റാഞ്ചി: ധോനിയുടെ നാട്ടില്‍ അദ്ഭുതമൊന്നും സംഭവിച്ചില്ല. അവസാന നിമിഷം വരെ പിടിച്ചു നിന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെയും ഷോണ്‍ മാര്‍ഷിന്റെയും കരുത്തില്‍  മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിര സമനില പിടിച്ചു.

ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഹാന്‍ഡ്‌സ്‌കോമ്പും മാര്‍ഷും ഓസ്‌ട്രേലിയയെ രക്ഷിക്കുകയായിരുന്നു. ഷോണ്‍ മാര്‍ഷ് 53 റണ്‍സ് നേടിയപ്പോള്‍ ഹാന്‍ഡ്‌സ്‌കോമ്പ് പുറത്താകാതെ 72 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് അക്കൗണ്ടിലെത്തിച്ചു. (സ്‌കോര്‍: ഓസ്‌ട്രേലിയ-451, 204/6. ഇന്ത്യ-603/9d)

രണ്ടു വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് രണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായി. തൊട്ടടുത്തടുത്ത ഓവറുകളില്‍ സ്മിത്തും റെന്‍ഷായും പുറത്താകുകയായിരുന്നു. 15 റണ്‍സെടുത്ത റെന്‍ഷായെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 21 റണ്‍സെടുത്ത സ്മിത്തിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.

jadeja

പിന്നീട് ഹാന്‍ഡ്‌സ്‌കോമ്പും മാര്‍ഷും ഒന്നിക്കുകയായിരുന്നു. മാര്‍ഷിനെ പുറത്താക്കി ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും ടെസ്റ്റ് സമനിലയുടെ ട്രാക്കിലെത്തിക്കഴിഞ്ഞിരുന്നു. പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്‍ രണ്ട് റണ്‍സിന് പുറത്തായെങ്കിലും മാത്യു വെയ്ഡും ഹാന്‍ഡ്‌സ്‌കോമ്പും ടെസ്റ്റ് സമനിലയിലെത്തിച്ചു. 

നാലാം ദിനം ഒമ്പത് വിക്കറ്റിന് 603 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ 152 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇരട്ട സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും സെഞ്ചുറി അടിച്ചെടുതത് വൃദ്ധിമാന്‍ സാഹയുമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇരുവരും ഏഴാം വിക്കറ്റില്‍ 199 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പൂജാര കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ചപ്പോള്‍ സാഹ മൂന്നാം ടെസ്റ്റ് സെഞ്ചുറി പിന്നിട്ടു.

ആറു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യ കരുതലോടെയാണ് ബാറ്റു ചെയ്തത്. മൂന്നു റണ്‍സെടുത്ത അശ്വിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ക്രീസിലെത്തിയ സാഹ പൂജാരയോടൊപ്പം ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു. പിന്നീട് പൂജാരയെ പുറത്താക്കി ലിയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ ഇന്ത്യയുടെ സ്‌കോര്‍ 600 കടത്തുകയായിരുന്നു. നേരത്തെ ഇന്ത്യക്കായി മുരളി വിജയും ലോകേഷ് രാഹുലും അര്‍ധ സെഞ്ചുറി നേടിയിരുന്നു. 

സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികവിലാണ് ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 451 റണ്‍സ് അടിച്ചത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ ടെസ്റ്റ് ജയിച്ച് 1-1 എന്ന നിലയിലാണ്. നാലാം ടെസ്റ്റ് മാര്‍ച്ച് 25 മുതല്‍ ധര്‍മ്മശാലയില്‍ നടക്കും.