റാഞ്ചി: ദേഷ്യം പിടിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല,  ഇന്ത്യന്‍ പേസർ ഇഷാന്ത് ശര്‍മ്മയെ.  ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇഷാന്തിനെ പ്രോകോപിപ്പിച്ച ഓസീസ് ബാറ്റ്സ്മാൻ റെന്‍ഷാക്ക് വിലയായി നൽകേണ്ടിവന്നത് സ്വന്തം വിക്കറ്റ് തന്നെയാണ്.

ടെസ്റ്റിന്റെ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് ഇഷാന്തും റെന്‍ഷായും തമ്മില്‍ ആദ്യം ചെറിയൊരു വാക്കുതര്‍ക്കമുണ്ടായി. പിന്നീട് 
ഇഷാന്ത് ബൗള്‍ ചെയ്യാന്‍ വാം അപ് ചെയ്ത് ഓടി വന്നപ്പോള്‍ റെന്‍ഷാ ക്രീസില്‍ നിന്ന് മാറുകയായിരുന്നു. ദേഷ്യം പിടിച്ച ഇഷാന്ത് പന്ത് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള സ്റ്റമ്പിനടുത്തേക്ക് വലിച്ചെറിഞ്ഞു. 

തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. ഇതിനിടയിലേക്ക് സ്റ്റീവ് സ്മിത്തും വന്നു. ഉടനെ ഇടപെട്ട അമ്പയറും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു.

രണ്ടു മിനിറ്റിന്റെ ഇടവേളക്ക് ശേഷം ഇഷാന്ത് വീണ്ടും ബൗള്‍ ചെയ്തു. ആദ്യം ഒരു ഷോര്‍ട്ട് പിച്ച് പന്തായിരുന്നു. അത് ഹെല്‍മെറ്റ് ഗ്രില്ലിനിടയിലൂടെ റെന്‍ഷായുടെ താടിയില്‍ തട്ടി. പിന്നീട് ഒരു ബൗണ്‍സറായിരുന്നു. അത് മിഡില്‍ സ്റ്റമ്പിന് മുകളിലൂടെ മൂളിപ്പറന്നു പോയി. അവസാനം വിക്കറ്റ് വന്നു. ഫുള്‍ ലെങ്ത് പന്തിലൂടെ ഇഷാന്ത് ഓസീസ് ഓപ്പണറെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്പയര്‍ വിരലുയര്‍ത്തിയതോടെ ഇഷാന്തിന്റെ ദേഷ്യം മുഴുവന്‍ ആഘോഷമായി മാറി.