡില്‍ നാലു വ്യക്തിഗത സ്വര്‍ണവും രണ്ടു വെള്ളിയുമായി ഉഷ തിരിച്ചെത്തി. സ്വര്‍ണമെല്ലാം മീറ്റ് റെക്കോഡോടെ. ബിജിങ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ അഞ്ചു മെഡലുകളില്‍ മൂന്നും ഉഷ നേടിയതായിരുന്നു. ലഖ്‌നോവിലെ ഒരു യോഗ്യതാ മത്സരത്തില്‍ ഒറ്റയ്ക്ക് ഓടിയിട്ടുണ്ട് ഉഷ. ഒപ്പം ഓടാന്‍ നിന്നവരെ പിന്തിരിപ്പിച്ചത് അന്നത്തെ ഇന്ത്യന്‍ കോച്ച് ഹര്‍ ഗോവിന്ദ് സിംഗ് ആയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉഷ സ്റ്റേഡിയം വിട്ടു. പിന്നീട് സാക്ഷാല്‍ ഭാനോട്ട് മാപ്പു പറഞ്ഞു. 98 ലെ ബാങ്കോക്ക് എഷ്യന്‍ ഗെയിംസില്‍ ജോതിര്‍മയി സിക്ദറിന് പിന്നില്‍ മികച്ച സമയം കുറിച്ചിട്ടു ഉഷയെ ഓടിച്ചില്ല. 53.2 സെക്കന്‍ഡില്‍ ഓടിയിരുന്ന ഉഷയെ പുറത്തിരുത്തി ഓടിച്ചത് ജിന്‍സിയെയാണ്. ജിന്‍സി കുറിച്ച സമയം 55.3 സെക്കന്‍ഡ്. ഒറ്റ സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്. ഓട്ടം നിര്‍ത്തി പക്ഷേ ഉഷ വീട്ടില്‍ ഇരുന്നില്ല. ലോസ് ആഞ്ജലീസിലെ നഷ്ടം നികത്തണമെന്ന ലക്ഷ്യബോധത്തോടെ ഇന്നും പുലര്‍ച്ചെ ഈ പയ്യോളിക്കാരി ഓടാനിറങ്ങുന്നു. പരിശീലിപ്പിക്കാനും. കോച്ചായ ഉഷ നേരിട്ട കുശുമ്പിനും കുന്നായ്മകള്‍ക്കും കണക്കില്ല. ലോകത്തിലെ മികച്ച ആറാമത്തെ സമയം കുറിച്ചപ്പോഴും ടിന്റുവിനെ അധികമാരും അഭിനന്ദിച്ചില്ല. എന്തെന്നാല്‍ അത് ഉഷയുടെ കുട്ടിയായിരുന്നു.

P.T.Usha

സെക്കന്‍ഡിന്റെ ആയിരത്തിലൊരംശത്തില്‍ പുറന്തള്ളപ്പെട്ടാല്‍ അഗണ്യകോടികളിലേക്ക് വലിച്ചെറിയപ്പെടും അത്‌ലറ്റ്. അവളുടെ സങ്കടങ്ങള്‍ക്ക് മാര്‍ക്കറ്റില്ല. 
പറഞ്ഞു വന്നത് ഉഷയുടെ കത്തിനെ പറ്റി മാത്രമല്ല. മലയാളിയുടെ മനസ്സിനെ പറ്റിക്കൂടിയാണ്. എന്നും ആരെ എങ്കിലും ഇകഴ്ത്തിക്കാണിച്ച് മാത്രമേ നാം പ്രശംസിക്കാന്‍ പഠിച്ചിട്ടുള്ളൂ. ഇരട്ടകളെ നാം നിര്‍മിച്ചെടുക്കുന്നത് നായക പ്രതിനായക ബിംബങ്ങളിലാണ്. ഇഎംഎസ് വന്നപ്പോള്‍ എകെജിയെ പകരം നിര്‍ത്തി. കരുണാകരന് ആന്റണി. വിഎസ് അച്യുതാനന്ദന് പിണറായി വിജയന്‍. സത്യന് നസീര്‍. മമ്മൂട്ടിക്ക് മോഹന്‍ലാല്‍. പിടി ഉഷയ്‌ക്കോ? പല കാലങ്ങളില്‍ പലരെ ഉഷയ്‌ക്കെതിരേ നാം നട്ടുപിടിപ്പിച്ചു. മേഴ്‌സി കോളേജ് കാലത്ത് ശ്രീകുമാരിയമ്മ. പിന്നെ എം.ഡി വത്സമ്മ. ഇടക്കാലത്ത് ഷൈനി, ഒടുവില്‍ ജിന്‍സി ഫിലിപ്പ്. കോച്ചായ ശേഷം അഞ്ജു ബോബി ജോര്‍ജ്. ഉഷ ഇത് അര്‍ഹിക്കുന്നുണ്ടോ? മലയാളിയുടെ ശരാശരിത്വത്തിന് താങ്ങാനാവുന്നതിനപ്പുറമാണ് പിടി ഉഷ. മലയാളിയുടെ ആണ്‍മേല്‍ക്കോയ്മയ്ക്ക് അസഹ്യമാണ് പിടി ഉഷ. മലയാളിയുടെ പ്രതിഭാ ദാരിദ്യത്തിന് ഒരുപാട് മുകളിലാണ് പിടി ഉഷ. പഞ്ചാബിലും ബംഗാളിലും ലഖ്‌നൗവിലുമെല്ലാം ഉഷയെ ഒന്നു തൊടാന്‍ കാത്തുനിന്ന അനവധി പേരെ കണ്ടിട്ടുണ്ട്. ഉഷയോട് ഒന്നു സംസാരിക്കണമെന്ന് ആഗ്രഹിച്ച് ഫോണില്‍ ഉഷ വന്നപ്പോള്‍ നന്ദി എന്ന് മാത്രം പറഞ്ഞ് ഫോണ്‍ പിടിച്ചു നിന്നവരെ കണ്ടിട്ടുണ്ട്.

ഇന്നത്തെ കാഴ്ചക്കാലത്തിന് പുറത്തായിരുന്നു ഉഷയുടെ ഓട്ടങ്ങള്‍. ലിഡിയ ഡിവേഗയും ഉഷയുമായുള്ള മത്സരങ്ങള്‍ അന്ന് അമ്പരപ്പിക്കുന്നതായിരുന്നു. അത് കണ്ടിട്ടില്ല ഇന്നത്തെ മലയാളി. അവര്‍ നോക്കുമ്പോള്‍ ഉഷ ക്ഷോഭിക്കുന്നു. ഉഷ ചിരിക്കുന്നു. ഉഷ കരയുന്നു. സൈബര്‍ ഇന്‍ബോക്‌സില്‍ സൂര്യന്‍ ഉദിച്ചാല്‍ ചൂളിനില്‍ക്കേണ്ടി വരുന്ന മലയാളി പിടി ഉഷയെ അര്‍ഹിക്കുന്നില്ല. എന്നും ഉഷയെ തള്ളിപ്പറഞ്ഞ ഉത്തരേന്ത്യക്കാരുടെ വാക്കുകള്‍ മലയാളിക്ക് വേദമായി മാറുന്നു. സെലക്ഷന്‍ കമ്മറ്റിയില്‍ അംഗമായിട്ടും മിണ്ടാതിരുന്ന മലയാളികളുടെ മൗനങ്ങള്‍ പാതകമല്ലാതാവുന്നു. ചിത്രയ്ക്ക് വേണ്ടി വേണ്ട വിധത്തില്‍ വാദിച്ചില്ലെന്ന് വിമര്‍ശിക്കപ്പെടുന്നു. ഉഷ പറയുന്നതെല്ലാം അസ്വീകാര്യമാവുന്നു. ഉഷ വാദിച്ച ആര്‍ അനുവിനെ പോലും ഉഷയ്ക്ക് എതിരേ എന്ന വിധം മാധ്യമങ്ങള്‍ മറുവശം നിര്‍ത്തുന്നു. പി.യു ചിത്രയ്ക്ക് വേണ്ടി ഉഷ പറഞ്ഞതെല്ലാം തമസ്‌കരിക്കപ്പെടുന്നു. നവമാധ്യമങ്ങളുടെ ക്ഷണപ്രഭാചഞ്ചലമായ വാഗ്വാദങ്ങളില്‍ ഉഷ തോറ്റു പോകുന്നു.

എങ്കിലും മറക്കാതിരിക്കുക. പോരാളികള്‍ പരാജയപ്പെടുന്നില്ല. അവഗണനകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും മുന്‍നിശ്ചയപ്രകാരമുള്ള അങ്കത്തട്ടുകളിലെ ചതികള്‍ക്കും പോരാട്ടവീര്യത്തെ വീഴ്ത്താനുമാവില്ല. പിടി ഉഷ സര്‍ഗധനയായ ഒരു പോരാളിയാണ്. മലയാളികളില്‍ നിന്ന് അവരെ വേര്‍തിരിക്കുന്നതും അതുതന്നെയാണ്.