കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ചുറിയോടെ വിരാട് കോലി പിന്നിട്ടത് ഒരുപിടി റെക്കോഡുകള്‍. ഏകദിനത്തില്‍ 34-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ കോലി ഇതിന് വേണ്ടിയെടുത്തത് 197 ഇന്നിങ്‌സുകളാണ്. ഇക്കാര്യത്തില്‍ കോലി സച്ചിനെ പിന്നിലാക്കിയാണ് കുതിച്ചത്. സച്ചിനേക്കാള്‍ 101 ഇന്നിങ്‌സ് കുറവ് കളിച്ചാണ് കോലിയുടെ നേട്ടം.

2003ല്‍ നമീബിയക്കെതിരായ മത്സരത്തില്‍ തന്റെ 298-ാമത്തെ ഇന്നിങ്‌സിലാണ് സച്ചിന്‍ 34-ാം സെഞ്ചുറിയിലെത്തിയത്. ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 51-മായി സച്ചിന്റെ പേരില്‍ നൂറു സെഞ്ചുറികളാണുള്ളത്. എന്നാല്‍ കോലിക്ക് 55 സെഞ്ചുറികളിലെത്താനേ കഴിഞ്ഞിട്ടുള്ളു. 

അതോടൊപ്പം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയേയും കോലി മറികടന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോഡിലാണ് കോലി ഗാംഗുലിയെ പിന്നിലാക്കിയത്. കേപ്ടൗണിലെ 160 റണ്‍സ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 12-ാം സെഞ്ചുറിയാണിത്. ഗാംഗുലി 11 സെഞ്ചുറികളാണ് നേടിയത്. 

കോലി ഈ നേട്ടത്തിലെത്തിയത് 43 ഇന്നിങ്‌സുകളായിരുന്നെങ്കില്‍ ഗാംഗുലിക്ക് വേണ്ടിവന്നത് 142 ഇന്നിങ്‌സുകളാണ്. 220 ഇന്നിങ്‌സില്‍ നിന്ന് 22 സെഞ്ചുറിയെടുത്ത റിക്കി പോണ്ടിങ്ങും 98 ഇന്നിങ്‌സില്‍ നിന്ന് 13 സെഞ്ചുറിയടിച്ച എബി ഡിവില്ലിയേഴ്‌സുമാണ് ഇക്കാര്യത്തില്‍ കോലിക്ക് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടിയ റണ്‍സ് എന്ന റെക്കോഡും കോലി തിരുത്തിക്കുറിച്ചു. 2001ല്‍ ജോഹന്നാസ്ബര്‍ഗില്‍ 127 റണ്‍സടിച്ച ഗാംഗുലിയുടെ റെക്കോഡാണ് വഴിമാറിയത്. 

ഒരു ഏകദിന ഇന്നിങ്‌സില്‍ 100 റണ്‍സോ അതിലധികമോ ഓടി നേടുന്ന ആദ്യ ഇന്ത്യ കളിക്കാരനും ലോകത്തെ അഞ്ചാമത്തെ കളിക്കാരനുമായി കോലി മാറി. കേപ്ടൗണില്‍ സിംഗിളിലൂടെ 75 റണ്‍സും ഡബിളിലൂടെ 22 റണ്‍സും ട്രിപ്പിളിലൂടെ മൂന്നു റണ്‍സുമാണ് കോലി ഓടിനേടിയത്. 12 ഫോറുകളും രണ്ടു സിക്‌സുകളും അടങ്ങുന്നതായിരുന്നു കോലിയുടെ 160 റണ്‍സ്. 

1999-ല്‍ നാഗ്പുരില്‍ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ ഗാംഗുലി 99 റണ്‍സ് ഓടി നേടിയിരുന്നു. ഈ റെക്കോഡാണ് കോലി തകര്‍ത്തതത്. മുന്‍ ഇന്ത്യന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി കേസ്റ്റണാണ് ഈ പട്ടികയില്‍ ഒന്നാമത്. 1996ല്‍ യു.എ.ഇക്കെതിരെ 112 റണ്‍സാണ് കേസ്റ്റണ്‍ ഓടി നേടിയത്. ഫാഫ് ഡുപ്ലെസിസ് (2017ല്‍ ശ്രീലങ്കക്കെതിരെ 103 റണ്‍സ്), ആദം ഗില്‍ക്രിസ്റ്റ് ( 2004ല്‍ സിംബാബ്‌വെക്കെതിരെ 102 റണ്‍സ്), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2013ല്‍ ഇംഗ്ലണ്ടിനെതിരെ 101 റണ്‍സ്) എന്നിവരാണ് പട്ടികയിൽ  കോലിയേക്കാള്‍ മുന്നിലുള്ളവര്‍. 

Content Highlights: Virat Kohli Becomes first Indian To Achieve This Unique Feat In ODIs