ർച്ചയും ആതിരയും കണിയൊരുക്കി കാത്തിരിക്കുകയാണ്. സ്വന്തം വീട്ടിൽ കണി കാണാൻ, കൈനീട്ടം വാങ്ങാൻ. കണിവെളളരിയും കൊന്നപ്പൂവും വാൽക്കണ്ണാടിയും പിന്നെ ഉണ്ണിക്കണ്ണനെയും കണികാണുമ്പോൾ  ഈ കുരുന്നുകളുടെ മനസിൽ നിറയുന്ന മറ്റൊരു രൂപമുണ്ട്. നടി മഞ്ജുവാര്യർ. 
 
ഓടുന്ന തീവണ്ടികളുടെ ലോക്കൽ കംമ്പാർട്ട്‌മെന്റുകളിലെ ശുചിമുറികൾക്കടുത്തിരുന്ന് ഗൃഹപാഠം ചെയ്തവർ പളളിക്കൂടത്തിലെ ഉച്ചക്കഞ്ഞി ഇവർക്ക് അത്താഴവുമായിരുന്നു. സഹയാത്രികരെല്ലാം ഉറങ്ങുന്നതുവരെ കാത്തിരിക്കണമായിരുന്നു. ആളൊഴിഞ്ഞ സീറ്റിൽ മുഷിഞ്ഞ ഷീറ്റ് വിരിച്ച് തലചായ്ക്കാൻ. സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോയിട്ടും , പളളിക്കൂടത്തിൽ പോകാനും നന്നായി പഠിക്കാനും കൊതിച്ച കുട്ടികൾ. കഷ്ടപ്പാടിന്റെ നടുക്കടലിൽ നിന്നും ഇവരെ നെഞ്ചോട് ചേർത്ത് പിടിച്ചത് മഞ്ജുവാര്യരാണ്. തളരരുതെന്ന്  ഉപദേശിക്കുകമാത്രമല്ല, 13 ലക്ഷം രൂപയിലധികം മുടക്കി ഇവർക്ക് വീട് നിർമിച്ച് കൊടുത്തു. രണ്ട് കിടപ്പുമുറികളും ഹാളും  സിറ്റൗട്ടും അടുക്കളയുമെല്ലാമുളള വീട്. ഒരു കടമുറികൂടിയുണ്ട്. അവിടെ, കുട്ടികളുടെ അച്ഛൻ കാലിന് സ്വാധീനക്കുറവുളള പ്രദീപിന് ചെറിയ കട നടത്താം. 
 
തീവണ്ടി വീട്ടിൽ തീ തിന്ന് ഈ കുടുംബം- എന്ന തലക്കെട്ടിൽ കഴിഞ്ഞ ജൂൺ 30 ന് മാതൃഭൂമി ഒന്നാം പേജിൽ ചേർത്ത വാർത്തയിലൂടെയാണ് ഇവരുടെ ദുരിത ജീവിതം പുറത്തറിയുന്നത്. പളളിപ്പാട് മുല്ലക്കര എൽ.പി.എസിലെ നാലാം ക്ലാസുകാരിയായിരുന്നു ആർച്ച. അനിയത്തി ആതിര രണ്ടിലും. ആർച്ച ക്ലാസിലെ ഒന്നാം സ്ഥാനക്കാരിയാണ്. ഏറ്റവും മിടുക്കി. ഗൃഹപാഠങ്ങളെല്ലാം നന്നായി ചെയ്യുന്നവൾ. പക്ഷേ, പഠനത്തിന്റെ ഇടവേളകളിൽ അവർ ക്ലാസിലിരുന്ന് ഉറങ്ങുക പതിവായിരുന്നു. അധ്യാപികമാർ കാര്യം തിരിക്കിയെങ്കിലും ആദ്യംമൊന്നും കുട്ടി പറഞ്ഞില്ല. ഒടുവിൽ അവൾ മനസ് തുറന്നു. 
 
സ്‌കൂൾ വിട്ടാൽ അമ്മ രമ്യയ്‌ക്കൊപ്പം പോകുന്നത് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്കാണ്. അവിടെ അച്ഛൻ പ്രദീപ് കാത്തിരിക്കും. വൈകുന്നേരം കായംകുളം ഭാഗത്തേക്കുളള തീവണ്ടിയിലാണ് ഇവരുടെ രാത്രിവീടുണരുന്നത്. കൊല്ലത്തേക്കുളള യാത്രയിൽ ഏതെങ്കിലും സ്റ്റേഷനിലിറങ്ങും. തുടർന്ന് എറണാകുളം ഭാഗത്തേക്കുളള തീവണ്ടിയിൽ കയറും. രാത്രി ഏറെ വൈകി എറണാകുളത്തിറങ്ങും. പിന്നാലെ ഹരിപ്പാടിനുളള വണ്ടിയിൽ മടക്കം. ഈ യാത്രയിലാണ് കുട്ടികൾ കുളിച്ചൊരുങ്ങിയിരുന്നത്. 
 
manjuപ്രദീപിന് ഒരു അപകടത്തിലാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ആറ് പ്രാവശ്യം ശസ്ത്രക്രീയ നടത്തി. അമ്മ രമ്യയ്ക്കും ശാരീരികമായി സുഖമില്ല. ആദ്യം ഇവർ വാടക വീട്ടിലായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന പ്രദീപിന് ജോലിക്ക് പോകൻ ബുദ്ധിമുട്ടായി. ഇങ്ങനെ വാടക വീട്ടിൽ നിന്നിറങ്ങേണ്ടിവന്നു. അമ്പലങ്ങളായിരുന്നു പിന്നത്തെ അഭയം. ്അലഞ്ഞ് തിരിയുന്ന സംഘങ്ങൾ അമ്പലങ്ങളിൽ തമ്പടിക്കുന്നത് പതിവായതോടെ രമ്്യ കുട്ടികളുമായി മറ്റ് വഴിതേടി. അങ്ങനെയാണ് ഈ കുടുംബം ഓടുന്ന  തീവണ്ടികളിൽ രാത്രി ജീവിതം ആരംഭിക്കുന്നത്.
'മാതൃഭൂമി വാർത്ത വായിച്ച മഞ്ജുവാര്യർ അന്ന്  രാവിലെ തന്നെ മാതൃഭൂമി ഓഫീസിൽ വിളിച്ചു. ഇനിയൊരിക്കലും ഈ കുടുംബം തീവണ്ടിയിൽ അന്തിയുറങ്ങേണ്ടിവരില്ലെന്ന് വിളിച്ചുപറയുമ്പോൾ മഞ്ജുവാര്യർ തേങ്ങിക്കരയുന്നുണ്ടായിരുന്നു.
 
അന്നുതന്നെ ഹരിപ്പാട്ട് ഇവർക്കായി മഞ്ജു വാടക വീട് കണ്ടെത്തി. പിന്നാലെ് മഞ്ജു നേരിട്ടു വന്നു. രണ്ട് മണിക്കൂറോളം ഇവർക്കൊപ്പം സംസാരിച്ചിരുന്നു. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന മഞ്ജുവാര്യരുടെ വാക്കുകൾ ഇവർക്ക് ആകാശത്തോളം ആത്മവിശ്വാസം പകർന്നതായിരുന്നു. ശ്രീവത്സം ബിസിനസ് ഗ്രൂപ്പ് ഇവർക്ക് വീട് വയ്ക്കാൻ അഞ്ച് സെന്റ് സ്ഥലം നൽകി. ഏവൂർ ക്ഷേത്രത്തിന് വടക്ക് പഞ്ചവടിക്ക് സമീപത്തുളള ഈ സ്ഥലത്താണ് വീട് നിർമിച്ചത്. വീട്ടിൽ കിണറും മോട്ടറും ചുറ്റുമതിലും ഇലക്ട്രിക്കൽ ഉപകരണങ്ങളുമെല്ലാം മഞ്ജുതന്നെ ഏർപ്പാടാക്കിയിരുന്നു.
 
സ്ഥലത്തിന്റെ രേഖ കൈമാറാനും വീടിന് കല്ലിടാനും കഴിഞ്ഞ ദിവസം പാലുകാച്ചാനുമെല്ലാം മഞ്ജുവാര്യർ ഓടിവന്നു. തിരക്കുകളെല്ലാം മാറ്റിവച്ചായിരുന്നു മഞ്ജു ഇവർക്കായി സമയം കണ്ടെത്തിയത്.ജീവിതത്തിലെ ഏറ്റവും വലിയ വിഷുകൈനീട്ടമാണ് ഇത്തവണ തനിക്ക്കിട്ടിയതെന്നാണ് പാലുകാച്ചൽ ചടങ്ങിന് ശേഷം മഞ്ജുവാര്യർ പറഞ്ഞത്. ആർച്ചയുടെയും ആതിരയുടെയും പുഞ്ചിരിയാണ് മഞ്ജു വിഷുകൈനീട്ടമായി സ്വീകരിച്ചത്.
 
manjuആർച്ചയുടെയും ആതിരയുടെയും അധ്യാപകർ ഇവർക്കായി സഹായനിധിക്ക് രൂപം കൊടുത്തിരുന്നു. മാതൃഭൂമിയിൽ ഇവരുടെ ജീവിതം വായിച്ചറിഞ്ഞവർ ചെറുതും വലിതുമായ സഹായം എത്തിച്ചു. ഇങ്ങനെ കിട്ടിയ രണ്ട് ലക്ഷം രൂപ കുട്ടികളുടെ പേരിൽ സ്ഥിരനിക്ഷേപമാക്കിയിരിക്കുകയാണ്. തീവണ്ടിയിലെ അലച്ചിൽ അവസാനിച്ചതോടെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും അവർ പഠനത്തിൽ കൂടുതൽ മിടുക്കരായെന്നും അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. മുല്ലക്കര എൽ.പി.എസിലെ മികച്ച കുട്ടിക്കുളള  സമ്മാനം ഇത്തവണ ആർച്ചയ്ക്കായിരുന്നു.
 
വാടക വീടുകളും തീവണ്ടിയിലെ ജീവിതവും മാത്രം പരിചയിച്ച ഈ കുടുംബം ഇത്തവണ സ്വന്തം വീട്ടിലാണ് വിഷു ആഘോഷിക്കുന്നത്.  ഒത്തിരി അമ്മമാർ ഈ കുട്ടികളെ ഓർത്ത് സങ്കടപ്പെട്ടിട്ടുണ്ട്. അവർ സുരക്ഷിതരായിക്കണേയെന്ന് പ്രാർഥിച്ചവരും ഒപ്പമുണ്ടെന്ന് പറയാൻ പലസ്ഥലങ്ങളിൽ നിന്നായി ഓടിവന്നവരുമുണ്ട്. എല്ലാ പ്രാർഥനകളും സഫലമായി. മഞ്ജുവാര്യർ, വീടിന് സ്ഥലം കൊടുത്ത ശ്രീവത്സംഗ്രൂപ്പ്, കുട്ടികൾക്കൊപ്പം നിന്ന അധ്യാപകർ, നാട്ടുകാർ.... ഇവരുടെയെല്ലാം പ്രാർഥനയുടെ പുണ്യമാണ് ആർച്ചയുടെയും ആതിരയുടെയും ഇത്തവണത്തെ വിഷു.