basil thampiമഹാഭാഗ്യം. ഐപിഎല്‍ ടീമായ ഗുജറാത്ത് ലയണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേസില്‍ തമ്പിയുടെ ആദ്യപ്രതികരണം ഇതായിരുന്നു. ഇരട്ടി മധുരമായിരുന്നു ബേസിലിന് ഗുജറാത്ത് ലയണ്‍സിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നെറ്റ്‌സിനു പന്തെറിയാന്‍ ബേസിലിന് ബിസിസിഐയില്‍ നിന്ന് ക്ഷണം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.

നാലു ദിവസം ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലുണ്ടാകും. അതു കഴിഞ്ഞ് വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനൊപ്പം ചേരും. അതിനു ശേഷമാകും ഗുജറാത്ത് ടീമിനൊപ്പം ചേരുക പൂണെയില്‍ നിന്ന് ബേസില്‍ പറഞ്ഞു.

ഇപ്രാവശ്യം ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിളിക്കുന്നത് ഗുജറാത്തിലേക്കും. 'മഹാഭാഗ്യമാണ് ലഭിച്ച രണ്ട് അവസരങ്ങളും. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. അതു തന്നെയാണ് ഇപ്പോഴുള്ള പ്രാര്‍ഥനയും', ബേസില്‍ കൂട്ടിച്ചേര്‍ത്തു.

കേരളാ ക്രിക്കറ്റ് അടുത്ത കാലത്തായി ദേശീയ തലത്തില്‍ കാര്യമായി തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ ഏടായി മാറി ഐ.പി.എല്‍ ടീമിലേക്കുള്ള ബേസില്‍ തമ്പിയുടെ തിരഞ്ഞെടുപ്പ്.

കേരളാ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനായ പി ബാലചന്ദ്രനും ബേസിലിനെപ്പറ്റി പറയാന്‍ ഏറെയുണ്ട്. 

'ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ബേസിലിന് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. അടുത്ത കാലത്തായി ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പല മീഡിയം പേസര്‍മാരും ഐപിഎല്‍ വഴി വന്നതാണ്.' ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. 

'സ്ഥിരമായി നല്ല വേഗതയില്‍ പന്തെറിയാന്‍ ബേസിലിന് കഴിയുന്നുണ്ട് പഴയ പന്തില്‍ നല്ല പ്രകടനമാണ് ബേസിലിന്റേത്. തനതായ ബൗളിംഗ് ആക്ഷന്‍ പന്തിനെ റിവേഴ്‌സ് സ്വിംഗ് ചെയ്യിക്കാന്‍ ബേസിലിനെ സഹായിക്കുന്നുണ്ട്. യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവ് കൂടിയാകുമ്പോള്‍ നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍; പ്രത്യേകിച്ച് അന്തിമ ഓവറുകളില്‍; അപകടകാരിയാകാന്‍ ബേസിലിന് കഴിയും.'-ബാലചന്ദ്രന്‍ പറയുന്നു.

'കഴിഞ്ഞ വര്‍ഷത്തെ സയദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ബാറ്റുകൊണ്ടും ടീമിന് സംഭാവന ചെയ്യാന്‍ ബേസിലിന് കഴിഞ്ഞു. അത് ടീമിന് മുതല്‍ക്കൂട്ടാണ്.' ബാലചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.