കാലിഫോര്‍ണിയ: യു.എസ് ഓപ്പണ്‍ ഗ്രാന്‍പ്രീ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് കിരീടം. ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ഫൈനലില്‍ പി.കശ്യപിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് ചാമ്പ്യനായത്. മൂന്നൂ ഗെയിം നീണ്ടു നിന്ന മത്സരത്തിനൊടുവിലായിരുന്നു വിജയം. സ്‌കോര്‍: 21-15, 20-22, 21-12.

ആദ്യ ഗെയിമില്‍ 6-1ന് മുന്നിലായിരുന്ന കശ്യപ്. ക്രോസ് കോര്‍ട്ട് സ്മാഷിലൂടെ തിരിച്ചുവന്ന പ്രണോയ് 12-12ന് ഒപ്പമെത്തി. പിന്നീട് വിട്ടുകൊടുക്കാതെ മലയാളി താരം 21-15ന് ഗെയിം സ്വന്തമാക്കി.

കൂടുതല്‍ ആവേശമുയര്‍ത്തുന്നതായിരുന്നു രണ്ടാം ഗെയിം പോരാട്ടം. 9-7ന് മുന്നിലെത്തിയ കശ്യപ് പിന്നീട് 14-10ന്റെ ലീഡ് നേടി. പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന പ്രണോയ് 18-18ന് ഒപ്പം പിടിച്ചു. എന്നാല്‍ അവസാന വിജയം കശ്യപ്പിനൊപ്പമായിരുന്നു. 22-20ന് കശ്യപ് ഗെയിം സ്വന്തമാക്കിയതോടെ മത്സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു.

മൂന്നാം ഗെയില്‍ കശ്യപ് സ്വയം തെറ്റുകള്‍ വരുത്തിയതോടെ പ്രണോയ് തുടക്കത്തില്‍ തന്നെ 7-3ന്റെ ലീഡ് നേടി. മികച്ച ഷോട്ടുമായി മുന്നേറിയ പ്രണോയ് 15-8ന്റെ മുന്‍തൂക്കത്തിലെത്തി. പിന്നീട് നാല് പോയിന്റുകള്‍ മാത്രം കശ്യപിന് നേടാനായപ്പോള്‍ പ്രണോയ് 21-12ന് ഗെയിമും മത്സരവും സ്വന്തമാക്കി. 

ഇത് മൂന്നാം തവണയാണ് പ്രണോയ് ഗാന്‍പ്രീ ഗോള്‍ഡില്‍ കിരീടം നേടുന്നത്. നേരത്തെ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്. സ്വിസ് ഓപ്പണ്‍ കിരീടങ്ങള്‍ പ്രണോയ് അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസ് സെമിയില്‍ പ്രണോയ് എത്തിയിരുന്നു. മുന്‍ ലോക ഒന്നാം റാങ്കുകാരന്‍ ലീ ചോങ് വെയിയെയും ഒളിമ്പിക്, ലോക ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെയും അട്ടിമറിച്ചായിരുന്നു ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസില്‍ പ്രണോയിയുടെ സ്വപ്‌നക്കുതിപ്പ്.