തിരുവനന്തപുരം: ഏറ്റവുമിഷ്ടമുള്ള ശബ്ദമേത്? ചോദ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ ക്രിക്കറ്റ് കളിക്കാരനോടാണ്. കുഞ്ഞുങ്ങളുള്‍പ്പെടെ കാത്തിരിക്കേ ഉത്തരമിങ്ങനെയായിരുന്നു, ' സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുമ്പോഴുള്ള ശബ്ദം'.. ഉത്തരം പറഞ്ഞയാളുടെ പേര് ബ്രെറ്റ് ലീ എന്നാകുമ്പോള്‍ അതിശയിക്കാനൊന്നുമില്ല. അദ്ദേഹം ഇതുംകൂടി ചേര്‍ത്തു, 'സ്റ്റമ്പ് തെറിപ്പിച്ച ആ പന്ത് നോബാളാണെന്ന് അമ്പയര്‍ പറയുന്നത് താന്‍ ഏറ്റവും ഇഷ്ടപ്പെടാത്ത ശബ്ദം'. സദസ് ആര്‍ത്തുചിരിച്ച് ആ ഓസ്‌ട്രേലിയക്കാരനെ പ്രോത്സാഹിപ്പിച്ചു.

സാമൂഹ്യനീതി വകുപ്പ് ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷനിലൂടെ കേള്‍വി ഉറപ്പാക്കുന്ന 'കാതോരം' പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുന്‍ ക്രിക്കറ്റ് താരമായ ബ്രെറ്റ് ലീ. ക്രിക്കറ്റും ആതുരസേവനവും ഒരുപോലെ സംതൃപ്തി തരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൗണ്ടില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ കൂടുതല്‍ അഗ്രസീവായിരിക്കുന്നതിനെക്കുറിച്ച് ചോദ്യമുണ്ടായപ്പോള്‍ അത് പ്രകടനവും പ്രൊഫഷണലിസവുമാണെന്നായിരുന്നു മറുപടി. ഇപ്പോള്‍ കാണുന്നതാണ് യഥാര്‍ത്ഥ മുഖമെന്നും അദ്ദേഹം പറഞ്ഞു.

2011ല്‍ ഒരു അപകടത്തില്‍പ്പെട്ട് മകന്റെ ഇടതുചെവിയുടെ കേള്‍വിശക്തി കുറഞ്ഞതാണ് ഈ മേഖലയില്‍ ശ്രദ്ധിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. പിന്നീട് സ്വാഭാവികമായി കേള്‍വി തിരികെക്കിട്ടിയെങ്കിലും സാമൂഹ്യപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹിയറിങ്ങിന്റെ ബ്രാന്‍ഡ് അംബാസഡറായതിനാലാണ് അദ്ദേഹം ചടങ്ങിനെത്തിയത്. 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററിങ്ങിലും ആതുരസേവനത്തിലും ഒരുപോലെ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍. ഇന്ത്യയില്‍ മ്യൂസിക് എന്നപേരില്‍ വൈകല്യമുള്ള കുട്ടികളെ സംഗീതത്തിലൂടെ ശാക്തീകരിക്കാനുള്ള സംഘടനയും രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പരിപാടിയുടെ ഭാഗമായി രണ്ടാംതവണയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.