ramayanamരിക്കലും വായിച്ചുതീരാത്ത, എഴുതിത്തീരാത്ത ഗ്രന്ഥങ്ങളെയാണ് നാം ഇതിഹാസം എന്നു വിളിക്കുന്നത്. ഓരോ കാലഘട്ടത്തിലും ഓരോ പുരുഷാന്തരത്തിലും ഓരോ പാരായണത്തിലും പുതിയ ലോകാനുഭവങ്ങളെ കൂട്ടിച്ചേര്‍ക്കുകയാണ് ഇതിഹാസങ്ങള്‍. എന്തിനാണൊരാള്‍ ആത്മാവിനെ തീവ്രമായി മഥിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങളിലേയ്ക്ക് കൂടെക്കൂടെ നടന്നുപോകുന്നത്? ഒരാള്‍ക്ക് അയാളുടെ ആന്തരികമരണത്തെ ഒഴിവാക്കാനോ നീട്ടിവെയ്ക്കാനോ ഇത്തരം  പാരായണങ്ങള്‍ നിശ്ചയമായും സഹായിക്കും. 

അനുഭവത്തിന്റെ പരിത്യാഗമാണ് രാമായണത്തിന്റെ സത്ത. ഏറ്റവും പ്രിയങ്കരമായതിനെ ഉപേക്ഷിക്കുന്നതിലും പരിത്യജിക്കുന്നതിലുമാണ് രാമന്‍ ആത്യന്തികമായി ആനന്ദിച്ചത്. രാമായണത്തിന്റെ സൗന്ദര്യരഹസ്യം അതിനുള്ളിലെ തീവ്രമായ ദുഃഖാനുഭവമാണ്.ഉത്കടമായ വ്യക്തിശോകത്തിന്റെ കടലില്‍ നാം നീന്തിത്തുടിക്കുന്നു. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് ദുഃഖത്തിലാണ് ഉറപ്പിച്ചിരിക്കുന്നതെന്ന് രാമായണം ബോദ്ധ്യപ്പെടുത്തും. 

ശോകത്താല്‍ ഹനിക്കപ്പെട്ടതാണ് ഈ ഭൂലോകവാസം എന്ന് പറഞ്ഞും പറയാതെയും രാമായണം നമ്മുടെ ഹൃദയങ്ങളെ ദംശിക്കുന്നു. 

രാമായണത്തിലെ എല്ലാ കഥാപാത്രങ്ങളെയും ഇരുളും വെളിച്ചവും ചൂതാടുന്നുണ്ട്. നന്മയുടെയും തിന്മയുടെയും ഏകാന്തദൃഷ്ടാന്തങ്ങളായി ആരുമില്ല. ആരെയും വിഗ്രഹവത്കരിച്ചിട്ടുമില്ല. ദുഃഖത്തിന്റെ, നഷ്ടങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകാത്ത ഒരു കഥാപാത്രവുമില്ല. 

സര്‍വ്വരെയും രമിപ്പിക്കാന്‍ പിറന്നവനെങ്കിലും സ്വയം രമിക്കാന്‍ കഴിയാത്തവന്റെ ദുരന്തനാമം കൂടിയാണ് ശ്രീരാമന്‍. എന്നാല്‍, ദുഃഖങ്ങളില്‍ പരിത്യാഗങ്ങളുടെ വലിയ ധീരതയുണ്ട്. ത്യജിക്കാനുള്ള സന്നദ്ധതയും സിദ്ധിയുമാണ് രാമജീവിതത്തിന്റെ സാരാംശം. രാമന്റെ ജ്ഞാനവീര്യം ദുഃഖംകൊണ്ട് പാകപ്പെട്ടതാണ്. രാജ്യപരിത്യാഗത്തില്‍ അതാരംഭിച്ചു. എന്നാല്‍, ആരണ്യകാണ്ഡത്തില്‍ സീത മോഷ്ടിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ രാമന്‍ എന്തെന്നില്ലാത്തവിധം പതറിപ്പോയി.   രാമന്‍ തന്റെ ദുഃഖത്തെപ്പറ്റി പറയുന്നത്, അത് അഗ്‌നിയെപ്പോലും ദഹിപ്പിക്കുമെന്നാണ്. മാരീചന്‍ കണ്ട സീത കത്തുന്ന തീനാളംപോലെയാണ്. 

രാമായണത്തില്‍ ഞാന്‍ വായിച്ച ഏറ്റവും ഹൃദയഭേദകമായ വരികള്‍ സീതാനഷ്ടത്തില്‍ വിലപിച്ചുഴലുന്ന രാമന്റെ വാക്കുകളാണ്. വാക്കുകളില്‍ വാവിട്ടുകരയുകയാണ് രാമന്‍. ഒരുപക്ഷേ, ജീവിതത്തില്‍ ഏറ്റവും പ്രിയമായത് നഷ്ടപ്പെട്ടവര്‍ക്ക് രാമവിലാപം ചങ്കുലയ്ക്കുന്നതായി അനുഭവപ്പെടും. സ്വകാര്യതയുടെ രക്തം തളിച്ചിട്ടുവേണം മഹാകാവ്യങ്ങള്‍ വായിക്കാനെന്ന് തോന്നിയിട്ടുണ്ട്. അതിജീവനത്തിന്റെ സാംസ്‌കാരികോര്‍ജ്ജം സംഭരിക്കാന്‍, എനിക്കുമാത്രമായി എഴുതപ്പെട്ടത് എന്ന അനുഭവം രാമായണത്തിന്റെ ആരണ്യകാണ്ഡം എനിക്ക് പകര്‍ന്നുതന്നു. 

മാരീചനെന്ന മാനില്‍ ഒട്ടിപ്പിടിച്ച തൃഷ്ണയാണ് സീതയുടെ നഷ്ടത്തിന് കാരണമായത്.

മാരീചനിഗ്രഹം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ സീത മോഷ്ടിക്കപ്പെട്ടുവെന്നറിഞ്ഞ് രാമന്‍ ദുഃഖാകുലനായി. ഹൃദയം പിളര്‍ത്തുന്ന സങ്കടങ്ങളുമായി രാമന്റെ ദാരുണമായ നിലവിളി രാമായണത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരില്‍ നനച്ചുകുതിര്‍പ്പിക്കും. ഹൃദയത്തിന്റെ ശ്രീകോവില്‍ നഷ്ടപ്പെട്ടവനെപ്പോലെ രാമന്‍ കണ്ണീരില്‍ക്കുളിച്ച്, സീതയോടൊപ്പം തങ്ങളുടെ പ്രണയകാലങ്ങളെ ഓര്‍ത്തോര്‍ത്ത് വാവിട്ടുകരയുകയാണ്. 

രാജ്യത്യാഗഘട്ടത്തില്‍ അത്രയേറെ സംയമനം പാലിച്ച രാമന്‍ ഇവിടെ നേര്‍വിപരീതമായി പെരുമാറുന്നു. എന്റെ സീത പൊയ്‌പ്പോയി എന്ന ദാരുണവും ഹൃദയംപിളര്‍ക്കും വിധവുമുള്ള ഉന്മാദാവസ്ഥയിലെത്തുന്നുണ്ട് രാമന്‍. നഷ്ടനായികയെക്കുറിച്ചുള്ള വിലാപവര്‍ണ്ണന മറ്റൊരു കാവ്യത്തിലും ഇത്രയും തീവ്രാഘാതത്തോടെ എഴുതിയതായി ഞാന്‍ വായിച്ചിട്ടില്ല.

ജീവിതപ്രശ്‌നങ്ങളില്‍ സമാനസന്ദര്‍ഭങ്ങളെ മഹാപുരുഷന്മാര്‍ നേരിടുന്നതെങ്ങനെയെന്ന് ധരിപ്പിക്കാനുള്ള ധര്‍മ്മബുദ്ധിയാണ് വാത്മീകി പ്രകടിപ്പിക്കുന്നത്. വിഭ്രാന്തികളില്‍ മനംതകര്‍ന്ന് വനശൈലങ്ങളിലും ഗിരിതാഴ്വരകളിലും പെരുങ്കാടുകളുലും ചുറ്റിനടന്ന് രാമന്റെ ശോകം ഒരു ചെറുതിരയായി തുടങ്ങി പ്രളയമായി സങ്കടങ്ങളുടെ പ്രക്ഷുബ്ധ സമുദ്രമായി മാറുകയാണ്. വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഭയന്നും ആ അശ്രുപ്രവാഹത്തിന് എത്രയോ ശ്രുതികള്‍. രാജ്യത്യാഗം, ബന്ധുവിരഹം, പിതൃമരണം തുടങ്ങിയ ഘട്ടങ്ങളില്‍ ഉണ്ടാകാത്തത്ര ശോകത്തിന്റെ ആഴം സീതാനഷ്ടത്തിലാണ് രാമന്‍ അനുഭവിച്ചത്. 
പതുക്കെപ്പതുക്കെ ആ ശോകധാര രാവണനോടുള്ള രോഷമായും തന്റെ കര്‍ത്തവ്യങ്ങളിലേയ്ക്കുള്ള ആത്മജ്ഞാനമായും പരിണമിക്കുന്നു. അഗ്‌നിയെപ്പോലും ദഹിപ്പിക്കുന്ന ദുഃഖത്തിന്റെ ചൂടില്‍നിന്ന് ധര്‍മ്മവിവേകത്തിലേയ്ക്കുള്ള പരിവര്‍ത്തനമാണ് രാമായണത്തിന്റെ തരംഗകാന്തി.