ശബരിമല: ശബരിമല സന്നിധാനത്ത് വിഷുക്കണിദര്‍ശനം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണി മുതല്‍. വ്യാഴാഴ്ച രാത്രി കണിദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തും. കണിക്കൊന്നപൂക്കള്‍ കൊണ്ട് ശ്രീലകം അലങ്കരിക്കും.

സ്വര്‍ണപ്പാത്രത്തില്‍ അരിയും പഴവര്‍ഗങ്ങളും സ്വര്‍ണാഭരണങ്ങളും അലക്കിയ കസവുമുണ്ടും വെച്ച് തയ്യാറാക്കിയ കണി വെള്ളിയാഴ്ച രാവിലെ ദീപം തെളിച്ച് ഭഗവാനു മുന്നില്‍ സമര്‍പ്പിക്കും.

നെയ്വിളക്കിന്‍പ്രഭയില്‍ ഭഗവാനെ കണികാണാന്‍ ആയിരങ്ങളെത്തും. കണിദര്‍ശനത്തിനുശേഷം സോപാനത്ത് വിഷുക്കൈനീട്ടം നല്‍കും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും നാണയങ്ങള്‍ കൈനീട്ടമായി നല്‍കും. 7.30ന് നെയ്യഭിഷേകം തുടങ്ങും.

ഉച്ചയ്ക്ക് പൂജിച്ച കളഭം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ഉച്ചപ്പൂജാസമയത്ത് അഭിഷേകം ചെയ്യും. ഉദയാസ്തമനപൂജ, പടിപൂജ എന്നിവയും ഉണ്ടാകും. വിഷു ആഘോഷത്തിനുശേഷം 18ന് രാത്രി 10ന് നട അടയ്ക്കും.