capകണ്ണൂര്‍: പുണ്യമാസത്തില്‍ വിശ്വാസികള്‍ക്കായി വൈവിധ്യമാര്‍ന്ന തൊപ്പികള്‍ വിപണിയില്‍. പെരുന്നാള്‍ അടുത്തതോടെ നിസ്‌കാരത്തിനായി പുത്തന്‍തൊപ്പികള്‍ വാങ്ങാനുള്ള തിരക്കിലാണ് ഏവരും. ചൈനീസ് തൊപ്പികള്‍ക്കാണ് വപണിയില്‍ ആവശ്യക്കാരേറെ.

വിലക്കുറവും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമാണ് ചൈനീസ് തൊപ്പികളെ പ്രിയങ്കരമാകുന്നത്. 40 മുതല്‍ 80 വരെയാണ് ചൈനീസ് തൊപ്പികളുടെ വില. ചൈനീസിനെ കൂടാതെ വിദേശികളായി ഒമാന്‍, സൗദി, നേപ്പാള്‍ എന്നിവിടങ്ങളിലെ തൊപ്പിയും വിപണിയിലെ താരങ്ങളാണ്.

ഇന്ത്യയുടെ സ്വന്തം അബ്ദുള്ളത്തൊപ്പിയുടെയും കാസര്‍കോടിന്റെ തളങ്കരത്തൊപ്പിയുടെയും പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന വിശ്വാസികളും ഏറെ. വിപണിയില്‍ എത്ര പുത്തന്‍ ഇനങ്ങളെത്തിയാലും ഇവര്‍ക്ക് വേണ്ടത് നാടിന്റെ തനിമ വിളിച്ചോതുന്ന ഇത്തരം തൊപ്പികള്‍ തന്നെ. തളങ്കരത്തൊപ്പിക്ക് 150 മുതല്‍ 250 വരെയും ഒമാന്‍ തൊപ്പിക്ക് 250 രൂപയ്ക്ക് മുകളിലുമാണ് വില.

70 രൂപയ്ക്ക് മുകളിലുള്ള വര്‍ണ്ണത്തൊപ്പികള്‍ കുട്ടികള്‍ക്കായി എത്തിയിട്ടുണ്ട്. 30 രൂപയുടെ സഫാരി തൊപ്പിക്കും ആവശ്യക്കാരേറെ. ചൈനീസ് തൊപ്പികളില്‍ സുഷിരങ്ങളുള്ള തൊപ്പിയാണ് യുവാക്കളുടെ ഹരം.