ലോക ഒന്നാം നമ്പര്‍ താരം സൈന നേവാളിനോട് ഒരു കൊച്ചുകുട്ടിയുടെ ചോദ്യം. എപ്പോഴെങ്കിലും മടി തോന്നിയിട്ടുണ്ടോ? എല്ലാ ദിവസവും തോന്നുമെന്ന് സൈനയുടെ മറുപടി. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം ഒരു സ്‌പോര്‍ട്സ് കമ്പനിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ അവര്‍ കുട്ടികളുടെ കുസൃതിച്ചോദ്യങ്ങളോട് അതേമട്ടിലാണ് മറുപടികള്‍ പറഞ്ഞത്.

നിങ്ങള്‍ക്ക് ഇടയ്ക്ക് സ്‌കൂളില്‍പോകാന്‍ മടി തോന്നില്ലേയെന്ന് സൈന ചോദിച്ചു. ചില ദിവസം തനിക്കും അങ്ങനെ തോന്നും. എന്തിനാ കളിക്കാന്‍ പോകുന്നത്. ഭയങ്കര ക്ഷീണമുണ്ടാക്കുന്ന കാര്യമല്ലേ..പക്ഷേ അമ്മ സമ്മതിക്കില്ല. എപ്പോഴും എന്റെ പിന്നിലുണ്ടാവും. തോല്‍ക്കുമ്പോള്‍ മിക്കപ്പോഴും പണി നിര്‍ത്താന്‍ തോന്നാറുണ്ട്. പക്ഷേ രാജ്യത്തിനു വേണ്ടി കളിക്കാന്‍ വളരെക്കുറച്ചു പേര്‍ക്കേ അവസരം കിട്ടാറുള്ളൂ. അതോര്‍ത്താല്‍ എല്ലാ മടിയും മാറും.

ഒരു കുട്ടിക്ക് അറിയേണ്ടിയിരുന്നത് ആരാണ് പ്രചോദനം എന്നായിരുന്നു. അച്ഛന്‍ ശാസ്ത്രജ്ഞനായിരുന്നതിനാല്‍ ഞാന്‍ ഡോക്ടറാകാനായിരുന്നു സാധ്യത കൂടുതലെന്ന് സൈനയുടെ മറുപടി. എന്നാല്‍ ഒമ്പതാം വയസ്സില്‍ അമ്മയാണ് കളിക്കാന്‍ പ്രേരിപ്പിച്ചത്. ഒളിമ്പിക് മെഡല്‍ നേടണമെന്നു പറഞ്ഞപ്പോള്‍ എനിക്കു ചിരിയായിരുന്നു. നിങ്ങളില്‍ ഒരാളോട് നിങ്ങള്‍ ഒളിമ്പിക് മെഡല്‍ നേടുമെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കില്ലേ...അതുപോലെതന്നെ. പക്ഷേ അമ്മ വളരെ സീരിയസായിരുന്നു. അച്ഛന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും എന്നെ കളിക്കാരിയാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് അമ്മ ഉഷാറാണിയാണ്.

കളി കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ എന്തു ചെയ്യും? (മറ്റൊരാളുടെ ചോദ്യം)

ആലു പൊറോട്ട തിന്നാന്‍ തോന്നും (കൂട്ടച്ചിരി). സാധാരണ ഒരു കുട്ടിക്കു തോന്നുന്നതെല്ലാം എനിക്കും തോന്നും. തോല്‍ക്കുന്നതും ഒരു പ്രചോദനമാക്കി മാറ്റണം. കായികബലം പോലെതന്നെ പ്രധാനമാണ് മാനസിക ബലവും. എതിരാളിയേക്കാള്‍ മെന്റലി ടഫ് ആണെങ്കില്‍ അത് കളിയില്‍ ഗുണം ചെയ്യും.

ഡബിള്‍സ് കളിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഒരു ജൂനിയര്‍ കളിക്കാരിയുടെ ചോദ്യം

ഫിറ്റ്നസ് ആണ് ഏറ്റവും പ്രധാനം . വളരെ വേഗത്തിലുള്ള കൈകളുടെ ചലനവും പ്രധാനമാണ്. കേരളത്തില്‍ അപര്‍ണ ബാലനെപ്പോലെ വളരെ മികച്ച ഡബിള്‍സ് കളിക്കാരുണ്ട്.

ആരാണ് റോള്‍ മോഡല്‍?

റോജര്‍ ഫെഡറര്‍.

ചോദ്യങ്ങളെത്തുടര്‍ന്ന് ഒപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ കുട്ടികളുടെ മത്സരമായി. ചിലര്‍ക്ക് ഓട്ടോഗ്രാഫും വേണം. ആരോടും നോ പറയുന്നില്ല സൈന. എല്ലാവര്‍ക്കുമൊപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ അവര്‍ തയ്യാറായി. തുടക്കക്കാലത്ത് കൊച്ചിയില്‍ വന്നു കളിച്ചതും ഒരു മാസത്തെ ക്യാമ്പില്‍ പങ്കെടുത്തതുമെല്ലാം അവര്‍ ഓര്‍ത്തെടുത്തു. അമ്മ ഉഷാറാണിയും ഒപ്പമുണ്ടായിരുന്നു.