ബെംഗളൂരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ ട്വിറ്ററില്‍ സെവാഗിന്റെ ഒരു ട്വീറ്റായിരുന്നു ചര്‍ച്ചാവിഷയം. വിരാട് നാളെ വിരമിക്കുന്നുവെന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റ് കണ്ട് ആരാധകര്‍ ആശങ്കയിലായി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാടിന്റെ വിരമിക്കല്‍ തീരുമാനത്തിന് കാരണമെന്ന് വരെ അഭിപ്രായമുണ്ടായി.

എന്നാല്‍ സെവാഗിന്റെ ട്വീറ്റ് മുഴുവന്‍ വായിച്ചപ്പോള്‍ ആരാധകരുടെ ആശങ്ക ചിരിക്ക് വഴിമാറി. ഇന്ത്യയുടെ യുദ്ധക്കപ്പലായ എെ.എൻ.എസ് വിരാട് ഡീക്കമ്മീഷൻ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു യഥാര്‍ഥത്തില്‍ സെവാഗിന്റെ ട്വീറ്റ്.

പഴയ കപ്പലുകള്‍ ഒരിക്കലും മരിക്കില്ലെന്നും അവരുടെ ഓര്‍മകള്‍ എന്നും ജീവിക്കുമെന്നു സെവാഗ് ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി 30 വര്‍ഷം നീണ്ടുനിന്ന വിരാചിന്റെ സേവനത്തെ സെവാഗ് അഭിനന്ദിക്കുകയും ചെയ്തു.

ലോകത്തിലെ പ്രവര്‍ത്തനക്ഷമമായ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ എന്ന ഗിന്നസ് റെക്കോഡുമായാണ് വിരാട് സേനയില്‍ നിന്ന് വിരമിക്കുന്നത്.