താരമായും  പരിശീലകനായും കേരള ഫുട്ബോളില്‍ തിളക്കമുള്ള മേല്‍വിലാസത്തിന് ഉടമയാണ് നജീബ്. കേരളത്തില്‍ പ്രീമിയര്‍ ടയേഴ്സിന്റെയും ടൈറ്റാനിയത്തിന്റെയും  മുന്നണിപ്പോരാളി. കൊല്‍ക്കത്തയില്‍ മുഹമ്മദന്‍സിന്റെയും ഈസ്റ്റ് ബംഗാളിന്റെയും അഭിമാനതാരം. കേരളത്തിന്റെയും ഇന്ത്യയുടെയും കുപ്പായവുമണിഞ്ഞു ഈ സ്ട്രൈക്കര്‍.

പരിശീലകവേഷത്തില്‍ തിരുവനന്തപുരം എസ്.ബി.ടി.ക്കൊപ്പം തിളങ്ങുന്ന നേട്ടങ്ങള്‍. പലതവണ എസ്.ബി.ടി.യെ ദേശീയ ലീഗിലെത്തിച്ചു. തുടര്‍ന്ന് മലബാര്‍ യുണൈറ്റഡിലും റിയല്‍ മലബാര്‍ എഫ്.സി.യിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പുതിയൊരു ദൗത്യത്തിലാണ് ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട നജീബിക്കാ.  കഴിഞ്ഞ ഏഴുമാസമായി ഏജീസ് ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനാണ് അദ്ദേഹം. ചെറിയൊരു കാലഘട്ടത്തിനുള്ളില്‍ ടീമിന് നേട്ടമുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു.

ഫിബ്രവരി ആദ്യം ഛത്തീസ്ഗഡില്‍ നടന്ന സീഷന്‍ ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഏജീസ് ടീം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഫൈനലില്‍ എ.കെ.സ്റ്റീല്‍സ് സിവാനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഏജീസ് അഭിമാന വിജയം നേടിയത്. സെമിയില്‍ കെ.എസ്.ഇ.ബി.യെ ഷൂട്ടൗട്ടില്‍ മറികടന്നു.

ഡിസംബറില്‍ തമിഴ്നാട്ടില്‍ നടന്ന നസ്രത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തെത്താനായതും ടീമിന് അഭിമാനമായി. ചെന്നൈ ഏജീസ് ടീമായിരുന്നു ഇവിടെ ജേതാക്കളായത്. കേരളത്തിനു വേണ്ടി കളിച്ചിട്ടുള്ള താരങ്ങളുള്‍പ്പെടെയുള്ള ടീമുമായാണ് ഏജീസ് ടീം പുതിയ കുതിപ്പിനൊരുങ്ങുന്നത്. ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്യുന്ന 18 താരങ്ങളാണ് ടീമിലുള്ളത്. ബാക്കി ഗസ്റ്റ് താരങ്ങളാണ്.

agees football
ഫോട്ടോ:എസ്.ശ്രീകേഷ്‌

നെല്‍റ്റോ സെബാസ്റ്റ്യനാണ് (ഡിഫന്‍ഡര്‍) ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ നസുറുദ്ദീന്‍ (ഫോര്‍വേഡ്), എസ്.ശ്രീജു (ഗോള്‍ കീപ്പര്‍), തമിഴ്നാടിനു വേണ്ടി കളിച്ചിട്ടുള്ള അനീഷ് ഫെര്‍ണാണ്ടസ് (ഡിഫന്‍ഡര്‍) എന്നിവരൊക്കെ ടീമിന്റെ ശക്തിദുര്‍ഗങ്ങളാണ്. പ്രതിരോധനിരതാരങ്ങളായ ഷെറിന്‍ സാമും ജിപ്സണ്‍ ജെസ്റ്റസും ഇപ്പോള്‍ സന്തോഷ് ട്രോഫി ക്യാമ്പിലുണ്ട്.

മുന്‍ സന്തോഷ് ട്രോഫി താരം പഹദാണ് ടീമിന്റെ മാനേജരും ഗോള്‍കീപ്പിങ് പരിശീലകനും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ടീമിന്റെ പരിശീലനം. മാസം 5000  രൂപ വാടക കൊടുത്താണ് പരിശീലനം. 

കേരള  പ്രീമിയര്‍ ലീഗില്‍ ആദ്യ സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ഏജീസ് ടീം. അടുത്ത രണ്ടു തവണയും സെമി ഫൈനലും കളിച്ചു. ഇക്കുറി ഹോം ആന്‍ഡ് എവേ രീതിയില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ ഏജീസ് ടീം കളിക്കുന്നില്ല. പുതിയ ഘടനയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ചെലവുണ്ടാകുമെന്നും  ഇതിനുള്ള ഫണ്ടില്ലാത്തതിനാലാണ് ടീം ടൂര്‍ണമെന്റില്‍ പങ്കെടുക്കാത്തതെന്നും ക്ലബ്ബ് സെക്രട്ടറി ജോണ്‍ പോള്‍ പറഞ്ഞു.