തിരുവനന്തപുരം: പുതിയ രഞ്ജി ട്രോഫി സീസണിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. ബി.സി.സി.ഐ.യുമായി നിയമപോരാട്ടം നടത്തുന്ന മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മുന്‍ നായകന്മാരായ സഞ്ജു സാംസണ്‍, രോഹന്‍ പ്രേം എന്നിവരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

അരുണ്‍ കാര്‍ത്തിക്കിനും ജലജ് സക്‌സേനയുമാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള താരങ്ങള്‍. ജലജ് സക്‌സേന കഴിഞ്ഞ വര്‍ഷവും ടീമിലുണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശിയും ബാറ്റ്‌സ്മാനുമായ അരുണ്‍ കാര്‍ത്തിക് കഴിഞ്ഞ സീസണില്‍ അസമിനുവേണ്ടിയാണ് പാഡണിഞ്ഞത്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ടീമംഗമായിരുന്നു. 2011 ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഇടം നല്‍കിയത് അരുണ്‍ കാര്‍ത്തിക്കിന്റെ അവസാന പന്തിലെ സിക്‌സായിരുന്നു.

ഡേവ് വാട്ട്‌മോറാണ് പരിശീലകന്‍. ടിനു യോഹന്നാനാണ് ബൗളിങ് കോച്ച്.

ടീം: സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, അരുണ്‍ കാര്‍ത്തിക്, ജലജ് സക്‌സേന, അസറുദ്ദീന്‍ (വിക്കറ്റ്കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, മോനിഷ്, നിദേഷ്, രാഹുല്‍, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.

സ്റ്റാന്‍ഡ് ബൈ: ആതിഫ് ബിന്‍ അഷറഫ്, സിജോ മോന്‍ ജോസഫ്, അക്ഷയ്.കെ.സി, ഡാരില്‍ എഫ്.