പ്രിട്ടോറിയ: ആതിഥേയരായ ദക്ഷിണാഫ്രിക്ക എ ടീമിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായി. മലയാളി താരം ശ്രേയസ് അയ്യരുടെ(131 പന്തില്‍ 140 നോട്ടൗട്ട്) സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

268 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 19 പന്ത് ബാക്കിനിൽകെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംനേടി. ശ്രേയസാണ് ഫൈനലിന്റെ താരം. ടൂര്‍ണമെന്റിന്റെ താരമായി മധ്യനിര ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡെ തിരഞ്ഞെടുക്കപ്പെട്ടു.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7-ന് 267; ഇന്ത്യ 46.5 ഓവറില്‍ 3-ന് 270.

നാലു മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കുവേണ്ടി ഫൈനലില്‍ ഇറങ്ങിയത്. ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ (12), കരുണ്‍നായര്‍ (4), ശ്രേയസ്, ബേസില്‍ തമ്പി എന്നിവര്‍. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനുവിടുകയായിരുന്നു. 115 റണ്‍സെടുക്കുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഫര്‍ഹാന്‍ ബെഹാര്‍ദിയന്റെ (101*) സെഞ്ചുറിയുടെ കരുത്തില്‍ ശക്തമായ സ്‌കോര്‍ നേടി. ഓള്‍റൗണ്ടര്‍ പ്രിട്ടോറിയസും (58) തിളങ്ങി. ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്ത് ബൗളിങ്ങില്‍ ശോഭിച്ചു. ഏഴ് ഓവറില്‍ 53 റണ്‍സ് വഴങ്ങിയ ബേസിലിന് വിക്കറ്റൊന്നും കിട്ടിയില്ല.

വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ സഞ്ജുവിനെയും കരുണിനെയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ 141 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ശ്രേയസ്-വിജയ് ശങ്കര്‍ (72) സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിരിയാത്ത നാലാം വിക്കറ്റില്‍ 109 റണ്‍സ് ചേര്‍ത്ത് ശ്രേയസ്-പാണ്ഡെ (32*) സഖ്യം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. അഫ്ഗാനിസ്താനായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.