മുംബൈ: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ലോകേഷ രാഹുലിന് വീണ്ടും തിരിച്ചടി. തോളിനേറ്റ പരിക്ക് ഭേദമാകത്തതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലുണ്ടാകില്ലെന്ന് ലോകേഷ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുമായുള്ള പരമ്പരക്കിടെ പരിക്കേറ്റ രാഹുലിന് ഐ.പി.എല്ലിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് ഇന്ത്യന്‍ യുവതാരം വ്യക്തമാക്കിയത്. 

എനിക്ക് ആഗ്രഹമുണ്ടെങ്കിലും നിലവിലെ ആരോഗ്യസ്ഥിതിയില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനാവുമെന്ന് കരുതുന്നില്ല. തോളിനേറ്റ പരിക്ക് മൂലം തനിക്ക് അനായാസമായി കൈ ചലിപ്പിക്കാനാകുന്നില്ല. കൂടാതെ ശസ്ത്രക്രിയക്ക് ശേഷം ധാരാളം മരുന്നുകളും കഴിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. പൂര്‍ണ ആരോഗ്യസ്ഥിതിയിലെത്താന്‍ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നും ലോകേഷ് രാഹുല്‍ വ്യക്തമാക്കി.