കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കൊട്ടിയൂര്‍ പെരുമാളിന് ഇളനീര്‍ക്കാവുകള്‍ സമര്‍പ്പിച്ചു. 180 മഠങ്ങളില്‍നിന്ന് ഏഴായിരത്തോളം ഇളനീര്‍ക്കാവുകളാണ് സമര്‍പ്പിച്ചത്. വെള്ളിയാഴ്ച രാത്രി ശ്രീഭൂതബലിക്ക് ശേഷം കാര്യത്ത് കൈക്കോളന്‍ ഇളനീര്‍വെപ്പിനായി കിഴക്കേനടയില്‍ തട്ടും പോളയും വെച്ചതോടെയാണ് ഇളനീര്‍വെപ്പിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്.

ഈ സമയം മന്ദംചേരിയില്‍ കാത്തുനിന്ന ഇളനീര്‍ഭക്തര്‍ ശരീരമാസകലം എണ്ണപുരട്ടി ഗുരുക്കന്മാരെ വണങ്ങി ഇളനീര്‍ക്കാവുകളുമായി നീങ്ങാന്‍ തയ്യാറായി. രാശിമുഹൂര്‍ത്തമായതോടെ വലതുതോളില്‍ കാവുകള്‍ ഏറ്റുവാങ്ങി മന്ദംചേരിയില്‍ കുളിച്ച് അക്കരെ സന്നിധാനത്തിലേക്ക് കുതിച്ചു. എരുവട്ടി, കുറ്റിയാന്‍, കുറ്റിയാടി തണ്ടയാന്മാരുടെ നേതൃത്വത്തിലാണ് ഇളനീര്‍ക്കാവുകള്‍ അക്കരെ സന്നിധാനത്തിലെത്തിച്ചത്.

ഇളനീര്‍ക്കാവുകാരുടെ ദേവതയായ കിരാതമൂര്‍ത്തി പ്രത്യേക വേഷങ്ങളോടെ എരുവട്ടിക്കാവില്‍നിന്ന് ഇളനീര്‍ക്കാരെ നയിച്ച് കൊട്ടിയൂരിലെത്തിച്ചു.

പെരുമാളിന് മുന്നില്‍ സമര്‍പ്പിച്ച ആയിരക്കണക്കിന് ഇളനീരുകള്‍ കൊത്തി ഭഗവാന് അഭിഷേകം ചെയ്യുന്ന ഇളനീരാട്ടം ശനിയാഴ്ച അര്‍ധരാത്രിയോടെ നടക്കും. ശനിയാഴ്ച കാലത്തുമുതല്‍ കൈക്കോളന്മാര്‍ ഇളനീരുകള്‍ ചെത്തി അഭിഷേകത്തിനായി മുഖമണ്ഡപത്തിലേക്ക് ഒരുക്കിവെക്കും.
 
ആരാധനകളില്‍ രണ്ടാമത്തെ ആരാധനയായ അഷ്ടമിയാരാധനയും ശനിയാഴ്ചയാണ്. രാത്രി കൊട്ടേരിക്കാവില്‍നിന്ന് കൊട്ടേരി മുത്തപ്പനും മലോം ദൈവസ്ഥാനത്തുനിന്ന് ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള കുറിച്യ യോദ്ധാക്കളും ഓടപ്പന്തവുമായി അട്ടഹാസത്തോടെ ക്ഷേത്രത്തിലേക്ക് കുതിക്കും. ശിവന്റെ ഭൂതഗണങ്ങള്‍ യാഗം കലക്കാനെത്തിയതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

തുടര്‍ന്ന് ദേവസ്ഥാനത്തെത്തുന്ന മുത്തപ്പന് അരി ചൊരിഞ്ഞ് മടക്കിയ ശേഷമാണ് ഇളനീരാട്ടത്തിനുള്ള രാശി വിളിക്കുക. പാലോന്നം നമ്പൂതിരി തുടര്‍ച്ചയായി രാശി വിളിക്കുന്നതോടെ ഇളനീര്‍ അഭിഷേകം തുടങ്ങും. ഉഷ കാമ്പ്രം നമ്പൂതിരിയാണ് അഭിഷേകം നടത്തുന്നത്. ഓരോ ഇളനീരും അഭിഷേകം ചെയ്തശേഷം ഇളനീര്‍തൊണ്ടുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.