ജീവിതം എന്ന അദ്ധ്യാത്മപാഠശാലജി.യുടെ നോട്ട്ബുക്കി'ല്‍ മഹാകവി എഴുതുന്നു: 'ഭാരതത്തിന്റെ ഔന്നത്യവും മഹത്ത്വവും കണ്ടറിയുന്നതിന് വിന്ധ്യഹിമാചലശൃംഗങ്ങള്‍മാത്രം കയറിയിറങ്ങിയാല്‍പ്പോരാ. അതിന് രാമായണമഹാഭാരതാദി കൃതികളുടെ സമുന്നതശൃംഗങ്ങള്‍കൂടി കയറിയിറങ്ങണം.

നമ്മുടെ രാഷ്ട്രത്തിന്റെ ജീവചരിത്രഗ്രന്ഥമാണ് രാമായണം. രാമായണം ഭാരതഹൃദയംതന്നെ. ഹൃദയത്തിന് അറകള്‍ നാല്. രാമായണത്തിനും അതേ. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ നാല് അറകള്‍. നാലും ഒന്ന്. ഹൃദയം രക്തത്തെ ശുദ്ധീകരിക്കുന്നതുപോലെ, രാമായണം നാടിന്റെ ധര്‍മജീവിതത്തെ അനുനിമിഷം ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.സാഹചര്യങ്ങളുടെ ദ്വന്ദ്വഭാവത്തെഅനുകൂലമായാലും പ്രതികൂലമായാലും സമചിത്തതയോടെ അംഗീകരിക്കുന്നവര്‍ക്കുമാത്രമേ ലക്ഷ്യംനേടാന്‍ കഴിയൂ. സ്‌നേഹം, പരസ്പരധാരണ, ക്ഷമ, ത്യാഗം, കര്‍മോത്സാഹം, കഠിനമായ സഹനം തുടങ്ങിയ ഗുണങ്ങളുള്ളവര്‍ക്കുമാത്രമേ വിജയംവരിക്കാനാവൂ. രാമജീവിതം അതിനുമാതൃക.

മന്ഥരയും ശൂര്‍പ്പണഖയുമാണ് രാമകഥ ലക്ഷ്യത്തിലേക്ക് വഴിതിരിച്ചുവിട്ട രണ്ട് സ്ത്രീകഥാപാത്രങ്ങള്‍. മന്ഥര, സ്വന്തമായി എന്തെങ്കിലും നേടാനായിരുന്നില്ല കൈകേയിയെ നിര്‍ബന്ധിച്ചതും ദശരഥന്‍ നല്‍കിയ രണ്ടുവരങ്ങളും അപ്പോള്‍ത്തന്നെ നേടിയെടുക്കാന്‍ പ്രേരിപ്പിച്ചതും. അല്ലെങ്കില്‍ എങ്ങനെയാണ് രാമന് വനവാസം ലഭിക്കുക? അതില്ലാതെ എങ്ങനെയാണ് രാവണനിലേക്കെത്തുക? ശൂര്‍പ്പണഖ രാമലക്ഷ്മണന്മാരില്‍ ആകൃഷ്ടയായി, തുടര്‍ന്ന് അപമാനിതയായി രാവണസമക്ഷം ചെന്ന് പരിവേദനംചെയ്ത് സൂചനകള്‍ നല്‍കിയതുകൊണ്ടല്ലെങ്കില്‍ എങ്ങനെയാണ് സീതാപഹരണം നടക്കുക? രാമന് എങ്ങനെയാണ് രാവണവധം സാധിക്കുക?

വിധിയുടെ എല്ലാ കരുനീക്കങ്ങളും ലക്ഷ്യത്തിലേക്ക്. എല്ലാം നല്ലതിന്. താപസിയായ ശബരി കാത്തിരുന്നത് രാമലക്ഷ്മണന്മാര്‍ക്ക് കിഷ്‌കിന്ധയിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍മാത്രം! അവിടെനിന്നാണല്ലോ അടുത്ത വഴിത്തിരിവ്.സഖ്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും ബന്ധങ്ങളുടെയും സത്യപാലനത്തിന്റെയും പരിശുദ്ധി തെളിയിച്ച് ജീവിതവ്യാഖ്യാനം നടത്തുകയാണ് ആദികവി. മണ്ണില്‍ ചവിട്ടിനടന്നവരായിരുന്നു രഘുകുലരാജാക്കന്മാര്‍. രാമനെ നോക്കൂ. സ്വന്തം മെതിയടി ഭരതനെ ഏല്പിച്ചിട്ട് നഗ്‌നപാദനായി കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതകള്‍ നടന്നുതീര്‍ക്കുകയായിരുന്നു ആ സര്‍വകാല പുരുഷോത്തമന്‍. ഒന്നോ രണ്ടോ ദിവസമല്ല, നീണ്ട 14 വര്‍ഷം!

രാമായണത്തിലെ ഏതുകഥാപാത്രമാണ് അധികപ്പറ്റ്? ആരുമില്ല. ജടായു, ആഞ്ജനേയന്‍, വിഭീഷണന്‍, വിഭീഷണപത്‌നിയായ സരമ തുടങ്ങി എല്ലാവരും ധര്‍മപക്ഷത്തുനിന്ന് നമുക്ക് പ്രേരണയും പ്രചോദനവുമാകുന്നു. ശ്രദ്ധാപൂര്‍വമായ അനുധാവനത്തിലൂടെ നമ്മളും പൂര്‍ണതനേടുന്നു.

അവതാരങ്ങള്‍ അദ്ഭുതങ്ങളല്ല, മാതൃകകളാണ്. രാമന്‍ നമുക്ക് ഭക്തിയോ അദ്ഭുതമോ അല്ല, പുരുഷോത്തമ ധര്‍മമാതൃകയാണ്. രാമാവതാരങ്ങള്‍ മൂന്നുണ്ട്. എങ്കിലും നമ്മള്‍ അയോധ്യയിലെ സിംഹാസനത്തിലും സ്വന്തം ഹൃദയസിംഹാസനത്തിലും പ്രതിഷ്ഠിച്ചത് ഒരേയൊരു രാമനെസാക്ഷാല്‍ ശ്രീരാമനെ! ധര്‍മരക്ഷയ്ക്ക് സഹകരിച്ച നിസ്സാരമായ ഒരു അണ്ണാന്‍കുഞ്ഞിനോടുപോലും ആ അവതാരപുരുഷന്‍ കാണിച്ച സ്‌നേഹമാവണം നമുക്ക് മാതൃക.
'അണ്ണാന്‍കുഞ്ഞിനെ നോക്കിനില്‍ക്കിലതിനെ
        ന്തുത്സാഹമാ,ണെപ്പൊഴും
തന്നാലായതു ചെയ്തു മാതൃകപുലര്‍
        ത്തീടുന്നു ജന്മംമുതല്‍!
മണ്ണാംമണ്ണതുമെയ്യിലേറ്റിയണകെ
        ട്ടീലേ? കരംകൊണ്ടെടു
ത്തന്നേ മൂവരയിട്ടു രാമഹൃദയം
        ലാളിച്ചതോര്‍ക്കുന്നു നാം'
അത്രയെങ്കിലുമായാല്‍ നമ്മള്‍ രാമസ്പര്‍ശത്തിന് അര്‍ഹരായി.

കര്‍മങ്ങളോട് കടംപറയുന്ന ഒരു ജനത ഒരുകാലത്തും രക്ഷപ്പെടില്ല. രാഷ്ട്രനിര്‍മിതിക്കുതകാത്ത പാഴ്‌വസ്തുക്കളാണവര്‍. ഒഴുകാത്ത പുഴയും കെട്ടിക്കിടക്കുന്ന വെള്ളവുമാവരുത് ജീവിതം. അത് സ്വയം ദുഷിക്കും. കര്‍മനൈരന്തര്യത്തിന്റെ ചടുലവും ചലനാത്മകവുമായ വഴിയാണ് രാമായണം തുറന്നിടുന്നത്. മാരീചനുപോലും അതിലൂടെ കടന്നുവരാമെങ്കില്‍, മെതിയടികള്‍ അഴിച്ചുെവച്ച് എന്തുകൊണ്ട് നമുക്കും ആ മണ്ണില്‍ ചവിട്ടിനടന്നുകൂടാ?

ഓരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ട്. അത് നിറവേറ്റിയേ തീരൂ. അതില്‍ കുറഞ്ഞോ കൂടുതലോ സാധ്യവുമല്ല. ഭര്‍ത്തൃഹരി പറയുന്നു: 'കുലാലന്‍ മൂന്നുനാഴി കൊള്ളുന്ന ഒരു കുടം ഉണ്ടാക്കുന്നുവെന്നു വെക്കുക. സമുദ്രത്തില്‍ മുക്കിയെടുത്താലും അതില്‍ മൂന്നുനാഴിയേ കൊള്ളൂ. അതാണ് അതിന്റെ വിധി!' വിധി തന്നെയായ ബ്രഹ്മദേവപ്രേരണയാലും ബ്രഹ്മപുത്രനായ നാരദപ്രചോദനത്താലും ആദികവി ലോകവിധിക്ക് അനുഷ്ടുപ്പില്‍ വാര്‍ത്ത അനന്വയശില്പമത്രേ രാമായണം.