.പി.എല്‍ ഓരോ സീസണിലെയും ലേലത്തില്‍ ഓരോ താരോദയങ്ങളുണ്ടാകാറുണ്ട്. ഇത്തവണ പത്താം സീസണില്‍ താരമായി മാറിയത് ഹൈദരാബാദില്‍ നിന്നുള്ള 22കാരന്‍ മുഹമ്മദ് സിറാജാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന മീഡിയം പേസറായ സിറാജിന് ലേലത്തിനൊടുവില്‍ ലഭിച്ചത് 2.6 കോടി രൂപ! ഇര്‍ഫാന്‍ പഠാനും ഇഷാന്ത് ശര്‍മ്മയുമടക്കമുള്ള പരിചയസമ്പന്നരായ ബൗളര്‍മാര്‍ അവഗണിക്കപ്പെട്ടപ്പോള്‍ ഇത്രയും തുക നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കാന്‍ മാത്രം ആരാണ് സിറാജ്? ലേലത്തിനൊടുവില്‍ എല്ലാവരുടെയും മുഖത്ത് ബാക്കി നിന്ന ചോദ്യം ഇതായിരുന്നു. 

ആ ചോദ്യത്തിനുള്ള ഉത്തരം സിറാജിന്റെ ഇരുപത്തി രണ്ടു വര്‍ഷത്തെ ജീവിതം തന്നെയാണ്. അഞ്ഞൂറ് രൂപയില്‍ നിന്ന് പോരാട്ടത്തിലൂടെയും കഠിനധ്വാനത്തിലൂടെയും രണ്ടര കോടി രൂപയുടെ മൂല്യത്തിലെത്തിയ ജീവിതം എന്ന് അതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

സ്വപ്‌ന നേട്ടത്തിന്റെ നെറുകയിലെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ക്രിക്കറ്റ് കളിച്ച് ആദ്യം നേടിയ പ്രതിഫലത്തെ കുറിച്ചാണ് സിറാജിന് പറയാനുണ്ടായിരുന്നത്. അഞ്ഞൂറ് രൂപയായിരുന്നു ആദ്യ പ്രതിഫലം. അമ്മയുടെ സഹോദരന്‍ ക്യാപ്റ്റനായ ടീമിന് വേണ്ടി 25 ഓവര്‍ ബൗള്‍ ചെയത് 20 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതിന് അമ്മാവന്‍ നല്‍കിയ സമ്മാനം. 

ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളെയും പോലെ ടെന്നീസ് പന്ത് കൊണ്ട് കളിച്ചാണ് സിറാജും കളി തുടങ്ങിയത്. ബൗളിങ്ങിന്റെ പാഠങ്ങള്‍ പറഞ്ഞു തരാന്‍ ആരുമില്ലായിരുന്നെങ്കിലും ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ മുഹമ്മദ് ബൗസിന്റെ പ്രചോദനം മാത്രം മതിയായിരുന്നു സിറാജിന് മുന്നോട്ടുള്ള പ്രയാണത്തിന്. ഒരിക്കലും പണത്തിന്റെ ബുദ്ധിമുട്ട് അറിയാതെയാണ് മുഹമ്മദ് ഖൗസ് സിറാജിനെയും സഹോദരനെയും വളര്‍ത്തിയത്. 

Mohammed Siraj
സിറാജ് സ്റ്റാര്‍ക്കിനൊപ്പം

'' അച്ഛന്‍ ഒരിക്കലും ഞങ്ങളെ പണത്തിന്റെ ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. എന്തു ആവശ്യവും സാധിച്ചു തന്നു. ഏറെ വിലയുണ്ടായിരുന്ന ബൗളിങ് സ്‌പൈക്ക് പോലും അദ്ദേഹം എനിക്ക് വാങ്ങിത്തന്നു.  പഠിക്കാന്‍ എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. അതേ സമയം ജ്യേഷ്ഠന്‍ എന്നും പഠനത്തില്‍ മുന്നിലായിരുന്നു. അവന് ഒരു ഐ.ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിക്കുകയും ചെയ്തു. ഇതോടെ അവനെ നോക്കി പഠിക്കാന്‍ പറഞ്ഞ് അമ്മ ഷബാന ബീഗം എന്നും എന്നെ വഴക്ക് പറയുമായിരുന്നു. പക്ഷേ ഇന്ന് എന്റെ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അമ്മയാണ്'' സിറാജ് പറയുന്നു. ഐ.പി.എല്ലിലെ ലേലത്തുക കൊണ്ട് തനിക്ക് വേണ്ടി ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച അച്ഛനും അമ്മക്കും ഹൈദരാബാദില്‍ നല്ലൊരു സ്ഥലത്ത് വീട് വാങ്ങി നല്‍കണമെന്നാണ് സിറാജിന്റെ ആഗ്രഹം.

ആദ്യം ഹൈദരാബാദ് അണ്ടര്‍- 22 ടീമിന്റെ ഭാഗമായ സിറാജ് പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിച്ചു. ഹൈദരാബാദിനായി രഞ്ജി ട്രോഫിയിലും ബൗള്‍ ചെയ്തു. ഇതിലെല്ലാം തിളങ്ങിയ സിറാജിനെത്തേടി ഇന്ത്യ എ ടീമില്‍ നിന്നും റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ നിന്നും വിളി വന്നു. ഇപ്പോഴിതാ ഐ.പി.എല്ലില്‍ നിന്നും..

ഇനി ഇന്ത്യന്‍ ദേശീയ ടീമാണ് സിറാജിന്റെ ലക്ഷ്യം. ഐ.പി.എല്ലില്‍ ഡേവിഡ് വാര്‍ണറെയും വി.വി.എസ് ലക്ഷ്മണെയും പോലുള്ള താരങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമായാണ് ഇരുപത്തി രണ്ടുകാരന്‍ കാണുന്നത്. 11 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റ് നേടിയ സിറാജ് 10 ടിട്വന്റിയില്‍ നിന്ന് 16 വിക്കറ്റും സ്വന്തം അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്.