ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതുതായി അവതരിപ്പിച്ച എ പ്ലസ് ഗ്രേഡ് വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്കും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇടമില്ല. ഏഴ് കോടി രൂപയുടെ വാര്‍ഷികക്കരാറായ എ പ്ലസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം അഞ്ചുപേര്‍ ഇടം കണ്ടെത്തി. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റുതാരങ്ങള്‍. നേരത്തെ 2 കോടി രൂപയായിരുന്ന വാര്‍ഷികക്കരാറാണ് ഇപ്പോള്‍ 7 കോടിയാക്കി ഉയര്‍ത്തിയത്. 

സി ഗ്രേഡില്‍ നിന്ന് ഇത്തവണ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനാണ് പുതിയ കരാറില്‍ എറ്റവും കൂടുതല്‍ നേട്ടം ലഭിച്ചത്. 1300 ശതമാനം അധിക തുക ധവാന് ലഭിക്കും. രോഹിത് ശര്‍മ്മയ്ക്ക് 700 ശതമാനവും ക്യാപ്റ്റന്‍ കോലിക്ക് 250 ശതമാനവുമാണ് വാര്‍ഷികക്കരാറിലെ വര്‍ധനവ്. എ പ്ലസ് കാറ്റഗറിയില്‍ ഇല്ലെങ്കിലും ധോനിക്കും അശ്വിനും കരാറില്‍ 150 ശതമാനം വര്‍ധനവ് ലഭിക്കും. അഞ്ചു കോടിയുടെ വാര്‍ഷികക്കരാറായ എ ഗ്രേഡ് കരാറിലാണ് ധോനിക്കും അശ്വിനും സ്ഥാനം

2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കും എ ഗ്രേഡിലാണ് സ്ഥാനം. 

ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മൂന്ന് കോടിയുടെ ബി ഗ്രേഡ് കരാറാണ് ലഭിച്ചത്. അതേസമയം മുഹമ്മദ് ഷമിക്ക് വാര്‍ഷിക കരാര്‍ ലഭിച്ചില്ല. വനിതകളില്‍ മിതാലി രാജ്, ജുലാന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവര്‍ക്ക് 50 ലക്ഷം രൂപയുടെ കരാറും ലഭിച്ചു. 

Content Highlights; Dhoni, Ashwin Downgraded In New BCCI Player Contracts