.പി.എല്‍ ടീം റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ്ങ് ധോനിയെ ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറഷേന്‍ തലവനായി നിയമിതനായതിന് പിന്നാലെയാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്.

''ധോനി നായകനല്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇനി പഞ്ചാബ് ടീമിന് അനായാസം പുണെയെ തോല്‍പ്പിക്കാം'' സെവാഗ് വ്യക്തമാക്കി. പുണെയുടെ മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും ധോനി ഇന്ത്യയുടെ മികച്ച ക്യാപ്റ്റനെന്ന നിലയില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും സെവാഗ് പറഞ്ഞു.

ധോനിയെ ഒഴിവാക്കി പുണെ മാനേജ്‌മെന്റ് സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. പത്താം സീസണില്‍ ഒരു യുവതാരത്തിന് കീഴില്‍ പുണെയെ അണിനിരത്തണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും സ്റ്റീവ് സ്മിത്ത് അതിന് യോജിച്ച ആളാണെന്നും പുണെ ടീം ഉടമസ്ഥന്‍ സഞ്ജീവ് ഗോയെങ്കെ പറഞ്ഞിരുന്നു. ധോനി സ്വയം ഒഴിഞ്ഞതല്ലെന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതാണെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടിയിരുന്നു. 

ധോനിയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ പുണെയ്ക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് പുണെ ജയിച്ചത്.