രാജ്‌കോട്ട്: ഒരിക്കലെങ്കിലും ഇന്ത്യയുടെ ജഴ്‌സിയില്‍ കളിക്കണമെന്നത് ഓരോ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. ഹൈദരാബാദില്‍ നിന്നുള്ള പേസ് ബൗളര്‍ മുഹമ്മദ് സിറാജിന്റെയും സ്വപ്‌നം അതായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെ വരുമാനത്തില്‍ തന്റെ പരിശീലനച്ചെലവ് ഒതുങ്ങില്ല എന്നറിയാമായിരുന്നിട്ടും അവന്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ വേണ്ടിയാണ് ജീവിച്ചത്. 

ഒടുവില്‍ ആ നിമിഷം വന്നെത്തി. ന്യുസീലന്‍ഡിനെതിരായ രണ്ടാം ടിട്വന്റിയില്‍ രാജ്‌കോട്ടില്‍ സിറാജ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തി. ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി ക്യാപ്പ് സമ്മാനിച്ച് സിറാജിനെ ഇന്ത്യന്‍ ടീമിലേക്ക് സ്വാഗതം ചെയ്തു.

അതിനു ശേഷം വൈകാരികമായ നിമിഷങ്ങള്‍ക്കാണ് രാജ്‌കോട്ടിലെ സ്‌റ്റേഡിയം സാക്ഷിയായത്. ദേശീയ ഗാനത്തിനായി ഇരുടീമുകളും അണിനിരന്നു. കിവീസിന്റെ ദേശീയഗാനത്തിന് ശേഷം ഇന്ത്യയുടെ ദേശീയഗാനം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ സിറാജിന് കരച്ചിലടക്കാനായില്ല. സിറാജ് കണ്ണുതുടക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

കഴിഞ്ഞ ഐ.പി.എല്ലില്‍ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സിറാജിനെ 2.6 കോടി രൂപ നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തപ്പോള്‍ എല്ലാവരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഹൈദരാബാദ് മുടക്കിയ പണം വെറുതെയായില്ല. സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് സിറാജ് പത്ത് വിക്കറ്റ് വീഴ്ത്തി. ന്യുസീലന്‍ഡ് എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ക്കെതിരായ ഇന്ത്യ എ ടീമിനായും 23-കാരന്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. പ്രിട്ടോറിയയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയുടെ ഏഴു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തി.

Content Highlights: Mohammed Siraj India vs NewZealand Rajkot T20 National Anthem Tears Cricket