കൊച്ചി:  ക്രീസിലേക്ക് തിരിച്ചുവരാമെന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനാകില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

സ്‌കോട്ടിഷ്‌ ലീഗില്‍ കളിക്കാന്‍ വേണ്ടി ബി.സി.സി.ഐ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു ബി.സി.സി.ഐ. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്നും ബി.സി.സി.ഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബി.സി.സി.ഐക്കും കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

നേരത്തെ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബി.സി.സി.ഐ ഭാരവാഹിയുമായ ടി.സി മാത്യു അടക്കമുള്ള അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടെന്ന തീരുമാനം ബി.സി.സി.ഐ കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ജോഹ്‌രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.

സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ബി.സി.സി.ഐ സമീപിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ശ്രീശാന്തിന് എന്‍.ഒ.സി നിഷേധിക്കുകയാണുണ്ടായത്. പിന്നീട് ബി.സി.സി.ഐയില്‍ അടിമുടി മാറ്റം വരുകയും സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തത് ശ്രീശാന്തിന് പ്രതീക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ബി.സി.സി.ഐക്ക് കത്തയക്കുകയും ചെയ്തിരുന്നു

2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില  എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു

ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത്  27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.