ഗ്ലാസ്‌ഗോ: ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ഫൈനലില്‍ സിന്ധു ഇടംപിടിച്ചത്. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ തിളക്കം രാജ്യത്തിന് സമ്മാനിച്ച സിന്ധുവിന് ലോക ജൂനിയര്‍ ചാമ്പ്യന്‍ കൂടിയായ യൂഫെയി ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താനായില്ല.

കേവലം 48 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു അനായാസം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. സിന്ധുവിന്റെ മിന്നുന്ന സ്മാഷുകള്‍ക്ക് യൂഫെയിയുടെ കൈയില്‍ മറുപടിയുണ്ടായില്ല.

ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ഇരു താരങ്ങളും സ്‌കോര്‍ 8-8 വരെ ഒപ്പം പിടിച്ചു. ഇടയ്ക്ക് സിന്ധുവിനെ ഞെട്ടിച്ചുകൊണ്ട് യൂഫെയി നീണ്ട ഒരു റാലിയും നേടി. 8-8 ല്‍ നിന്ന് സിന്ധു കത്തിക്കയറി നേരെ 11-8. പിന്നെ 13-8, 15-9 പിഴവൊന്നും വരുത്താതെ സിന്ധു പോയന്റുകള്‍ വാരി. 

PV Sindhu enters final

പിന്നീട് കാര്യമായ എതിര്‍പ്പില്ലാതെ 21-13 ന് ആദ്യ ഗെയിം. രണ്ടാം ഗെയിമില്‍ സിന്ധു അക്ഷരാര്‍ഥത്തില്‍ യുഫെയിയെ കാഴ്ചക്കാരിയാക്കി മുന്നേറുകയായിരുന്നു. 8-0 ത്തിന്റെ ലീഡ് പിടിച്ച സിന്ധു നയം വ്യക്തമാക്കി. ഒടുവില്‍ 21-10 ഗെയിമും ഫൈനല്‍ ബര്‍ത്തും. 

സെമിയില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയ ജപ്പാന്റെ നൊസോമി ഒകുഹരയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. സെമിയില്‍ പോരാട്ടം അവസാനിച്ചെങ്കിലും സൈനയ്ക്ക വെങ്കലം ലഭിക്കും.

 2013 ലും 2014 ലും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ആറ് തവണ ഒകുഹരയുമായി ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ സിന്ധുവും മൂന്നു തവണ ഒകുഹരയുമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഫൈനല്‍ തുല്യശക്തികളുടെ പോരാട്ടമാകുമെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും വിജയം സിന്ധുവിനൊപ്പമായിരുന്നു.