ന്യൂഡല്‍ഹി: ലോക ഒന്നാംമ്പര്‍ താരം കരോളിന മരിനെ തകര്‍ത്ത് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി. സിന്ധു നേടി. ഒളിമ്പിക് ഫൈനലില്‍ മരിനോട് തോറ്റാ സിന്ധുവിന്റെ മധുരപ്രതികാരം കൂടിയായി ഇന്ത്യന്‍ ഓപ്പണ്‍ കിരീടം.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു സ്പാനിഷ് താരത്തെ മറികടന്നത്. ആദ്യസെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ 21-19ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 21-16ന് നേടി. 47 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു ഒന്നാം നമ്പര്‍ താരത്തെ നിഷ്പ്രഭയാക്കിയത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കിയത്. സെറ്റിന്റെ തുടക്കം മുതല്‍ സിന്ധുവാണ് ലീഡ് ചെയ്തിരുന്നത്. 5-1ന് പിന്നില്‍ പോയശേഷം തിരിച്ചടിച്ച മരിന്‍ പിന്നീട് 7-5 എന്ന നിലയിലേക്ക് ലീഡ് ചുരുക്കി.

ബ്രേക്കില്‍ 11-9 എന്ന സ്‌കോറില്‍ സിന്ധു ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന ഘട്ടത്തോടടുത്തപ്പോള്‍ മരിന്‍ 16-16ന് ഒപ്പമെത്തി. പിന്നീട് 17-18 എന്ന നിലയില്‍ മാരിന്‍ സെറ്റില്‍ ആദ്യ ലീഡ് നേടിയെങ്കിലും സിന്ധുവും ഒപ്പത്തിനൊപ്പം മുന്നേറി.

19-19 എന്ന സ്‌കോറില്‍ സമനില പാലിച്ച ശേഷം അവസാന നിമിഷത്തെ സമ്മര്‍ദ്ദം അതിജീവിച്ചാണ് സിന്ധു സെറ്റ് സ്വന്തമാക്കിയത്. അവസാന ഘട്ടത്തില്‍ മരിന്‍ വരുത്തിയ പിഴവുകളും സിന്ധുവിന് തുണയായി.

ആദ്യ സെറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം സെറ്റില്‍ സിന്ധു മരിന് ഒരവസരവും നല്‍കിയില്ല. 4-0ന് സെറ്റിന്റെ തുടക്കത്തിലേ ലീഡ് ചെയ്ത സിന്ധുവിനെ പിന്തുടര്‍ന്ന് മാരില്‍ 8-7 എന്ന സ്‌കോറില്‍ വരെയെത്തി.

എന്നാല്‍ മുന്നേറ്റം തുടര്‍ന്ന സിന്ധു 15-10ന് വ്യക്തമായ ലീഡ് നേടി. 17-13, 19-14 എന്നീ സ്‌കോറുകള്‍ക്ക് ശേഷം 21-16ല്‍ സിന്ധു സെറ്റും മത്സരവും അവസാനിപ്പിച്ചു.

സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും. കഴിഞ്ഞ നവംബറില്‍ ചൈന ഓപ്പണ്‍ കിരീടവും ഇരുപത്തിയൊന്നുകാരിയായ താരം നേടിയിരുന്നു.