kt irfanടോക്കിയോ: ജപ്പാനില്‍ നടന്ന ഏഷ്യന്‍ റെയ്‌സ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം കെ.ടി ഇര്‍ഫാന് വെങ്കലം. 20 കിലോമീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാന്‍ (1:20:59) വെങ്കലം നേടിയത്.ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച സമയത്തിന് (1:20:21 ) അടുത്തെത്താന്‍ ഇര്‍ഫാന് സാധിച്ചു.

ലണ്ടനില്‍ പത്താം സ്ഥാനത്തായിരുന്നു ഇര്‍ഫാന്‍. കൊറിയയുടെ കിം ഹ്യൂനിനാണ് സ്വര്‍ണം (1:19:50). കസാക്കിസ്ഥാന്റെ ഗിയോര്‍ഗി ഷെയ്‌ക്കോ (1:20:47) വെള്ളി നേടി.

മലപ്പുറം അരീക്കോട് സ്വദേശിയായ ഇര്‍ഫാന്‍ ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇര്‍ഫാന്‍ സ്വര്‍ണം നേടിയിരുന്നു. അതേ സമയം വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പ്രിയങ്കക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.