ramayanamഓരോ വ്യക്തിയോടും സവിശേഷമായ ഹൃദയബന്ധം സ്ഥാപിക്കാനുള്ള കഴിവാണ് രാമായണത്തിന്റെ സനാതന സ്വാധീനത്തിനാധാരം. ആദർശപുരുഷനായ ശ്രീരാമന്റെയും ഭൂമിപുത്രിയായ സീതയുടെയും ചരിതം മാത്രമല്ല. മനുഷ്യബന്ധങ്ങളുടെയും ദൗർബല്യങ്ങളുടെയും ചിത്രീകരണവുമാണ് രാമായണം. ധർമനിഷ്ഠ നിരന്തരം നേരിടുന്ന പരീക്ഷണങ്ങളുടെ കഥയാണത്. വേർപിരിയലുകളുടെയും അന്വേഷണങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും ആഖ്യാനവുമാണ്.

നീതിമാനും ധർമപ്രബുദ്ധനുമായിരുന്നെങ്കിലും രാമന്റെ ജീവിതത്തിൽ പരീക്ഷണങ്ങളും പ്രതിസന്ധികളും വിട്ടുമാറിയില്ല. അവ ചാഞ്ചല്യമില്ലാതെ നേരിട്ടതിലൂടെയാണ് രാമൻ അമരത്വവും ദിവ്യത്വവും ആർജിക്കുന്നത്. എല്ലാ യോഗ്യതയും ഒത്തിണങ്ങിയിട്ടും പ്രജകൾക്കും പൗരമുഖ്യർക്കും അഭിമതനായിട്ടും തന്റെ ഇച്ഛയ്ക്കനുസൃതമായി രാമനെ അഭിഷിക്തനാക്കാൻ ദശരഥമഹാരാജാവിന് സാധിക്കുന്നില്ല. അഭിഷേകത്തിന്റെ ഒരുക്കങ്ങൾ മൂർധന്യത്തിലെത്തിയപ്പോഴാണ് വനവാസമെന്ന വൈപരീത്യം വന്നുഭവിക്കുന്നത്. ആരും മോഹിതരായിപ്പോവുന്ന പശ്ചാത്തലസൃഷ്ടി കവി മനഃപൂർവം നടത്തുകയാണ്. പരീക്ഷണത്തിന്റെ പാരുഷ്യം പെരുപ്പിക്കാൻ.

മറ്റാർക്കും പൊരുത്തപ്പെടാനാവാത്ത ഈ അട്ടിമറിയോട് രാമൻ സ്ഥിതപ്രജ്ഞനായി അനായാസമായി പ്രതികരിക്കുന്നു. 
ചെറുതും വലുതുമായ പ്രലോഭനങ്ങളിൽ വീണുപോകുന്നവരുടെ ദുരന്തം നമ്മൾ നിത്യവും കാണുന്നുണ്ടല്ലോ. സമകാലികജീവിതത്തിലെ ദുരന്തങ്ങൾക്കും പതനങ്ങൾക്കും പിന്നിൽ പ്രലോഭനങ്ങളെ പ്രതിരോധിക്കുവാനുള്ള ബലഹീനതയുടെ കൈപ്പാട് കാണാം. 

വനത്തിൽവെച്ച്‌ സീത അപഹരിക്കപ്പെടുന്നു. ആൾബലവും അർഥബലവുമില്ലാത്ത രാമൻ, അതിബലവാനും പരാക്രമിയുമായ ലങ്കാധിപനെ എങ്ങനെ നിഗ്രഹിക്കും? ധർമപത്നിയെ വീണ്ടെടുക്കാനും അധർമത്തിന്റെ അഹന്തയ്ക്ക് അറുതിവരുത്താനുമായി സഖ്യങ്ങളും സഖ്യങ്ങളിലെ ഉപാധികളും അനിവാര്യമായിത്തീരുന്നു. അത്യന്തം ക്ലേശഭരിതമായ ജീവിതസന്ദർഭങ്ങളിലൂടെ കടന്നുപോകുമ്പോഴും ചെയ്യേണ്ടതൊക്കെയും തികഞ്ഞ നിഷ്ഠയോടെ ചെയ്യാൻ ശ്രീമാന് സാധിക്കുന്നു.

ആത്യന്തികമായി രാജനീതിയെക്കുറിച്ചുള്ള ഇതിഹാസമാണ് രാമായണം. ദശരഥന്റെ മരണവാർത്ത ഭരതനിൽ നിന്നറിയുന്ന രാമൻ വനവാസം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കിലും ഭരണത്തുടർച്ചയ്ക്കുള്ള ക്രമീകരണം ചെയ്യുന്നുണ്ട്. ഭരതനാണെങ്കിൽ ‘ഇദം ന മമ’ എന്ന അനാസക്തി കലർന്ന നിഷ്ഠയോടെ ജ്യേഷ്ഠനുവേണ്ടി ഭരണം നടത്തുന്നു. അതും പതിന്നാലു സംവത്സരം കഴിയുന്ന അന്നേദിവസം വരെ മാത്രം. സംഭവബഹുലവും പരീക്ഷണസങ്കുലവുമായ അയനം എന്ന നിലയ്ക്ക്, രാമരാജ്യം യാഥാർഥ്യമാവുന്നതോടെ രാമായണത്തിന്റെ രാഷ്ട്രീയലക്ഷ്യം ഫലശ്രുതിയിലെത്തുന്നു.

എന്നാൽ കാവ്യം അവിടെ അവസാനിക്കുന്നില്ല. തന്നോടൊപ്പം വനത്തിലേക്ക്‌ പുറപ്പെട്ട, എല്ലാം അനുഭവിച്ച അവികലയായ സീതയ്ക്കെതിരേ പ്രജകൾ ചാരിത്ര്യദോഷമാരോപിച്ചപ്പോൾ, ശ്രീരാമനെ മറ്റൊരഗ്നിപരീക്ഷയ്ക്ക് കർമഗതി തള്ളിവിടുകയായിരുന്നു. ആധുനിക യുക്തികൾ കൊണ്ട്‌ സീതാപരിത്യാഗത്തെ വിമർശിക്കാം. പക്ഷേ, ആ ത്രേതായുഗസന്ദർഭത്തിന്റെ സാന്ദ്രനൊമ്പരത്തെ നിഷേധിക്കാൻ കഴിയുമോ?

ത്യാഗത്തെ നിഷ്കാസനംചെയ്ത് ഭോഗം അരങ്ങുവാഴുമ്പോൾ അധികാരം ദുഷിക്കും. വിഹിതവും അവിഹിതവുമായ സർവസുഖങ്ങളോടുമുള്ള ആസക്തിയാണല്ലോ അധികാരദുർവിനിയോഗത്തിനും അഴിമതിക്കും ഹേതു. ത്യാഗം കൊണ്ട് തിളങ്ങേണ്ട അധികാരക്കസേരകൾ ദുരകൊണ്ടും സുഖാസക്തികൊണ്ടും കളങ്കിതമാകുമെന്ന് രാമായണം ദീർഘദർശനം ചെയ്യുന്നു.

ഭോഗത്തിനായ്‌ക്കൊണ്ട് കാമിക്കയും വേണ്ട ഭോഗം വിധികൃതം വർജിക്കയും വേണ്ട എന്ന് തുഞ്ചത്താചാര്യൻ രാമായണത്തിന്റെ കാലാതീത തത്ത്വം സമുചിതമായി സംക്ഷേപിച്ചിരിക്കുന്നു. മതിഭ്രമത്തിനെതിരേ നിത്യോപാസനയ്ക്കുള്ള രാമായണമന്ത്രമാണത്.