മുണ്ടൂര്‍ (പാലക്കാട്): ലോകചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതിലൊന്നും താന്‍ തളരില്ലെന്ന് മലയാളി അത്‌ലറ്റ് പി.യു ചിത്ര. വിദേശത്ത് പരിശീലനത്തിന് പോകാന്‍ താത്പര്യമില്ലെന്നും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ഗ്രൗണ്ടില്‍ മികച്ച രീതിയിലുള്ള പരിശീലനം ലഭിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കി. 'ഇപ്പോള്‍ അത്യാവശ്യമായി വേണ്ടത് ഒരു ജോലിയാണ്. എന്റെ കുടുംബത്തെ സംരക്ഷിക്കണമെങ്കില്‍ ജോലി വേണം. കേരളത്തില്‍ തന്നെ ജോലി ലഭിച്ചാല്‍ അത്രയും സന്തോഷം' മുണ്ടൂരിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിത്ര. 

അച്ഛന്‍ ഉണ്ണിക്കൃഷ്ണനും അമ്മ വസന്തകുമാരിയും കൂലിപ്പണി ചെയ്താണ് ചിത്രയെ ഒരു അത്‌ലറ്റാക്കി മാറ്റിയത്. ഇനിയെങ്കിലും അവരുടെ കഷ്ടപ്പാടിന് ഒരവസാനമുണ്ടാകണമെന്നാണ് ചിത്ര ആഗ്രഹിക്കുന്നത്. വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും മന്ത്രി എ.സി മൊയ്തീന്‍ ചിത്രക്ക് വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാല്‍ വിദേശ പരിശീലനം വേണ്ടെന്നും പകരം ജോലി മതിയെന്നുമുള്ള നിലപാട് ചിത്ര സ്വീകരിച്ചതും കുടുംബത്തിന് തണലാകാന്‍ വേണ്ടിയാണ്. 

മുണ്ടൂരിലെ പരിശീലനം മികച്ചതാണെങ്കിലും ഒരു അത്‌ലറ്റിന് വേണ്ട ഭക്ഷണം തനിക്ക് ലഭിക്കുന്നില്ലെന്ന് ചിത്ര പറയുന്നു. വീട്ടിലെ ഭക്ഷണം കഴിച്ചാണ് പരിശീലനത്തിന് പോകുന്നത്. എന്നാല്‍ ഒരു അത്‌ലറ്റിന് വേണ്ട പോഷകാഹാരം ലഭിക്കുന്നില്ല. ചിത്ര പറയുന്നു. 

അതേസമയം ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിലിയാരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തി. ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട സമയം കഴിഞ്ഞെന്നും ഇനി ചിത്രയെ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്. 

ഫെഡറേഷന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും അവസാന നിമിഷമാണ് ചിത്ര നല്‍കിയ ഹര്‍ജിയുടെ കോപ്പി ലഭിച്ചതെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ആതില്‍ സുമരിവാല വ്യക്തമാക്കി. ഹര്‍ജിയിലെ വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ ഫെഡറേഷന്റെ അഭിഭാഷകന് കഴിഞ്ഞിട്ടില്ല. അഭിഭാഷകന്‍ കോടതിയിലുണ്ടായെങ്കിലും നിലപാട് അറിയിച്ചില്ലെന്നും സുമരിവാല ചൂണ്ടിക്കാട്ടി. 

ചിത്ര ഉന്നയിച്ച കാര്യങ്ങളില്‍ അവ്യക്തത ഉണ്ട്. തിങ്കളാഴ്ച്ച നടക്കുന്ന വിശദമായ വാദത്തില്‍ ഫെഡറേഷന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും സുമരിവാല വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ പ്രതികരിച്ചു.