പൂരം ഓരോ കാഴ്ചക്കാരന്റെയും കണ്ണില്‍ വ്യത്യസ്ത കാഴ്ചകളാണ്. താളങ്ങള്‍ക്കും മേളങ്ങള്‍ക്കും ആനകള്‍ക്കും വെടിക്കെട്ടിനും പുറമെ കാണാത്ത കാഴ്ചകളുടെ വിശേഷങ്ങള്‍ കൂടിയാണ് ഓരോ പൂരപ്രേമികള്‍ക്കും പൂരക്കാഴ്ചകള്‍. ആദ്യമായി കണ്ട പൂരത്തിന് രുചി അല്‍പ്പം കൂടുമെങ്കിലും എത്ര കണ്ടിട്ടും ഒന്നും കണ്ടില്ല എന്നൊരു തോന്നലുണ്ട് അവസാന മണിക്കൂറുകളിലേക്കെത്തിനില്‍ക്കുമ്പോള്‍. അത്രയേറെ കാഴ്ചകളുടെ വിസ്മയാണ് തേക്കിന്‍കാട് മൈതാനവും തൃശ്ശൂര്‍ ദേശവും സമ്മാനിച്ചത്. 

കോഴിക്കോടന്‍ ഹല്‍വപ്പെരുമ

ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും കോഴിക്കോടന്‍ രുചിപ്പെരുമയ്ക്ക് ചെറിയൊരു പങ്കെങ്കിലുമുണ്ടാവും. പ്രതീക്ഷിച്ചത് പോലെ തൃശ്ശൂര്‍ പൂര നഗരിയിലും അതിനൊരു കുറവുണ്ടായില്ല. കോഴിക്കോടന്‍ ഹല്‍വയെന്ന പേരിലും കോഴിക്കോടന്‍ കുലുക്കി സര്‍ബത്തെന്ന പേരിലും കോഴിക്കോടന്‍ പാല്‍ സര്‍ബത്തെന്ന പേരിലും  പൂരനഗരയില്‍ എങ്ങും നിറ സാന്നിധ്യമാകുന്നുണ്ട് കോഴിക്കോടന്‍ കച്ചവടക്കാര്‍. കോഴിക്കോടന്‍ എന്ന പേര് മുന്നിലിട്ട് കച്ചവടത്തിന് ആളെകൂട്ടാനുള്ള വഴിയാണോയെന്ന് ഉറപ്പില്ലെങ്കിലും രുചിപ്പെരുമയിയില്‍ കോഴിക്കോടിന്റെ അംഗീകാരം തന്നെയാണ്  ഓരോ സ്റ്റാളുകളും ചൂണ്ടിക്കാട്ടുന്നത്. ചൂടിന്റെ ശക്തി അതി കഠിനമായത് കൊണ്ട് തന്നെ ഒരു പക്ഷെ ഈ പൂരത്തിന് റെക്കോര്‍ഡ് കച്ചവടമിട്ടതും ഇത്തരം രുചിയേറും കുട്ടിക്കടകള്‍ തന്നെയാണെന്ന് പറയാം. പേരിന് മുന്നില്‍ അലങ്കാരം പോലെ കോഴിക്കോടന്‍ എന്ന വാക്കുപയോഗിച്ചത് കൊണ്ട് സര്‍ബത്ത് കടയിലും മോര് കടയിലുമെല്ലാം ഒരു ചെറുപൂരത്തിന്റെ തിരക്ക് തന്നെയുണ്ട്.

മോര് കട അത്ര നിസാരക്കാരനല്ല

pooramചുട്ട് പഴുത്ത സൂര്യനാണ് തേക്കിന്‍ കാട് മൈതാനത്തെ പൂരപ്രേമികളുടെ പ്രധാന വില്ലനെങ്കിലും സൗജന്യ സംഭാര വിതരണവും കുടിവെള്ള വിതരണവുമായി കര്‍മ നിരതരായ ഒരുകൂട്ടം ആളുകളുണ്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തേക്കിന്‍ കാട് മൈതാനത്തില്‍. ഒരു കുപ്പി വെള്ളത്തിന് പുറമെയുള്ള കച്ചവടക്കാര്‍ ഇരുപതും മുപ്പതും രൂപ വാങ്ങിക്കുമ്പോഴാണ്  സൗജന്യ സംഭാര വിതരണവും കുടിവെള്ള വിതരണവുമായി പല സംഘങ്ങളും മുന്നോട്ട് വന്നിരിക്കുന്നത്. പൂരത്തിനെത്തുന്ന നാടോടികള്‍ക്കും അന്യസംസ്ഥാന കച്ചവടക്കാര്‍ക്കും താങ്ങാവുന്നതില്‍ ഏറെയാണ് ഇങ്ങനെയുള്ള കുപ്പിവെള്ള കുടിയെങ്കിലും സൗജന്യ കുടിവെള്ള വിതരണത്തിലൂടെ വലിയ സഹായമാണ് തൃശ്ശൂരുകാര്‍ നല്‍കുന്നത്. കറിവേപ്പിലയും പച്ചമുളകും ഉപ്പുമിട്ട് ഉഷാറാക്കിയ സംഭാരം സൗജന്യമല്ലേ എന്ന് കരുതി മുന്‍ കൂട്ടി കുടിച്ചിടുന്നവരും സ്റ്റാളിന് മുന്നിലെ ചില കാഴ്ചയില്‍ പെടും. 

പൂരത്തിനിടയിലെ കൊമ്പന്‍ മജീഷ്യന്‍

Magicianപൂരക്കാഴ്ചകള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തേക്കന്‍കാട് മൈതാനം മുഴുവന്‍ ചുറ്റിത്തിരിയണം. അവിടെ പലതരം മനുഷ്യരുടെ കൂട്ടങ്ങള്‍ ഓരോ കാഴ്ചക്കാരനെയും കാത്തിരിക്കുന്നുണ്ടാവും. അങ്ങനെയുള്ള കറക്കത്തിനിടെയാണ് ഇരുമ്പ് കൂട്ടം കൊണ്ട് കെട്ടുകള്‍ വീഴ്ത്തി, കടലാസ് കെട്ടുകള്‍കൊണ്ട് നോട്ടുകെട്ടുകളെയുണ്ടാക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന കൊമ്പന്‍മീശക്കാരനെ കണ്ട് മുട്ടിയത്. സ്വയം നല്‍കിയ പേര് മജീഷ്യന്‍ ഗോപിനാഥന്‍ പിള്ള. കൊല്ലം അഷ്ടമുടിയിലാണ് ഈ എഴുപതുകാരന്റെ സ്വദേശമെങ്കിലും പൂരമെവിടെയുണ്ടെങ്കിലും അവിടെ ഗോപിനാഥന്‍ പിള്ളയുണ്ടാകാറുണ്ടെന്ന് പരിചയക്കാര്‍ പറയുന്നു. നാടാകെ നാടൊക്കെ തിരിഞ്ഞ് പലതരം മാജിക്കുകള്‍ കാണിച്ച് ആളുകളെ കയ്യിലെടുക്കുകയാണ് ഇയാളുടെ പ്രധാന ജോലി. ഇത്തരം മാജിക്ക് ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പനയും നടത്തുന്നുണ്ട് ഇദ്ദേഹം. ഊരാക്കുടുക്കെന്ന പേരില്‍ പരിചയപ്പെടുത്തിയ ഇരുമ്പ് കൂട്ടങ്ങള്‍ക്ക് 100 രൂപയാണ് വില. ഒരു കെട്ട് കടലാസ് കൊണ്ട് നോട്ടുകെട്ടുകളെ ഉണ്ടാക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്യന്ന കടലാസ് കെട്ടുകള്‍ക്ക് വില 20 രുപയും. 

ഇതൊരു ജീവിതപ്പൂരം

pooramപൂരത്തിനെത്തിയാല്‍ മേളമൊന്ന് കേള്‍ക്കാം, ആനകളെ മതിമറന്ന് കാണാം, ചെവി പൊട്ടുംവരെ അമിട്ടുകള്‍ ആസ്വദിക്കാം, മാനത്ത് ചിത്രങ്ങള്‍ തീര്‍ക്കുന്ന വര്‍ണങ്ങളുടെ കാഴ്ചകള്‍ കാണാം. ഇത് സാധാരണ പൂരപ്രേമിയുടെ തൃശ്ശൂര്‍ പൂരം. എന്നാല്‍ ഇത് ജീവിതപ്പൂരമാക്കുന്ന നിരവധി മനുഷ്യരുണ്ട് മൈതാനത്ത് മുഴുവന്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍. അവര്‍ക്ക് ആനയില്ല, വെടിക്കെട്ടില്ല, തലയെടുപ്പുള്ള നെറ്റിയില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയ ആനകളുടെ കാഴ്ചയില്ല. പകരം സ്വന്തം ദേഹത്ത് മുറിവേല്‍പിച്ച് പാട്ടുകള്‍ പാടി കൈക്കുഞ്ഞുങ്ങളെ പൊരിവെയിലത്ത് നിര്‍ത്തി ഡാന്‍സ് കളിപ്പിച്ച് അവര്‍ ഒരു നേരത്തെ അന്നത്തിന് വേണ്ടിയുള്ള പണം കണ്ടെത്തുകയാണ്.

മറ്റുചിലരാണെങ്കില്‍ വളയങ്ങള്‍ക്കിടയിലൂടെ പറന്നിറങ്ങി കാല് പൊക്കി സര്‍ക്കസുകള്‍ കാട്ടുന്നു. അന്യ സംസ്ഥാനക്കാരാണ് ഇങ്ങനെയുള്ള കുഞ്ഞ് ജീവിത സര്‍ക്കസുമായി പൂരപ്പറമ്പിലേക്ക് കൂട്ടമായെത്തിയത്.  വളയും മാലയും കളിപ്പാട്ടവും മുഖം മൂടിയുമായി വലിയൊരും സംഘം രണ്ട് ദിവസം മുന്നെ വടക്കുംനാഥന്റെ മുന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തൃശ്ശൂര്‍ പൂരം ഒരു വിഭാഗക്കാര്‍ക്ക് ജീവിതപ്പൂരം കൂടിയാവുന്നത്.

ആനയെപോലും കാണാനാവാത്തവര്‍ക്കുമുണ്ട് പൂരം

pooramതിടമ്പേറ്റിയ പത്മനാഭനും ശിവസുന്ദരനും തലെയെടുപ്പ് കൊണ്ട് പൂരപ്രേമികളെയും ആനപ്രേമികളും ആവേശത്തിലാക്കുമ്പോള്‍ പൂരത്തിനെത്തിയെങ്കിലും നല്ല രീതിയില്‍ ഒരു കുട്ടിയാനയെ പോലും കാണാനാവാത്തവര്‍ക്കുമുണ്ട് തൃശ്ശൂര്‍ പൂരം. സ്വന്തം സുരക്ഷനോക്കാതെ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട കാക്കിപ്പൂരക്കാര്‍. ദിവസങ്ങളോളമായി പൊരിവെയിലത്ത് ഇവര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടെങ്കിലും പലര്‍ക്കും ഒരു കുട്ടിയാനയെ പോലും കാണാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും  പൂരം കണ്ടെന്ന വിശ്വാസത്താല്‍ തങ്ങളുടെ കൃത്യ നിര്‍വ്വഹണത്തിലേക്ക് തിരിയുകയാണ് ഓരോ കാക്കിക്കാരനും.

തൃശ്ശൂരുകാരുടെ ആനപ്രേമം

elephantപൂരത്തലേന്ന് തേക്കിന്‍ മൈതാനത്തിലൂടെയൊന്ന് കറങ്ങണം. പേരിന് കാടിന്റെ അനുജന്‍പോലുമില്ലാത്ത തേക്കിന്‍കാട് മൈതാനം ശരിക്കും ഇതൊരു ആനക്കാടാണോയെന്ന് സംശയിച്ച് പോവന്ന ദിവസമാണ് അന്ന്. അത്രയേറെ ആനകളെ നിരത്തി നിര്‍ത്തിയിട്ടുള്ള മറ്റൊരുത്സവം എവിടെയങ്കിലുമുണ്ടാകുമോയെന്നത് തന്നെ സംശയമാണ്. വിവിധ വലുപ്പത്തിലും തലയെടുപ്പിലുമുള്ള ആനകളുടെ ഈ വിസ്മയക്കാഴ്ചയാണ് തൃശ്ശൂര്‍ പൂരത്തിന്റെ കാഴ്ചയില്‍ പ്രധാനി. അതുകൊണ്ട് തന്നെയാണ് തൃശ്ശൂര്‍ പൂരത്തിനെ ആനപ്പൂരമെന്ന് വിശേഷിക്കുന്നതും. ആനയിലൊന്നിനെ ഒറ്റനോട്ടത്തിലൊന്ന് കണ്ടാല്‍ മതി ഇത് മ്മ്‌ടെ ശിവശങ്കരനാണ് ട്ടോ എന്ന് ഉറപ്പിച്ച് പറയാന്‍ ഒരു പക്ഷെ തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രമേ കഴിയൂ. അത്രയേറെയുണ്ട് തൃശ്ശൂരുകാരുടെ ആനപ്രേമം. മണ്ണൂത്തിയിലെ ആന പഠനകേന്ദ്രം മതി തൃശ്ശൂരുകാരും ആനകളും തമ്മിലുള്ള ബന്ധമറിയാന്‍. കേരളത്തിലെ നാട്ടാനകളുടെ ചരിത്രവും വര്‍ത്തമാനവുമറിയുന്ന എലിഫെന്റ സ്‌ക്വാഡ് അംഗങ്ങളും തൃശ്ശൂരിലെ ആനവിശേഷത്തിന്റെ ഭാഗമാണ്.