ഓര്‍മകളുടെ സമൃദ്ധിയില്‍ കാര്‍ഷികനാടായ വയനാടിന് ഇന്ന് വിഷുക്കണി. പോയകാലത്തിന്റെ പെരുമയില്‍ വിത്തും കൈക്കോട്ടുമേന്തി വയലിലേക്ക് നടന്നുപോയ കര്‍ഷകര്‍ ഏറെക്കുറെ നാടിന് ഇന്ന് അന്യമായി, പുതുമഴപെയ്യുമ്പോള്‍ ഉഴുതുമറിക്കുന്ന പാടത്തേക്ക് വിഷുപ്പിറ്റേന്നുതന്നെ വിത്ത് വിതയ്ക്കുന്ന കാലവും. വയലിന്റെ ഒരു മൂലയില്‍ പ്രത്യേകംതയ്യാറാക്കിയ ഇടത്ത് പൊടിമണ്ണില്‍ വിഷുക്കണിക്കാഴ്ചയില്‍ നാഴിയില്‍ നിറച്ചുവെച്ചവിത്താണ് വിതയ്ക്കുക. ഈ വിത്തിന്റെ പൊടിപ്പ് കണ്ടാണ് ഒരാണ്ടിന്റെസമൃദ്ധി കര്‍ഷകര്‍ കണക്കാക്കിയിരുന്നത്.

വിഷു ആദിവാസികളിലും വ്യത്യസ്ത ഭാവങ്ങളില്‍ നിറഞ്ഞിരുന്നു. അടിയാന്‍മാരുടെ ഗദ്ദികയെല്ലാം വിഷുകഴിഞ്ഞാണ് വീടുവീടാന്തരം കയറിയിറങ്ങിയത്. തേന്‍കുറുമര്‍ വനവാസം കഴിഞ്ഞ് നിറയെ കൊന്നപ്പൂക്കള്‍ ശരീരത്തില്‍ ചമയംകെട്ടി വിഷുനാളില്‍ നാട്ടിലിറങ്ങും. സ്ത്രീ വേഷം കെട്ടിയ അടിയാന്‍മാരിലെ പുരുഷന്‍മാരും വിഷുവിന്റെ വരവറിയിച്ച് നാട്ടുവഴിയിലൂടെ വരും. ഇവരെയെല്ലാം ദക്ഷിണയായി നെല്ലും കൈനീട്ടവും നല്‍കിയാണ് കര്‍ഷകഭവനങ്ങള്‍ സ്വീകരിച്ചത്.

വനസ്ഥലിയിലെ കര്‍ണികാരം

വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കുകയെന്നത് നിയോഗമാണ്. കാലങ്ങളായി കൈമാറ്റംചെയ്യപ്പെട്ട ജീവിതചര്യയുമാണിത്.

വനമധ്യത്തിലെ ഈ പൗരാണിക ക്ഷേത്രത്തില്‍ വിഷുവിന് കണികാണാന്‍ തലേദിവസംതന്നെ നിരവധിയാളുകള്‍ വിദൂരത്തുനിന്നുപോലും എത്തിച്ചേരും. കാലങ്ങളായുള്ള ഈ ശീലങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. ക്ഷേത്രമുറ്റത്ത് അടിയാന്‍മാരും ആദിവാസികളുമൊക്കെ ഒത്തുചേരുന്നതോടെ പഴയകാലം തിരിച്ചെത്തുകയായി. കണിക്കൊന്നകള്‍ പൂത്തുലഞ്ഞ തിരുനെല്ലിക്കാടുകളും ഏവരെയും ഇവിടേക്ക് സ്വീകരിക്കുന്നു. കാല്‍നടയായി പോലും തിരുനെല്ലി അമ്പലത്തിലെത്തി പെരുമാളിന്റെ സന്നിധിയില്‍നിന്ന് വരുംകാലത്തിന്റെ നല്ല കാഴ്ചകളിലേക്ക് കണ്ണുതുറന്നവരാണ് വയനാട്ടിലെ മുന്‍തലമുറകള്‍. തിരുനെല്ലിയിലെ വിഷു ഉത്സവം അതുകൊണ്ടുതന്നെ ഗോത്രനാടിന്റെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു.

പാപനാശിനിക്കരയിലെ പുണ്യക്ഷേത്രം

ബ്രഹ്മഗിരിയുടെ താഴ്വാരത്തിലാണ് പൗരാണികത കൈവെടിയാത്ത പാപനാശിനിയും അമ്പലവുമുള്ളത്. കിണറില്ലാത്ത കേരളത്തിലെ ഏകക്ഷേത്രം എന്ന പ്രത്യേകതയും തിരുനെല്ലിക്ക് സ്വന്തമാണ്. ബ്രഹ്മഗിരിയിലെ ശുദ്ധജലം മലഞ്ചെരിവുകളില്‍നിന്ന് കല്‍പ്പാത്തിയിലൂടെയാണ് തിടപ്പള്ളിയിലെത്തുന്നത്. കര്‍ണാടകയില്‍നിന്നുവന്ന കെട്ടിലമ്മയാണ് ക്ഷേത്രത്തിലേക്ക് കിലോമീറ്ററുകളോളം നീളത്തില്‍ കല്‍പ്പാത്തി നിര്‍മിക്കാനുള്ള ചെലവുകള്‍വഹിച്ചത്. ഇതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
 
ക്ഷേത്രവരാഹവും ഇതുതന്നെ. അമ്പലത്തിനോടുചേര്‍ന്ന് അറുപത്തിനാല് തീര്‍ഥങ്ങള്‍ മുമ്പ് ഉണ്ടായിരുന്നവെന്ന നിഗമനമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ഥം. ഇതിനുനടുവിലായി ഉയര്‍ന്നുനില്ക്കുന്ന പാറയില്‍ ശംഖ് ഗദാപത്മവും പാദവും കൊത്തിവെച്ചിട്ടുണ്ട്. പെരുമാളെ അഭിഷേകംചെയ്യുന്ന ജലം ഭൂമിക്കടിയിലൂടെ പഞ്ചതീര്‍ഥത്തില്‍ പതിക്കുന്നുവെന്നാണ് ഐതിഹ്യം.
 
VISHU
കണിയൊരുക്കാന്‍ കാട്ടില്‍ പൂത്തുലഞ്ഞ
കണിക്കൊന്ന. ഫോട്ടോ: പി. ജയേഷ്‌
ഗതകാലപെരുമയില്‍ ഉത്സവമേളം

വിഷു കര്‍ഷകനാടിന്റെ ഉത്സവങ്ങളുടെ പരിസമാപ്തിയും കൃഷി ആരവങ്ങളുടെ തുടക്കവുമാണ്. നിലം ഉഴുതുമുറിക്കാനുള്ള കലപ്പകള്‍ നിരത്താനുള്ള താവകള്‍, പുല്ലിളക്കിമറിക്കാനുള്ള പക്കകള്‍ എന്നിങ്ങനെ കാര്‍ഷിക വയനാടിന്റെ കൃഷിയുപകരണങ്ങളെല്ലാം ഇന്ന് വിസ്മൃതിയിലാണ്. കാര്‍ഷികവര്‍ഷത്തിന്റെ തുടക്കമെന്ന നിലയില്‍ വിഷുവിനും പ്രധാന്യം ഏറെയായിരുന്നു.
 
ഓണം കഴിഞ്ഞാല്‍ നേരം വെളുക്കുകയും വിഷുകഴിഞ്ഞാല്‍ നേരം മോന്തിയാവുകയും ചെയ്യുമെന്നാണ് പഴമക്കാരും പറയുക. വിഷുകഴിയുന്നതോടെ കര്‍ഷകര്‍ മണ്ണിലേക്കിറങ്ങും. വിഷുവോടെ വയനാട്ടിലെ എല്ലാ ഉത്സവങ്ങള്‍ക്കും പരിസമാപ്തിയാവും. പിന്നെ ഓണംകഴിഞ്ഞ് കൊയ്തുമെതിച്ച് വീണ്ടുമൊരു വേനലെത്തണം തിറക്കളങ്ങള്‍ മുതല്‍ പൊടിക്കളംവരെ നീളുന്ന ഈ നാടിന്റെ ഉത്സവമേളങ്ങള്‍ക്കെല്ലാം.
 
മഴയില്‍ ഉഴുതുമുറിയുന്ന പാടത്ത് സമൃദ്ധിയുടെ വിത്തെറിഞ്ഞ് വയല്‍നാടിന്റെ ഓരോ കാലവും നന്മയുടെതായി. മാരി പെയ്തിറങ്ങിയ കഷ്ടപ്പാടുകള്‍ക്കിടയിലും നുറ്റാണ്ടുകള്‍ക്ക് മുമ്പെ ഗോത്ര നാടിന്റെ മനസ്സിന് ഉത്സവങ്ങള്‍ നിറംനല്‍കി. തിറക്കളങ്ങളിലും ക്ഷേത്രമുറ്റത്തും അനുഷ്ഠാനങ്ങളെ ഭവ്യതയോടെ സ്വീകരിച്ചും വള്ളിപ്പടര്‍പ്പുകള്‍ക്ക് മുന്നിലെ കാവുകള്‍ക്ക് മുന്നില്‍ പ്രാര്‍ഥിച്ചുനിന്നും കാലം ഭക്തി സാന്ദ്രമായി.

വയനാടിന്റെ വിശ്വാസപ്രമാണങ്ങളില്‍ തിറയായും കളിയാട്ടമായും ഗദ്ദികയായും ഗുഡയായും ഉത്സവങ്ങള്‍ ഓരോന്നായി കടന്നുപോയി. ഗോത്രജീവിതത്തെ ഒപ്പം കൂട്ടിയ ഈ ഉത്സവങ്ങള്‍ക്കെല്ലാം ചരിത്രം അകമ്പടിനല്‍കി. ഒന്നുമില്ലായ്മയില്‍നിന്നാണ് ഈ നാടിന്റെ പൈതൃകങ്ങള്‍ അടിമുടിവളര്‍ന്നത്. അടിമവേലയുടെ ഓര്‍മകളില്‍ കൊടും മഴയുടെ തണുപ്പില്‍ കരിങ്കല്ലുപോലെ ദൃഢമായിരുന്നു ഈ വിശാസങ്ങളെല്ലാം. കെട്ടുകാഴ്ചകളും ആഡബരങ്ങളുമായി മറ്റു നാടുകളൊക്കെ ഉത്സവങ്ങളുടെ പുതിയമുഖം തേടുമ്പോള്‍ ഗോത്രനാട് ഇന്നും പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.