ചെന്നൈ: തുടര്‍ച്ചയായ 11 ചാമ്പ്യന്‍ഷിപ്പുകള്‍ക്കു ശേഷം കുറച്ചു മാസത്തേക്കു ട്രാക്ക് വിടുന്ന ലോങ്ജമ്പ് താരം നീനയെ നോക്കി ക്യാമറ ഫ്‌ളാഷുകള്‍ മിന്നുന്നത് വിക്ടറി സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴായിരിക്കില്ല; വിവാഹ പന്തലില്‍ വച്ചാകും. റയില്‍വേ താരം തന്നെയായ പിന്റോ മാത്യുവാണു വരന്‍. ഇരുവരുടെയും വിവാഹം നവംബര്‍ നാലിനു പാലായില്‍ നടക്കും. വിവാഹത്തിനു തൊട്ടു മുന്‍പുളള മല്‍സരം എന്ന നിലയിലും ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലെ ചാമ്പ്യന്‍ഷിപ്പ് എന്ന നിലയിലും പ്രധാന്യമുണ്ടായിരുന്ന ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനായതിന്റെ സന്തോഷത്തിലാണു നീന.

പ്രതിശ്രുത വധുവിന്റെ നേട്ടം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൊവ്വാഴ്ച മല്‍സരിക്കാനിറക്കുന്ന പിന്റോ മാത്യുവിനും തെല്ലൊന്നുമല്ല ആത്മവിശ്വാസം നല്‍കുന്നത്. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു താന്‍ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നു പിന്റോ പറഞ്ഞു. വെസ്റ്റേണ്‍ റയില്‍വേയിലെ ജീവനക്കാരായ ഇരുവരും ഗുജറാത്തില്‍ ടി.ടി.ഇ.മാരായി പ്രവര്‍ത്തിക്കുകയാണ്. 

കരിയറില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സ്വര്‍ണം നേടാന്‍ കഴിഞ്ഞതു വലിയ കാര്യമായി തന്നെ താന്‍ കരുതുന്നുവെന്നു നീന പറഞ്ഞു. മൂന്നു ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടിയതിനാല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്ന സന്തോഷവും നീനയ്ക്കുണ്ട്.

ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഗെയിംസില്‍ പങ്കെടുത്തിനു ശേഷം മൂന്നു ദിവസം മുന്‍പാണു  തിരിച്ചെത്തിയത്. വിശ്രമമോ തയ്യാറെടുപ്പോ കൂടാതെ നേരെ ചെന്നൈയിലേക്കു വരുകയായിരുന്നു. ഈ ചാംപ്യന്‍ഷിപ്പിനു വേണ്ടി താന്‍ ഒരു തയ്യാറെടുപ്പും നടത്തിയിരുന്നില്ല. തുടരെ തുടരെ മല്‍സരങ്ങള്‍ വന്നതോടെ ആകെ ക്ഷീണിച്ചിരുന്നു. എങ്കിലും സ്വര്‍ണം മാത്രം ലക്ഷ്യമാക്കിയാണ് ഇറങ്ങിയത്.  രണ്ടാം സ്ഥാനം നേടിയ ജാര്‍ഖണ്ഡിന്റെ പ്രിയങ്ക മികച്ച പ്രകടനം കാഴ്ച വച്ചുവെന്നു നീന പറഞ്ഞു. അതിനാല്‍ തന്നെ മികച്ച മല്‍സരം തന്നെ നടന്നു.

ഹര്‍ഡില്‍സില്‍ മെഡല്‍ ലക്ഷ്യമാക്കി ഇന്നിറങ്ങുന്ന പിന്റോയ്ക്ക് വലിയ അവകാശവാദമൊന്നുമില്ല. പരിക്ക് പൂര്‍ണമായി ഭേദമായെന്ന ആത്മവിശ്വസമില്ല. ക്യാംപിലേക്കു വിളിച്ചപ്പോള്‍ ഒന്നും നോക്കാതെ പോരുകയായിരുന്നുവെന്നു പിന്റോ പറഞ്ഞു. പാല അമ്പലത്തിങ്കല്‍ മാത്യു ജോസഫിന്റെയും മോളിയുടെയും മകനാണ് പിന്‍ോ.