സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം സായ് പ്രണീതിന്. ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന കലാശക്കളിയില്‍ കിഡംബി ശ്രീകാന്തിനെ മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സായ് പ്രണീത് ജേതാവായത്. സായിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണിത്.

ആദ്യ ഗെയിമില്‍ തോറ്റ ശേഷമായിരുന്നു സായിയുടെ തിരിച്ചുവരവ്. 21-17ന് 19 മിനിറ്റിനുള്ളില്‍ ആദ്യ ഗെയിമില്‍ അടിയറവ് പറഞ്ഞ സായ് രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 

ഒരു ഘട്ടത്തില്‍ 1-6ന് പിന്നിലായ ശേഷം പിന്നീട് 21-17ന് രണ്ടാം ഗെയിം പിടിച്ചെടുത്തു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ശ്രീകാന്തിന് അവസരമൊന്നും നല്‍കാതെ സായ് 21-12ന് മത്സരവും കിരീടവും സ്വന്തമാക്കി.