സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍.  പുരുഷ സിംഗിള്‍സ് ഫൈനലില്‍ സായ് പ്രണീതും കിദംബി ശ്രീകാന്തും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ അന്തോണി സിനിസുക ഗിന്‍ടിങ്ങിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍:21-13,21-14.

നേരത്തെ സായ് പ്രണീത് കൊറിയന്‍ താരം ലീ ഡോങ്ങിനെ തകര്‍ത്ത് ഫൈനലിലെത്തിയിരുന്നു. സായിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലാണിത്. കൊറിയന്‍ താരത്തിനെതിരെ അനായാസമായിരുന്നു സായ് പ്രണീതിന്റെ വിജയം. ആദ്യ രണ്ടു ഗെയ്മുകളിലും വ്യക്തമായ ആധിപത്യത്തോടെ ഇന്ത്യന്‍ താരം ജയിച്ചുകയറി. 38 മിനിറ്റിനുള്ളില്‍ ലീ ഡോങ്ങ് പരാജയം സമ്മതിച്ചു. സ്‌കോര്‍: 21-16,21-8.

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷ ക്വാര്‍ട്ടറിലവസാനിച്ചിരുന്നു. പി.വി സിന്ധു സ്പാനിഷ് താരം കരോളിന മരിനോട് പരാജയപ്പെട്ടാണ് പുറത്തുപോയത്.