ഓരോ കാലത്തേയും അടയാളപ്പെടുത്താൻ പാട്ടുകൾ നമുക്ക് കൂട്ടുവന്നിട്ടുണ്ട്. ഋതുപ്പകർച്ചയിൽ വ്യത്യസ്തഭാവങ്ങളിൽ പൂത്തും തളിർത്തും പിന്നെ തളർന്നും നിൽക്കുന്ന പ്രകൃതിയെ ആ രീതിയിൽ അടയാളപ്പെടുത്തുന്ന മികച്ച ഗാനങ്ങൾ.

ആ കൂട്ടത്തിൽ കാലഗതിയിൽ പ്രകൃതിയോട് ചേർന്നുവന്ന മാറ്റങ്ങളിൽ ഉൾച്ചേർന്ന് നമുക്കുമുന്നിലെത്തിയവയാണ് വിഷുപ്പാട്ടുകൾ. സൂര്യൻ മീനം രാശിയിൽനിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമദിനമാണ് വിഷു. ഇക്കാലത്ത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ വാങ്മയചിത്രങ്ങൾ നമുക്ക് മുന്നിൽ വരച്ചിട്ടത് പ്രതിഭാധനരായ എഴുത്തുകാരാണ്.

വിഷുപ്പാട്ടുകളിലെ ക്ലാസിക്കുകളെന്നറിയപ്പെടുന്നവയാണ്‌ കണ്ണന്റെ കണിപ്പാട്ടുകൾ.

ഒപ്പം മേടമാസത്തിന്റെയും കണിക്കൊന്നയുടെയും നന്മകളെ വരികളിലേറ്റി വാക്കുകൾകൊണ്ട് വിഷുക്കാലം തീർക്കുന്ന പാട്ടുകളും ഏറെയാണ്. കണ്ണനെ കണികാണാൻ കണ്ണന്റെ കളികാണാൻ... എന്ന ഒ.എൻ.വി.യുടെ പ്രശസ്തമായ ലളിതഗാനം വിഷുവിനെയും കണികാണലിനെയും ഓർമിപ്പിക്കുന്നതാണ്.

‘ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാലിപ്പക്ഷീ
വിത്തും കൈക്കോട്ടും കൊണ്ടേ
എത്താൻ വൈകല്ലേ...’
എന്നാരംഭിക്കുന്ന വിപ്ളവച്ചുവയുള്ള ഗാനത്തിലും ഒ.എൻ.വി. വരച്ചിടുന്നത് വിഷുക്കാലത്തെയാണ്. (ചിത്രം: ലാൽസലാം)

പി. ഭാസ്‌കരൻ രചിച്ച് ജി. ദേവരാജൻ ഈണം നൽകി ഭാവഗായകൻ ജയചന്ദ്രൻ പാടിയ മഞ്ഞലയിൽ മുങ്ങിത്തോർത്തി... എന്ന ഗാനത്തിൽ ‘കർണ്ണികാരം പൂത്തുതളിർത്തു കല്പനകൾ താലമെടുത്തു’ എന്ന് തുടങ്ങുന്ന വരികൾ കുറിക്കുന്നതും വിഷുക്കാലത്തെയാണ്. (ചിത്രം: കളിത്തോഴൻ)

വിഷുവിന്റെ ആഘോഷങ്ങളും കണിയും വിഷുപ്പക്ഷിയുടെ വരവുമെല്ലാം പ്രതിപാദിക്കുന്ന കുറേ പാട്ടുകൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. വിഷുവെന്നാൽ ചിലർക്ക് കണ്ണനും കണിയുമാണ്. മറ്റുചിലർക്ക് സന്തോഷപൂർണമായ ഓർമകളിലേക്കും നാടാകെ ഒത്തുചേരുന്ന ആഘോഷങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്കും. വിഷുക്കാലത്തിന്റെ ഓർമകളിലേക്കൂർന്നിറങ്ങാൻ ആസ്വാദകനെ സഹായിക്കുന്ന പാട്ടുകളുടെ വലിയശേഖരത്തിൽനിന്നും തിരഞ്ഞെടുത്ത കുറച്ച് പാട്ടുകളാണിവിടെ കുറിക്കുന്നത്.

സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാൽ കാലത്തിൻ ചുമരിലെ
പുഷ്പപഞ്ചാംഗങ്ങൾ മാറ്റി, നീയെത്ര
പുഷ്പപഞ്ചാംഗങ്ങൾ മാറ്റി!
(ചിത്രം: ചുക്ക്, രചന: വയലാർ, സംഗീതം: ദേവരാജൻ,
പാടിയത്: പി. ലീല)

ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണണം
(ചിത്രം: അടിമകൾ, രചന: വയലാർ,
സംഗീതം: ജി. ദേവരാജൻ, പാടിയത്: പി. സുശീല)

എന്റെ കൈയിൽ പൂത്തിരി
നിന്റെ കൈയിൽ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി
(ചിത്രം: സമ്മാനം, രചന: വയലാർ,
സംഗീതം: വി. ദക്ഷിണാമൂർത്തി,
പാടിയത്: വാണി ജയറാം)

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്
(ചിത്രം: ദേവാസുരം,
രചന: ഗിരീഷ് പുത്തഞ്ചേരി,
സംഗീതം: എം.ജി. രാധാകൃഷ്ണൻ,
പാടിയത്: എം.ജി. ശ്രീകുമാർ, അരുന്ധതി)

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
കിങ്ങിണിപ്പൂവേ?
(ചിത്രം: അമ്മയെ കാണാൻ, രചന: പി. ഭാസ്‌കരൻ,
സംഗീതം: കെ. രാഘവൻ, പാടിയത്: എസ്. ജാനകി)

കണികാണുംനേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
(ചിത്രം: ഓമനക്കുട്ടൻ, രചന: പൂന്താനം,
സംഗീതം: ജി. ദേവരാജൻ,
പാടിയത്: പി. ലീല, രേണുക)

തിരിയൊ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി
നാളെ പുലരിയിൽ വിഷുക്കണി
(ചിത്രം: മൂന്നുപൂക്കൾ, രചന: പി. ഭാസ്‌കരൻ,
സംഗീതം: പുകഴേന്തി,
പാടിയത്: എസ്. ജാനകി)

കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ കരയാമ്പൂ
കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ
ഓ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ
(ചിത്രം: അരയന്നങ്ങളുടെ വീട്,
രചന: ഗിരീഷ് പുത്തഞ്ചേരി,
സംഗീതം: രവീന്ദ്രൻ,
പാടിയത്: പി. ജയചന്ദ്രൻ, മനോ)

കണിക്കൊന്നയല്ല ഞാൻ കണി കാണുന്നതെൻ
കണ്മണിതൻ മോഹമന്ദസ്മിതം
കനവുകളല്ല ഞാൻ കാണുന്നതവളുടെ
കൽപനാവൈഭവമന്ത്രജാലം
(ചിത്രം: ലക്ഷ്മി, രചന: ശ്രീകുമാരൻതമ്പി,
സംഗീതം: ജി. ദേവരാജൻ, പാടിയത്: കെ.ജെ. യേശുദാസ്)


പാട്ടുകൾ തിരഞ്ഞെടുത്തത് ജയരാജ് വാര്യർ