റാഞ്ചിയില്‍ ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയും വൃദ്ധിമാന്‍ സാഹയും പ്രതിരോധ മതില്‍ തീര്‍ത്തപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ 16 വര്‍ഷം മുമ്പ് ഈഡന്‍ ഗാര്‍ഡന്‍സില്‍ രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും പുടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ഓര്‍മ്മ വന്നിട്ടുണ്ടാകും. ഒരു ദിവസം മുഴുവന്‍ ദ്രാവിഡും ലക്ഷ്മണും ക്രീസില്‍ നിന്ന ആ നിമിഷം. ഓസീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം പുറത്താകാതെ ദ്രാവിഡ് 154 റണ്‍സും ലക്ഷ്മണ്‍ 275 റണ്‍സുമാണ് നേടിയത്. 

ബാറ്റിങ്ങിനിടയില്‍ ആ കൂട്ടുകെട്ടിനെക്കുറിച്ച് ഓര്‍ത്തെന്ന് വൃദ്ധിമാന്‍ സാഹ പറയുകയും ചെയ്തു. എന്നാല്‍ ഇറാനി ട്രോഫിയില്‍ ഇതിനേക്കാള്‍ മികച്ച കൂട്ടുകെട്ട് ഇരുവരുമുണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ഫൈനലില്‍ ഗുജറാത്തിനെതിരെ പുറത്താകാതെ 316 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 

''ഇറാനി ട്രോഫിയിലെ പ്രകടനം ഉള്ളിലുള്ളതിനാല്‍ ഓസീസിനെതിരെ പിടിച്ചു നില്‍ക്കാന്‍ തന്നെ ഞങ്ങള്‍ ശ്രമിച്ചു. പരസ്പരം പ്രചോദനം നല്‍കിയാല്‍ നന്നായി ബാറ്റ് ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. മോശം പന്തുകൾ തിരഞ്ഞുപിടിച്ച് സിംഗിളും ഡബിളുമെടുത്ത് മുന്നോട്ടു പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം'' സാഹ നാലാം ദിവസത്തെ മത്സരശേഷം പറഞ്ഞു.

ഞായറാഴ്ച്ച രാവിലെ ഇന്ത്യയുടെ അവസ്ഥ അല്‍പം പന്തികേടിലായിരുന്നു. ഓസീസിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 91 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ ഇരുവരും ക്ഷമാപൂര്‍വം ബാറ്റ് ചെയ്ത് സ്‌കോര്‍ 500 കടത്തി.

''പുജി നല്ല ക്ഷമയുള്ള വ്യക്തിയാണ്. അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ 200-300 റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് സാധാരണമാണ്. റാഞ്ചിയില്‍ അദ്ദേഹം സമയമെടുത്ത് ബാറ്റു ചെയ്തു. ഒരു പ്രകോപനത്തിനും വഴങ്ങതെ ക്ഷമയോടെത്തന്നെ. ഒരു അറ്റത്ത് വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കുലുങ്ങിയല്ല. ഒരു കൂട്ടുകെട്ടുണ്ടാക്കി മുന്നേറാന്‍ ഉറച്ചു തന്നെയായിരുന്നു ആ ബാറ്റിങ്'' സാഹ വ്യക്തമാക്കി. 

സാഹയും പൂജാരയും ഉപയോഗിച്ച തന്ത്രം വളരെ ലളിതമായിരുന്നു. വലിയ കൂട്ടുകെട്ട് ആലോചിക്കാതെ 10-20 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി അത് വികസിപ്പിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. ഈ തന്ത്രം പൂജാരയാണ് സാഹക്ക് മുന്നില്‍വെച്ചത്. അതുകൊണ്ടു തന്നെ മികച്ച പന്തുകളെ ഇരുവരും ഒഴിവാക്കി മോശം പന്തുകള്‍ മാത്രം ഉപയോഗപ്പെടുത്തിക്കളിച്ചു.

കളിക്കിടയില്‍ ഹെയ്‌സെല്‍വുഡ് പ്രകോപിക്കാന്‍ ശ്രമിച്ചെങ്കിലും സാഹ ആ കെണിയില്‍ വീണില്ല, ആ സമയത്ത് ഹെയ്‌സെല്‍വുഡിന് നിങ്ങള്‍ പോയി പന്തെറിയൂ എന്ന മറുപടിയാണ് കൊടുത്തതെന്നും സാഹ പറഞ്ഞു. 

പൂജാരയുടെ ബാറ്റിങ് അച്ചടക്കവും ക്ലാസും ഒരുപോലെ ഒത്തുചേര്‍ന്നതാണെന്നാണ് ഓസീസ് പരിശീലകന്‍ ഡാരെന്‍ ലേമാന്റെ അഭിപ്രായം. 50ല്‍ നിന്ന് നൂറിലേക്കും നൂറില്‍ നിന്ന് 150ലേക്കുമുള്ള പരിവര്‍ത്തനവും അതിനു കാട്ടിയ ക്ഷമയും വളരെ പ്രധാനമാണ്. പൂജാര ആ ക്ഷമ കാണിച്ചു. കൂടാതെ ഓസീസിന്റെ ബാറ്റ്‌സ്മാന്‍മാരെ പരമാവധി വെള്ളം കുടിപ്പിക്കാനും പൂജാരയ്ക്ക് കഴിഞ്ഞുവെന്നും ലേമാന്‍ പറഞ്ഞു. 317 മിനിറ്റ് ക്രീസില്‍ നിന്നാണ് പൂജാരയും സാഹയും 199 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയത്.