പരിത്യാഗത്തോടെ സീതയുടെ ജന്മത്തിന്റെ സംഭവബഹുലമായ ഒരുഘട്ടം കഴിഞ്ഞു. ബോധരഹിതയായി വനമധ്യത്തിൽ കിടന്ന സീതയെ വാല്‌മീകി മഹർഷി കാണുകയും ആശ്വസിപ്പിച്ച് ആശ്രമത്തിൽ പാർപ്പിക്കുകയും ചെയ്യുന്നു. പിതൃ-പുത്രീ നിർവിശേഷമായ മറ്റൊരു മമതാബന്ധത്തിന് അവിടെ അരങ്ങൊരുങ്ങുകയാണ്. കഥമുഴുവൻ മനസ്സിലാക്കിയ മഹർഷിക്ക് കോപമുണ്ടായി എന്നത് നേര്. എന്നാൽ വിവേകിയായ ഋഷിക്കറിയാം രാമന്റെ മനസ്സല്ല, ജനസമൂഹത്തിന്റെ മനസ്സുമാറ്റിയാലേ സീതയ്ക്കു ഭവിച്ച അപമാനഭാരത്തിൽനിന്നും മോചനമുള്ളൂവെന്ന്. സീതാദുഃഖം ഊറിക്കൂടി ഘനീഭവിച്ച മനസ്സുമായി നടക്കുമ്പോഴാണ് ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വനവേടൻ അമ്പെയ്തുവീഴ്ത്തിയത് കാണുന്നത്. അങ്ങനെ ഇണയെ വേർപെട്ട പക്ഷിയുടെ ദുഃഖം രാമായണരചനയുടെ രാസത്വരകമായി. ശോകത്തിൽനിന്നും ആദിശ്ലോകം പിറന്നു. രാമായണം രചിക്കപ്പെട്ടു. സീതാചരിതത്തിൽനിന്നും അപവാദത്തിന്റെ ഏടുകൾ മായ്ച്ചുകളഞ്ഞ് സീതയെന്തെന്ന്, അവളുടെ സത്യനിഷ്ഠയെന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാനായി രചിക്കപ്പെട്ട രാമായണം എക്കാലത്തെയും മികച്ച സ്ത്രീപക്ഷ കൃതികൂടിയാണ്. 

വീരരും വിവേകികളുമായിരുന്നു ലവകുശന്മാർ. സീതാപുത്രന്മാരെയും കൂട്ടി വാല്മീകിമഹർഷി നൈമിശാരണ്യത്തിലെ യജ്ഞശാലയിലെത്തി. രാമായണം ചൊല്ലിക്കേട്ട രാമൻ അതീവദുഃഖിതനാവുകയും സീതയെ കൂട്ടിക്കൊണ്ടുവരുവാൻ കല്പിക്കുകയും ചെയ്യുന്നു. ഋഷിയെ പിന്തുടർന്ന് മുഖംകുനിച്ച് യജ്ഞശാലയിലെത്തിയ സീതയുടെ മിഴികൾ രാമനിൽ തറഞ്ഞുനിന്നിരുന്നു. ജനാപവാദത്തിനെതിരേ തന്റെ അനേകായിരത്താണ്ടുകളുടെ തപോഫലത്തെ സീതയുടെ സത്യത്തിനായി മുനി സാക്ഷ്യംവെയ്ക്കുന്നുണ്ട്. എന്നിട്ടും രാമനുവേണ്ടത് അഗ്നിശുദ്ധി പോലെയുള്ള അഭൗമമായ തെളിവായിരുന്നു. ‘‘സീത ശുദ്ധസമാചാരയും വീതകൽമഷയുമാണെങ്കിൽ മഹാമുനിയുടെ അനുമതിയോടെ ഇവിടെ ആത്മശുദ്ധി ചെയ്യട്ടെ. അങ്ങനെ എന്റെ തെറ്റുകൾ മൈഥിലി കഴുകിക്കളയട്ടെ’’ -എന്നാണ് കല്പനയുണ്ടായത്. ജനങ്ങളെ വിശ്വസിപ്പിച്ചുകൊണ്ട് ഇനിയുമൊരു വാഴ്ചയ്ക്കാഗ്രഹമില്ലാത്തതിനാൽ ‘ഭൂമീദേവി എനിക്കിടം തരണേ’ എന്നു പ്രാർഥിക്കുകയാണ് സീത ചെയ്തത്. 

ഒരുവാക്കുരിയാടാതെ പരിത്യജിച്ച രാമനുനേരെ സീത പരിഭവിക്കുന്നില്ല. ആയിരം വാക്കുകളെക്കാൾ ശക്തിയുള്ള ഈ മഹാമൗനം രാമനെ എത്ര ആഴത്തിലാവും എത്ര കാലത്തോളമാവും വേട്ടയാടിയിട്ടുണ്ടാവുക! ആശ്രമവാസത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും സീത ആർജിച്ച വാക്ശുദ്ധിയും മനഃപാകവുമാണിത്. അതേസമയം ആശാന്റെ സീത ചിന്തിക്കുന്നുണ്ട്;

‘‘അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവൻ
കരുതുന്നോ? ശരി! പാവയോയിവൾ?
അനഘാശയ! ഹാ! ക്ഷമിക്ക! എൻ-
മനവും ചേതനയും വഴങ്ങിടാ;
നിനയായ്ക മറിച്ചു, പോന്നിടാം
വിനയത്തിന്നു വിധേയമാമുടൽ!’’

കുമാരനാശാനോളം സീതയുടെ മനസ്സുതൊട്ട മറ്റൊരു മലയാളകവിയില്ല. വാല്മീകിയുടെ സീതയുടെ ചൈതന്യം തന്നെയാണ് ആശാന്റെ സീതയിലും ഒളിവിതറുന്നത്. വാല്മീകിയെ കാളിദാസനും കാളിദാസനെ കുമാരനാശാനും ആത്മസാത്‌കരിക്കുകയാണ് യഥാർഥത്തിൽ സംഭവിച്ചിരിക്കുന്നത് എന്നതിന് രഘുവംശവും ചിന്താവിഷ്ടയായ സീതയും സാക്ഷി. എഴുത്തച്ഛനാവട്ടെ വാല്മീകി സൃഷ്ടിച്ച മനുഷ്യനായ രാമനെ ഈശ്വരനായി ആരാധിച്ചതുവഴി സീതാപക്ഷത്ത് ചില മൗനങ്ങൾ സൂക്ഷിക്കേണ്ടിവന്നു.