നാളത്തെ കപില്‍ദേവാണോ ഹര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റ് സര്‍ക്യൂട്ടില്‍ നടക്കുന്ന ചര്‍ച്ചയായിരുന്നു ഇത്. ഒറ്റ മത്സരം കൊണ്ട് അന്തിമ വിധിയെഴുത്ത് അസാധ്യമാണെങ്കിലും ഇക്കാര്യത്തില്‍ സംശയം വേണ്ടെന്ന് തറപ്പിച്ചു പറയുകയാണ് ഒരാള്‍. അത് മറ്റാരുമല്ല, സാക്ഷാല്‍ കപില്‍ ദേവ് തന്നെ. 

ഇന്ത്യ കാത്തിരിക്കുന്ന ഓള്‍ റൗണ്ടര്‍ പാണ്ഡ്യ തന്നെയാണെന്നായിരുന്നു ഒരു വാര്‍ത്താസമ്മേളനത്തില്‍ കപില്‍ പറഞ്ഞത്. ഇപ്പോഴത്തേതിനേക്കാള്‍ ഏറെ മെച്ചപ്പെടാനും പാണ്ഡ്യയ്ക്കാവുമെന്നും കപില്‍ പറഞ്ഞു. എന്നാല്‍, ഈ യുവതാരത്തില്‍ അമിത ഭാരം അടിച്ചേല്‍പിക്കരുതെന്ന് മുന്നറിയിപ്പ് തരുന്നുമുണ്ട് കപില്‍.

എന്നേക്കാള്‍ മികച്ച കളിക്കാരനാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍, അയാള്‍ക്ക് ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. ഇത്രയും നേരത്തെ അവനില്‍ അമിതഭാരം അടിച്ചേല്‍പിക്കരുത്. ഒരു ലോകോത്തര താരമാകാനുള്ള പ്രതിഭയുണ്ട് അയാള്‍ക്ക്-കപില്‍ പറഞ്ഞു.

മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലെ പ്രകടനത്തിന് പാണ്ഡ്യയെ പ്രശംസിച്ചിരുന്നു.