ധര്‍മശാല: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റും പരമ്പരയും ഇന്ത്യ സ്വന്തമാക്കിയെങ്കിലും കളിക്കാര്‍ തമ്മിലുള്ള പോരും വൈരവും അവസാനിക്കുന്നില്ല. കളിക്ക് മുന്‍പേ തുടങ്ങിയ വാക്‌പോരിന് കളി കഴിഞ്ഞിട്ടുമില്ല ശമനം.

ഓസ്‌ട്രേലിയന്‍ താരങ്ങളെ മേലിലും സുഹൃത്തുക്കളായി കാണില്ലെന്ന ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ വിരാട് കോലിയുടെ തുറന്നുപറച്ചില്‍ ഇരു ടീമംഗങ്ങളും തമ്മിലുള്ള പോരിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും സഹകളിക്കാരെയും ടെസ്റ്റിനുശേഷവും സുഹൃത്തുക്കളായി കാണുന്നുണ്ടോ എന്ന ഒരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു കോലിയുടെ രൂക്ഷമായ പ്രതികരണം.

ഇല്ല. എന്റെ അഭിപ്രായവും ഞങ്ങള്‍ തമ്മിലുള്ള ബന്ധവും മാറിക്കഴിഞ്ഞു. ടെസ്റ്റിന് മുന്‍പ് പറഞ്ഞത് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല-കോലി പറഞ്ഞു.

വാശിയേറിയ ടെസ്റ്റിലെ നാല് മത്സരങ്ങള്‍ക്കിടയിലും ഇരു ടീമംഗങ്ങളും തമ്മില്‍ കടുത്ത പോരായിരുന്നു ഗ്രൗണ്ടിന് പുറത്തും അകത്തും. കോലിയുടെ തോളിലെ പരിക്കിനെ ഓസീസ് താരങ്ങള്‍ കളിയാക്കി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന പറഞ്ഞ് മുരളി വിജയിനെ ക്യാപ്റ്റന്‍ സ്മിത്ത് കള്ളനെന്ന് അധിക്ഷേപിച്ചു. മാത്യു വെയ്ഡും ജഡേജയും തമ്മിലുള്ള തര്‍ക്കം ഒരു കൈയാങ്കളിയുടെ വക്കിലെത്തി.

സോറി എന്ന വാക്കിന്റെ സ്‌പെല്ലിങ് പോലും കോലിക്ക് അറിയില്ലെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സി.ഇ.ഒ ജെയിംസ് സണ്ടര്‍ലാന്‍ഡിന്റെ അഭിപ്രായ പ്രകടനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്ല്യമായിരുന്നു. 

ഇതിനെയെല്ലാം അതിജീവിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയശേഷമാണ് മനസ്സിലെ വൈരം അടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്ന കോലിയുടെ അഭിപ്രായപ്രകടനം.