‘സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീപൊന്മണിച്ചുണ്ടിനാൽ 

കാലത്തിൻ ചുമരിലെ പുഷ്പപഞ്ചാംഗങ്ങൾ മാറ്റി

നീയെത്ര പുഷ്പപഞ്ചാംഗങ്ങൾ മാറ്റി!’

ചുക്ക് എന്ന സിനിമയ്ക്കുവേണ്ടി വയലാർ രാമവർമ എഴുതിയ പ്രശസ്തമായ ഗാനം. വിഷുവിനെക്കുറിച്ചു ചിന്തിച്ചപ്പോൾ പെട്ടെന്നു മനസ്സിൽവന്നത് ഈ വരികളാണ്. നമ്മുടെ പൈതൃകങ്ങളിൽ ആഴ്ന്നിറങ്ങിയിട്ടുള്ള വയലാറിന്റെ ഈ വരികളിൽ വിഷുവിന്റെ കാവ്യാത്മകമായ ഒരു വിവരണമുണ്ട്. സൂര്യന്റെ രാശിമാറ്റമാണ് സംക്രമം. അടുത്ത സംവത്സരത്തിലേക്കുള്ള സംക്രമം. ഭൂമിയിലെ ഒരു നിശ്ചിത സമയത്തിന് സൂര്യചന്ദ്രന്മാരുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഭാരതീയ പ്രാചീനജോതിശാസ്ത്രപ്രകാരം ആഴ്ച, തിഥി, നക്ഷത്രം, നിത്യയോഗം, കരണം എന്നീപേരുകളിൽ അഞ്ചു ഘടകങ്ങളുണ്ട്. ഈ അഞ്ച്‌ അംഗങ്ങളും ചേരുമ്പോൾ പഞ്ചാംഗം ഉണ്ടാകുന്നു.

കാലത്തിൻ ചുമരിലെ പുഷ്പപഞ്ചാംഗം മാറുന്ന മുഹൂർത്തമാണ് ഈ രാശിമാറ്റം. ഈ മാറ്റത്തിന്റെ തുയിലുണർത്തുപാട്ടുമായി വിഷുപ്പക്ഷി എത്തുന്നു. പ്രാചീനഭാരതത്തിൽ എന്നപോലെ പുരാതനകേരളത്തിലും കൊല്ലവർഷം ആരംഭിച്ചിരുന്നത് മാർച്ച്-ഏപ്രിൽ മാസത്തിൽ വരുന്ന മേടരാശിയിലാണ്. ഇതുപോലൊരു രാശിമാറ്റം സെപ്റ്റംബർ-ഒക്ടോബറിൽ വരുന്ന തുലാം രാശിയിലുമുണ്ട്. ആദ്യത്തേത് മേടവിഷു. അടുത്തത് തുലാവിഷു. ഈ രണ്ടു സന്ദർഭങ്ങളിലും ദിനരാത്രങ്ങൾക്ക് തുല്യനീളമായിരിക്കും. ഈ തുല്യതയ്ക്കു പറയുന്ന പേരാണ് വിഷു.

കേരളത്തിലെ ആദിചേരരാജാക്കന്മാരുടെ കാലത്തെ സാമൂഹികജീവിതത്തെക്കുറിച്ചു വിവരിക്കുന്ന പതിറ്റുപ്പത്തിൽ വിഷുവിനെക്കുറിച്ചു പരാമർശമുണ്ട്. വിഷുവിന്റെ പ്രാചീനതയും ദ്രാവിഡപ്പഴമയിൽ ആഘോഷത്തിനുണ്ടായിരുന്ന പ്രാധാന്യവുമാണ് ഈ പരാമർശം കാണിക്കുന്നത്. കേരളത്തിന്റെ പിൽക്കാലചരിത്രത്തിൽ കൊല്ലവർഷാരംഭം ചിങ്ങം ഒന്നിനായതോടെ വിഷുവിന്റെ ആഘോഷപൂർണിമയ്ക്കു മങ്ങലേറ്റിരിക്കാം. എങ്കിലും വിഷുസംവത്സരത്തിന്റെ പൊലിമനിറഞ്ഞ പലതും ഇന്നും മലയാളി നിലനിർത്തുന്നുണ്ട്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുഫലം ഒക്കെ ഒരു നീണ്ട വർഷത്തിലേക്കുള്ള കോപ്പും കണക്കുകൂട്ടലുമാണ്.

ഇനി മഹാകവി വൈലോപ്പിള്ളിയുടെ ഈ വരികൾ ഓർമിക്കാം:
‘പുത്തൻവരിഷത്തിൽ 
പുലരിക്കണികാണാൻ 
എത്തുംകിളി പാടീ 
വിത്തും കൈക്കോട്ടും’
വയലാർ ഓർമിപ്പിച്ച സംവത്സരം തന്നെയാണ് മഹാകവിയുടെ പുത്തൻവരിഷം. വയലാർ കാലപ്പെരുമയുടെ ഒരു ഭാഗം ചൂണ്ടിക്കാണിച്ചപ്പോൾ വൈലോപ്പിള്ളി വിഷുവിനെ നമ്മളോട് കുറച്ചുകൂടി അടുപ്പിക്കുകയാണ്. അവിടെ പുലരിക്കണിയുണ്ട്. കൃഷിയുടെ വിത്തും കൈക്കോട്ടുമുണ്ട്.  വിഷുവിനെക്കുറിച്ച് വൈലോപ്പിള്ളി പല കവിതകളും എഴുതിയിട്ടുണ്ട്. ഇതാ അദ്ദേഹംതന്നെ വരച്ചുതന്നിട്ടുള്ള ഒരു കണിച്ചിത്രം:

‘വെള്ളിപോൽ വിളങ്ങുന്നോ
രോട്ടുരുളിയും കണി
വെള്ളരിക്കയും തേങ്ങാ
മുറികൾ തിരികളും
കൊന്നയും പൊന്നും ചാർത്തി
ച്ചിരിക്കും മഹാലക്ഷ്മി
തന്നുടെ കണ്ണാടിയും
ഞൊറിഞ്ഞ കരമുണ്ടും
അരി കുങ്കുമച്ചെപ്പും
ഐശ്വര്യമഹാറാണി
ക്കരങ്ങു ചമയ്ക്കുവാ
നമ്മയ്ക്കു വശം പണ്ടേ’   
ഐശ്വര്യമഹാറാണിയെ വരവേൽക്കാൻ കണിയൊരുക്കിയ അമ്മയ്ക്കു നല്ല വിരുതാണ്. വീട്ടിലെ മൂത്തസ്ത്രീകളാണ് (മിക്കവാറും അമ്മയോ മുത്തശ്ശിയോ) ആണ് കണിയൊരുക്കുക. കവി വിട്ടുകളഞ്ഞ ചിലതുകൂടി നമ്മുടെ കണിത്തട്ടിൽ ഉണ്ടാവാറുണ്ട്. പഴം, താംബൂലം, വെള്ളിനാണയങ്ങൾ, നിറച്ചെണ്ണ പകർന്നു കൊളുത്തിവെച്ച നിലവിളക്ക്, ചക്ക, മാങ്ങ  തുടങ്ങിയ വീട്ടുവളപ്പിൽ വിരിഞ്ഞ ഫലവർഗങ്ങൾ. കണിത്തട്ടിൽ നിറകാന്തിവീശി ഉണ്ണിക്കണ്ണന്റെ തങ്കരൂപവും ഉണ്ടാവും. വൈലോപ്പിള്ളിയുടെ വിത്തും കൈക്കോട്ടും എന്ന കാർഷികബിംബങ്ങളെക്കുറിച്ചു പരാമർശിക്കുംമുമ്പ് ഉണ്ണിക്കണ്ണനും വിഷുക്കഥയുമായുള്ള ബന്ധം ഒന്നു സൂചിപ്പിച്ചോട്ടെ.

വിഷുവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ ഐതിഹ്യം നരകാസുരവധമാണ്. ഹിരണ്യാക്ഷന് ഭൂമീദേവിയിൽ ജനിച്ച പുത്രനാണ് നരകാസുരൻ. ഭൂമീദേവിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകന് നാരായണാസ്ത്രം നൽകി. അതു കൈയിലുള്ളപ്പോൾ തനിക്കല്ലാതെ മറ്റാർക്കും അവനെ വധിക്കാൻ സാധിക്കുകയില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തു. മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകൻ പ്രാഗ്ജ്യോതിഷം തലസ്ഥാനമാക്കി ദീർഘകാലം ഭരണം നടത്തി. ദേവലോകം ആക്രമിച്ച് ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റക്കുടയും കരസ്ഥമാക്കി. ദേവേന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണൻ സത്യഭാമാസമേതം ഗരുഡാരൂഢനായി പ്രാഗ്‌ജ്യോതിഷത്തിലെത്തി യുദ്ധംചെയ്ത് നരകനെ വധിച്ചു.

നരകൻ തടവിൽ പാർപ്പിച്ചിരുന്ന പതിനാറായിരം രാജകന്യകമാരെ ശ്രീകൃഷ്ണൻ പത്നിമാരായി സ്വീകരിച്ചു. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച  ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. ഭഗവാൻ ശ്രീകൃഷ്ണൻ മാനുഷഭാവംവിട്ട് വൈകുണ്ഠത്തിലേക്ക് മടങ്ങിയത് മേടസംക്രമസന്ധ്യയിലാണെന്നാണ് മറ്റൊരു വിശ്വാസം. അതിനുശേഷം ആരംഭിച്ച  കലിയുഗത്തെ ശ്രീകൃഷ്ണവിഗ്രഹം കണികണ്ടുകൊണ്ടാണ് ജനങ്ങൾ സ്വീകരിച്ചത്. കണ്ണനെ കണികാണുന്നതിന്റെ രഹസ്യം ഇതാണെന്നു കരുതപ്പെടുന്നു. 

രാവണനുമായി ബന്ധപ്പെടുത്തിയും ഒരു വിഷുക്കഥയുണ്ട്. തന്റെ കൊട്ടാരത്തിനുള്ളിൽ സൂര്യപ്രകാശത്തെ രാവണൻ തടഞ്ഞു. ലങ്കയുടെമേൽ സൂര്യനു നേരെച്ചൊവ്വേ ഉദിക്കാൻ കഴിഞ്ഞിരുന്നില്ല. രാമൻ രാവണനിഗ്രഹം നടത്തിയശേഷമാണ് സൂര്യൻ തെളിഞ്ഞു പ്രകാശിച്ചത്. ആ ദിവസത്തിന്റെ ഓർമയിലാണ് വിഷു ആഘോഷിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രണ്ടു നിഗ്രഹകഥകൾക്കും ദീപാവലിയുമായും ബന്ധമുള്ളകാര്യം ഇവിടെ ഓർക്കാം.

ഇനി ‘വിത്തും കൈക്കൊട്ടി’ലേക്കും നമുക്കു മടങ്ങിച്ചെല്ലാം. വിഷുവിനോട് അനുബന്ധിച്ച്  ചാലിടീൽ കർമം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിങ്ങനെ പല ആചാരങ്ങളുമുണ്ട്. ഇവയിൽ ഏറ്റവും പ്രമുഖമായ ചാലിടീലും കൈക്കോട്ടുചാലും വിത്തും കൈക്കോട്ടുമായി നേരിട്ടു ബന്ധമുള്ളവയാണ്. വിഷുസദ്യക്ക്‌ മുൻപായി നടത്തുന്ന ആചാരമാണ് ചാലിടീൽ. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതാണ് ചാലിടീൽ. കന്നുകാലികളെ കുളിപ്പിച്ച്, കുറിതൊടീച്ച്,  കൊന്നപ്പൂങ്കുലകൊണ്ടലങ്കരിച്ച് കൃഷിസ്ഥലത്ത് എത്തിക്കുന്നു. കാർഷികോപകരണങ്ങൾ എല്ലാം പുതിയവയായിരിക്കും.

കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്നു. കൈക്കോട്ടുചാൽ വിഷുസദ്യക്കുശേഷം നടത്തുന്ന  ആചാരമാണ്. പുതിയ കൈക്കോട്ടു കഴുകി, കുറിതൊടുവിച്ച്, കൊന്നപ്പൂക്കൾകൊണ്ട് അലങ്കരിക്കുന്നു. അണിയിച്ചൊരുക്കിയ കൈക്കോട്ട് വീടിന്റെ കിഴക്കുപടിഞ്ഞാറു ഭാഗത്തുവെച്ച് പൂജിച്ച് കുറച്ചു സ്ഥലം കൊത്തിക്കിളയ്ക്കുന്നു. അവിടെ കുഴികുത്തി നവധാന്യങ്ങൾ, പച്ചക്കറിവിത്തുകൾ എന്നിവ നടുന്നു. അങ്ങനെ പാടത്തും പറമ്പിലും ഒരേദിവസം കൃഷി തുടങ്ങുന്നു. 

കർണ്ണികാരം എന്ന് കുമാരസംഭവത്തിൽവരെ അഴകിന്റെ മുഴുരൂപമായി വർണിച്ചിട്ടുള്ള കൊന്നപ്പൂവിനെക്കുറിച്ചുകൂടി പറയാതെ വിഷുസ്മൃതി പൂർണമാവില്ല. കേരളത്തിന്റെ ദേശീയപുഷ്പമാണ് കണിക്കൊന്ന. മേടമാസത്തിൽ മറ്റു ചെടികൾ വാടിക്കരിയുമ്പോഴും കണിക്കൊന്നമാത്രം പൂത്തുലഞ്ഞുനിൽക്കുന്നു. അതുകൊണ്ടാവാം ഈ സ്വർണപ്പൂവ് വിഷുവുത്സവത്തിന്റെ തൃക്കണിപ്പൂവായിമാറിയത്. പ്രകൃതിയുടെ പൊൻകിരീടമാണ് കൊന്നപ്പൂക്കൾ. കണിയൊരുക്കുന്ന ഓട്ടുരുളി പ്രപഞ്ചത്തിന്റെ പ്രതിബിംബമാണ്. ഉരുളിയിലെ പുസ്തകം അക്ഷരദേവതയാണ്. വിളക്കിലെ തിരികൾ കാലപുരുഷന്റെ കണ്ണുകളാണ്. ഫലങ്ങൾ  മുഖശ്രീയും. സ്വർണവർണംപൂണ്ട മനോഹരമായ കൊന്നപ്പൂക്കൾ  കാലപുരുഷന്റെ പൊന്നിൻകിരീടമാണെന്നാണ് സങ്കല്പം. ഉരുളിയിൽ വാൽക്കണ്ണാടിവെച്ച് ലക്ഷ്മിയെ സങ്കല്പിക്കുന്നവരും കൊന്നയെ ഐശ്വര്യത്തിന്റെ പ്രതീകമായായിക്കാണുന്നു.

കൊന്നപ്പൂവിനുമുണ്ട് അയവിറക്കാൻ ചില പൂർവസ്മൃതികൾ. കഠിനതപസ്സിലൂടെ ഗർഗമുനി നേടിയ സിദ്ധികൾ ഇല്ലാതാക്കാൻ ഇന്ദ്രൻ ഒരു ദേവാംഗനയെ അയച്ചു. തന്നെ ഭ്രമിപ്പിക്കുന്നത് ആ ദേവാംഗനയുടെ സൗന്ദര്യത്തെക്കാൾ  അവൾ ചൂടിയ കൊന്നപ്പൂക്കളുടെ അഴകാണെന്ന് ഗർഗമുനി മനസ്സിലാക്കി. അതോടെ മുനി ശപിച്ചു. ആരും തലയിൽ ചൂടാതെ പൂജയ്ക്കെടുക്കാത്ത പൂവായിപ്പോകട്ടെ എന്ന്. കൊന്നമരത്തിന്റെ  മഞ്ഞവിതാനത്തിനു താഴെവെച്ചാണ് ദുഷ്യന്തനും ശകുന്തളയും ആദ്യദർശനത്തിൽത്തന്നെ  അനുരക്തരായത്.  

കൊന്ന സമൂലം ഔഷധം കൂടിയാണ്. പൂവും തടിയും തൊലിയും വേരുമെല്ലാം ഔഷധഗുണമുള്ളവതന്നെ. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മചെയ്യാനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ഇല്ലാതാക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോൽ കഷായംവെച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാൽ ത്വഗ്രോഗങ്ങൾ മാറിക്കിട്ടും. കൊന്നത്തൊലി, ചന്ദനം, ത്രിഫലത്തൊണ്ട്, മുന്തിരിങ്ങ എന്നിവ സമംചേർത്ത് കഷായംവെച്ച് സേവിച്ചാൽ ദുർഗന്ധത്തോടെ നുരയും പതയുമായി മൂത്രംപോകുന്ന അസുഖത്തിന് ശമനം കിട്ടും. നോക്കൂ, മലയാളി വിശുദ്ധപൂവായി, വിഷുപ്പൂവായി തിരഞ്ഞെടുത്തിട്ടുള്ള കൊന്നയുടെ പ്രത്യേകതകൾ.വൈലോപ്പിള്ളിയുടെതന്നെ വരികൾ ആശംസയായി അർപ്പിച്ച് ഈ ലഘുവിഷുസ്മൃതി ഉപസംഹരിക്കാം. 

‘ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും’