കാലിഫോര്‍ണിയ: ഇന്ത്യന്‍ താരങ്ങളായ പി. കശ്യപും എച്ച്.എസ്. പ്രണോയിയും യു.എസ്. ഓപ്പണ്‍ ഗ്രാന്‍പ്രീ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ സമീര്‍ വര്‍മയെ (21-13, 21-16) മറികടന്നാണ് കശ്യപ് മുന്നേറിയത്. സെമിയില്‍ ദക്ഷിണകൊറിയയുടെ ക്വാങ് ഹീ ഹോയാണ് കശ്യപിന്റെ എതിരാളി. 

ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ ജപ്പാന്റെ കാണ്ട സുനെയാമയെ (10-21, 21-15, 21-18) തോല്‍പ്പിച്ചാണ് തിരുവനന്തപുരത്തുകാരനായ പ്രണോയ് സെമിയില്‍ കടന്നത്. വിയറ്റ്നാമിന്റെ ടീന്‍ മിന്‍ എന്‍ഗുനെയാണ് അടുത്ത എതിരാളി. 

പുരുഷ ഡബിള്‍സില്‍ മനു അത്രി-ബി. സുമീത് റെഡ്ഡി സഖ്യവും സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ ഹിരോകി ഒകാമുറ-മസായുകി ഒന്‍ഡേറ സഖ്യത്തെയാണ് തോല്പിച്ചത് (21-18, 22-20).