കണ്ണെത്താ ദൂരത്തോളമുള്ള ആനകളുടെ വിസ്മയ കാഴ്ചയാണ് തൃശ്ശൂര്‍ പൂരം. വെറും വെടിക്കെട്ടിനും വര്‍ണ വിസ്മയങ്ങള്‍ക്കുമപ്പുറം ഗജവീരന്മാരുടെയും കുറുമ്പുകാട്ടി പേടിപ്പിക്കുന്ന കുട്ടിക്കൊമ്പന്‍മാരുടെയും കാഴ്ചകള്‍ ഒരിക്കല്‍ പൂരത്തിനെത്തിയവര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുന്ന കാഴ്ചയല്ല. അതുകൊണ്ട് തന്നെയാണ് പൂരത്തലേന്ന് ആരോഗ്യ പരിശോധനയ്‌ക്കെത്തുന്ന ആനകളുടെ മതിമറന്ന കാഴ്ചകള്‍ കാണാന്‍ വടക്കുന്നാഥന്റെ മുന്നിലേക്ക് ജനസാഗരങ്ങള്‍ ഒഴുകിയെത്തിയത്. 

ആനകളെ ആഘോഷങ്ങള്‍ക്ക് കൊണ്ടുപോവാനായി മൃഗസംരക്ഷണ നിയമപ്രകാരം കടമ്പകള്‍ ഏറെയാണ് മറികടക്കാനുള്ളത്. അതുകൊണ്ട് തന്നെ ശക്തമായ പരിശോധനയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയതെന്ന് മണ്ണൂത്തി ആനപഠന കേന്ദ്രം മേധാവി ഡോ.ടി.വി രാജീവ് ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ചത്തെ പൂരത്തിന് അണി നിരത്താന്‍ പാറേമക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും ഏകദേശം എണ്‍പതോളം ആനകളെയാണ് തേക്കിന്‍കാട് മൈതാനത്തിന് മുന്നില്‍ പരിശോധന കഴിഞ്ഞ് എത്തിച്ചിരുന്നത്. 

ഉത്സവങ്ങള്‍ക്കെത്തുന്ന ആനകളുടെ മാനസികാവസ്ഥ അത്ര നല്ലരീതിയില്‍ ആയിരിക്കില്ല എന്നത് കൊണ്ട് തന്നെ ആനകളുടെ ആരോഗ്യപരിശോധന, സ്വാഭാവ പരിശോധന, മൈക്രോചിപ്പ് പരിശോധന, ഡാറ്റാബുക്ക്, ഓണര്‍ഷിപ്പ് പരിശോധന എന്നിവ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആനകളെ ഉത്സവപന്തലില്‍ നിരത്താനുള്ള ആനുവാദം പാപ്പാന്‍മാര്‍ക്ക് ലഭിക്കുകയുള്ളൂ. 2003 ലെ നാട്ടാന പരിപാലന നിയമം ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. അത് ഉത്സവത്തിനെത്തുന്ന ജനങ്ങള്‍ക്ക് ഏറെ സുരക്ഷിതത്വം നല്‍കുന്നതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 

elephant
ഫോട്ടോ: സനൂപ്. കെ

ആനപ്രാന്തന്മാരെന്ന് തൃശ്ശൂര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന എലിഫന്റ് സക്വാഡ് അംഗങ്ങളാണ് തൃശ്ശൂര്‍പൂരത്തിലെ ആന വിശേഷങ്ങളില്‍ മറ്റൊരു പ്രധാന കാര്യം. പേരമംഗലം ആസ്ഥാനമാക്കിയുള്ള എലിഫന്റ് സ്വാഡ് അംഗങ്ങള്‍ സദാസമയവും ആനകളെ പരിചരിച്ച് കൊണ്ട് രണ്ട് ദിവസം മുമ്പെ തൃശ്ശൂര്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്. ജനങ്ങളുടെ പരിചരണമാണ് ഇവരുടെ പ്രധാന ലക്ഷ്യമെങ്കിലും പ്രോകോപിതരാകുന്ന ഗജവീരന്മാരെ തളയ്ക്കാനുള്ള പ്രത്യേക പരിശീലനം നേടിയവരാണ് ഇവരില്‍ പലരും. അതുകൊണ്ട് തന്നെ ഓരോ ആനയുടെയും സ്വഭാവ വിശേഷണങ്ങള്‍, രീതികള്‍, മദപ്പാടുകള്‍ എന്നിവയെല്ലാം ഇവര്‍ക്ക് ഒരു നോട്ടം കൊണ്ട് തന്നെ മനസിലാവുകയും ചെയ്യും. തൃശ്ശൂരില്‍ മാത്രമല്ല കേരളത്തില്‍ എവിടെയും പൂരത്തിനെത്തുന്ന ആനകളുടെ സമ്പൂര്‍ണ വിവരവും ഇവരുടെ കൈയിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 

പൂരങ്ങളുടെ പൂരം, ആഘോഷങ്ങളുടെ പൂരം, മേളങ്ങളുടെ പൂരം ഇങ്ങനെ തൃശ്ശൂര്‍ പൂരത്തിന് വിശേഷണങ്ങള്‍ ഏറെയാണെങ്കിലും ഏറ്റവും മികച്ച ഗജവീരന്മാരുടെ ചമയ കാഴ്ചകള്‍ തന്നെയാണ് തൃശ്ശൂര്‍ പൂരത്തിന്റെ പകിട്ട്. പറേമക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ ഗജവീരന്മാര്‍ തിടമ്പേറ്റി അഭിമുഖമായി നിന്നുകൊണ്ടുള്ള കുടമാറ്റമാണ് പൂരനാളായ വെള്ളിയാഴ്ചയിലെ പ്രധാന കാഴ്ച. ഇതിനായുള്ള കാത്തിരിപ്പിലാണ്  തൃശ്ശൂര്‍ക്കാരും പൂരപ്രേമികളും.