രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമൊക്കെയടങ്ങിയ ഇന്ത്യന്‍ ടീമിന്റെ പ്രതാപകാലം ആര്‍ക്കും മറക്കാനാകില്ല. മനോഹരമായ ഇന്നിങ്‌സുകള്‍ കെട്ടിപ്പടുക്കുന്നതിലും കൂട്ടുകെട്ടുണ്ടാക്കുന്നതിലും ഇവരുടെ സൗഹൃദം ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്. ക്രീസിനുള്ളിലും പുറത്തും അവര്‍ ചങ്ങാതിമാരായിരുന്നു. 

കളിയില്‍ നിന്നും വിരമിച്ചെങ്കിലും താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. തങ്ങളുടെ സൗഹൃദത്തിന്റെ ആഴം എത്രയുണ്ടെന്ന് ഒരു ട്വീറ്റിലൂടെ സെവാഗ് വീണ്ടും ഓര്‍മിപ്പിച്ചിരിക്കുകയാണ്.

പ്രിയ കൂട്ടുകാരന്‍ സൗരവ് ഗാംഗുലിയോടൊപ്പമുള്ള ഒരു ഫോട്ടോ ട്വീറ്റ് ചെയ്താണ് വീരു സൗഹൃദത്തിന്റെ ആഴം അളന്നത്. ദാദയുടെ സന്തോഷം തന്റെ സന്തോഷമാണെന്ന് പറഞ്ഞ വീരു ഗാംഗുലിയുടെ പുഞ്ചിരിയെ രസഗുളയോടാണ് ഉപമിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ എടുത്ത ഫോട്ടോയാണ് വീരു ട്വിറ്ററില്‍ പങ്കുവെച്ചത്.

ഈ ട്വീറ്റിന് മറുപടിയുമായി മലയാളി താരം എസ്.ശ്രീശാന്തും രംഗത്തെത്തി. തനിക്ക് വിലപ്പെട്ട ഉപദേശം തന്നത് ദാദയായിരുന്നുവെന്നും രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ പറഞ്ഞത് ദാദയാണെന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു.

ദാദയ്ക്കും വീരുവിനുമൊപ്പം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇതിഹാസ താരങ്ങളില്‍ നിന്ന് ലഭിച്ച ഉപദേശങ്ങള്‍ വിലപ്പെട്ടതാണെന്നും ശ്രീശാന്ത് പറയുന്നു. 2006ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയുന്നത് നന്നാക്കാനായി തനിക്കെതിരെ പന്തെറിയാന്‍ ഗാംഗുലി തന്നോട് ആവശ്യപ്പെട്ടതായും ശ്രീശാന്ത് പറയുന്നു.